മദ്യ വിവാദത്തില്‍ തിരിച്ചടിച്ച് എല്‍.ഡി.എഫ്; 2003ല്‍ ആന്റണി സര്‍ക്കാര്‍ ബ്രൂവെറി അനുവദിച്ചതിന്റെ രേഖ പുറത്ത്

single-img
30 September 2018

ബ്രൂവറി വിവാദത്തില്‍ പ്രതിപക്ഷത്തിനെതിരെ തിരിച്ചടിച്ച് എല്‍.ഡി.എഫ്. 2003ല്‍ എ.കെ ആന്റണി മുഖ്യമന്ത്രിയായിരിക്കെ ഒരു ബ്രൂവറിക്ക് അനുമതി നല്‍കിയത് ചൂണ്ടിക്കാട്ടിയാണ് പ്രത്യാക്രമണം. 1999ന് ശേഷം ഡിസ്റ്റിലറികള്‍ക്കും ബ്രൂവറികള്‍ക്കും അനുമതി നല്‍കിയിട്ടില്ലെന്നാണ് ബ്രൂവറി വിവാദത്തില്‍ പ്രതിപക്ഷ നേതാവ് ഉന്നയിച്ച പ്രധാന ആരോപണം.

എന്നാല്‍ 2003ല്‍ ബ്രൂവറിക്ക് അനുമതി നല്‍കിയത് ചൂണ്ടിക്കാട്ടിയാണ് എല്‍.ഡി.എഫ് പ്രതിരോധം. 2003 ഓഗസ്റ്റ് അഞ്ചിന് തൃശൂര്‍ ചാലക്കൂടിയിലെ മുകുന്ദപുരം താലൂക്കില്‍ ബ്രൂവറി അനുവദിച്ച് കൊണ്ടുള്ള എക്‌സൈസ് കമ്മിഷണറുടെ ഉത്തരവിന്റെ പകര്‍പ്പാണ് പുറത്തുവന്നത്.

15,000 രൂപ ഫീസടച്ചാണ് മലബാര്‍ ബ്രുവറീസ് ലിമിറ്റഡ് ലൈസന്‍സ് നേടിയത്. വിനോദ് റായിയുടെ ഉത്തരവാണ് ബ്രൂവറി അനുവദിക്കുന്നത് തടഞ്ഞുകൊണ്ടുള്ള ആധികാരിക ഉത്തരവെങ്കില്‍ അത് ആന്റണി സര്‍ക്കാര്‍ തന്നെ ലംഘിച്ചു എന്ന് വ്യക്തമാക്കുന്നതാണ് ഈ രേഖകള്‍. സര്‍ക്കാരിനെതിരെയുള്ള പ്രതിപക്ഷ ആരോപണങ്ങളുടെ മൂര്‍ച്ച കുറക്കുന്നതാണ് ഈ തെളിവുകള്‍.

അതിനിടെ ബ്രൂവറി വിഷയത്തില്‍ നിലപാട് ആവര്‍ത്തിച്ച് എക്‌സൈസ് മന്ത്രി ടി.പി.രാമകൃഷ്ണന്‍. സംസ്ഥാനത്തു പുതുതായി മൂന്നു ബ്രൂവറികളും ഒരു ഡിസ്റ്റിലറിയും അനുവദിച്ചതില്‍ ചട്ടലംഘനമില്ലെന്നു മന്ത്രി പറഞ്ഞു. പ്രതിപക്ഷം അനാവശ്യ വിവാദങ്ങള്‍ സൃഷ്ടിക്കുകയാണ്.

ഈ വിഷയത്തില്‍ വ്യവസായ വകുപ്പുമായി ഭിന്നതയില്ല. ബ്രൂവറികള്‍ അനുവദിക്കുന്നതില്‍ സര്‍ക്കാര്‍ അനാവശ്യ ഇടപെടലുകള്‍ നടത്തിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ ഡിസ്റ്റിലറി അനുമതിയില്‍ എക്‌സൈസ് കമ്മിഷണറുടെ മുന്നറിയിപ്പ് സര്‍ക്കാര്‍ അവഗണിച്ചതിന് തെളിവുകള്‍ പുറത്തുവന്നു.

പുതിയ ഡിസ്റ്റിലറികള്‍ക്കു നയതീരുമാനം വേണമെന്ന് എക്‌സൈസ് കമ്മിഷണര്‍ ഋഷിരാജ് സിങ് ഫയലില്‍ കുറിച്ചിരുന്നു. ബ്രൂവറിക്കും ഡിസ്റ്റിലറിക്കുമായി ലഭിച്ച അപേക്ഷയോടൊപ്പം ഇക്കാര്യം കൂടി ചൂണ്ടിക്കാട്ടിയാണ് കമ്മിഷണര്‍ ഫയല്‍ സര്‍ക്കാരിനു കൈമാറിയത്.

പുതിയ ബ്രൂവറികള്‍ അനുവദിക്കുന്നതിന് 1999–ലെ സര്‍ക്കാര്‍ ഉത്തരവ് തടസ്സമാണെന്നും അദ്ദേഹം രേഖപ്പെടുത്തിയിരുന്നു. എന്നാല്‍ പഴയ ഉത്തരവ് പഴയ അപേക്ഷകള്‍ക്കു മാത്രം ബാധകമെന്ന നിലപാടാണ് സര്‍ക്കാര്‍ സ്വീകരിച്ചത്. നയംമാറ്റം പരസ്യപ്പെടുത്തണമെന്ന മാനദണ്ഡവും പാലിച്ചില്ല.

അതേസമയം എക്‌സൈസ് മന്ത്രി രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് ഈയാഴ്ച സെക്രട്ടേറിയറ്റിലേക്ക് മാര്‍ച്ച് നടത്തും. എട്ടാം തീയതി രാജ്ഭവന് മുന്നില്‍ കോണ്‍ഗ്രസും ജില്ലാ നിയോജകമണ്ഡലം തലങ്ങളില്‍ പതിനൊന്നിനും പതിനഞ്ചിനും യുഡിഎഫും ധര്‍ണ സംഘടിപ്പിച്ചിട്ടുണ്ട്.