ലോകത്തെ ആദ്യത്തെ പറക്കും കാര്‍ ഖത്തറില്‍ പറന്നുയര്‍ന്നു

single-img
29 September 2018


ലോകത്തെ ആദ്യ പറക്കും കാറിന്റെ പരീക്ഷണ പറക്കല്‍ ഖത്തറില്‍ നടന്നു. മൊബൈല്‍ സേവനദാതാക്കളായ ഉരീദുവാണ് ഫൈവ് ജി നെറ്റ്‌വര്‍ക്ക് ഉപയോഗിച്ചുള്ള ലോകത്തെ ആദ്യ ഫഌിങ് ടാക്‌സി ദോഹയില്‍ വിജയകരമായി പരീക്ഷിച്ചത്. അഞ്ച് വര്‍ഷത്തിനകം ഫഌിങ് ടാക്‌സികള്‍ വാണിജ്യാടിസ്ഥാനത്തില്‍ സര്‍വീസിന് ഇറക്കാനുള്ള നീക്കങ്ങള്‍ യൂബര്‍ അടക്കമുള്ള വിവിധ കമ്പനികള്‍ തുടരവേയാണ് പറക്കും ടാക്‌സിയുടെ ആദ്യ പരീക്ഷണ പറക്കല്‍.

ഡ്രൈവറുടെ ആവശ്യമില്ലാത്ത ലോകത്തെ ആദ്യ ഫഌിങ് ടാക്‌സിയുടെ പരീക്ഷണപ്പറക്കലായിരുന്നു ദോഹയിലെ പേള്‍ ഖത്തറില്‍ നടന്നത്. ഫൈവ് ജി നെറ്റ്‌വര്‍ക്ക് ഉപയോഗിച്ചുള്ള ഫഌിങ് ടാക്‌സിയുടെ വേഗവും ശക്തിയും അളക്കുന്നതിന്റെ ഭാഗമായിട്ടായിരുന്നു പരീക്ഷണപ്പറക്കല്‍. ഡ്രൈവറില്ലാതെ രണ്ട് പേര്‍ക്ക് പറക്കും കാറില്‍ യാത്ര ചെയ്യാം. ചെറിയ റിമോട്ട് കണ്‍ട്രോള്‍ ഉപയോഗിച്ചോ മൊബൈല്‍ ഉപയോഗിച്ചോ കാറിനെ നിയന്ത്രിക്കാനാവും.

പറക്കും കാറിന് പുറമെ ഫൈവ്ജി ബസ്, ഫൈവ് ജി ഹൗസ് ബോട്ട്, ഫൈവ് ജി ഡ്രോണ്‍ സേവനങ്ങള്‍ എന്നിവയും ഭാവിയില്‍ ലഭ്യമാക്കാന്‍ ഉറീദുവിന് പദ്ധതിയുണ്ട്. യാത്രാ രംഗത്തും വിനോദ മേഖലയിലും വിപ്ലവകരമായ മാറ്റങ്ങളാകും ഫൈവ് ജി വരുന്നതോടെ യാഥാര്‍ത്ഥ്യമാകുന്നതെന്നാണ് വിദഗ്ദ്ധരുടെ വിലയിരുത്തല്‍.