23 സിക്‌സ്, 15 ബൗണ്ടറി; 148 പന്തില്‍ 257 റണ്‍സ്: അമ്പരിപ്പിക്കുന്ന പ്രകടനവുമായി ഓസ്‌ട്രേലിയന്‍ താരം ഡാന്‍സി ഷോര്‍ട്ട്.

single-img
29 September 2018

ഏകദിനക്രിക്കറ്റില്‍ അമ്പരിപ്പിക്കുന്ന പ്രകടനവുമായി ഓസ്‌ട്രേലിയന്‍ താരം ഡാന്‍സി ഷോര്‍ട്ട്. ജെ.എല്‍.ടി കപ്പ് മത്സരത്തില്‍ ക്വീന്‍സ്ലന്‍ഡിനെതിരെയാണ് തകര്‍പ്പന്‍ ഇരട്ട സെഞ്ച്വറി നേടിയാണ് ഡാന്‍സി അവിശ്വസനീയ നേട്ടം സ്വന്തം പേരിലാക്കിയത്. വെസ്റ്റേണ്‍ ഓസ്‌ട്രേലിയന്‍ താരമായ ഡാര്‍സി ഷോര്‍ട്ട് 148 പന്തിലാണ് 257 റണ്‍സ് നേടിയത്. 15 ഫോറും 23 സിക്‌സും അടിച്ചുകൂട്ടിയ ഡാന്‍സി ലിസ്റ്റ് എ ക്രിക്കറ്റിലെ ഏറ്റവും ഉയര്‍ന്ന മൂന്നാമത്തെ സ്‌കോര്‍ എന്ന നേട്ടം സ്വന്തമാക്കി. ബൗണ്ടറികളില്‍ നിന്ന് മാത്രം 198 റണ്‍സ് അടിച്ചുകൂട്ടിയ ഡാന്‍സിയുടെ ബാറ്റിന്റെ ചൂട് ക്വീന്‍സ്ലന്‍ഡിന്റെ ബൗളര്‍ നന്നായി അറിയുകയും ചെയ്തു.

ഒരു ഘട്ടത്തില്‍ ലിസ്റ്റ് എ ക്രിക്കറ്റിലെ ഏറ്റവും ഉയര്‍ന്ന സ്‌കോര്‍ ഷോര്‍ട്ട് സ്വന്തമാക്കുമെന്ന് കരുതിയെങ്കിലും 46–ാം ഓവറില്‍ ഡാന്‍സി പുറത്തായി. മാത്യൂ കുനിമാന് വിക്കറ്റ്. ഷോര്‍ട്ടിന്റെ ഗംഭീരപ്രകടനത്തിന്റെ ബലത്തില്‍ 47 ഓവറില്‍ 387 റണ്‍സാണ് ആദ്യം ബാറ്റ് ചെയ്ത വെസ്‌റ്റേണ്‍ ഓസ്‌ട്രേലിയ സ്വന്തമാക്കിയത്. 268 റണ്‍സ് നേടിയ ഇംഗ്ലണ്ട് താരം അലി ബ്രൗണ്‍ ആണ് ലിസ്റ്റ് എ ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന റണ്‍സ് നേടിയ താരം 264 റണ്‍സെടുത്ത ഇന്ത്യന്‍ താരം രോഹിത് ശര്‍മ്മ തൊട്ടുപുറകെയുണ്ട്.