Movies

ഇര്‍ഫാന്റെ മുഖത്ത് ഭാവങ്ങള്‍ വരുന്നതിന് തന്നോടു വസ്ത്രമഴിച്ച് നൃത്തം ചെയ്യാന്‍ സംവിധായകന്‍ ആവശ്യപ്പെട്ടു: വിവാദ വെളിപ്പെടുത്തലുമായി നടി തനുശ്രീ ദത്ത

മുതിര്‍ന്ന ബോളിവുഡ് നടന്‍ നാനാ പടേക്കര്‍ക്കെതിരെ ലൈംഗീക ആരോപണം ഉന്നയിച്ചതിനു പിന്നാലെ വീണ്ടും വിവാദ വെളിപ്പെടുത്തലുമായി നടി തനുശ്രീ ദത്ത. സംവിധായകന്‍ വിവേക് അഗ്‌നിഹോത്രിക്കെതിരെയാണ് നടി ഇപ്പോള്‍ രംഗത്തെത്തിയിരിക്കുന്നത്.

2005 ല്‍ പുറത്തിറങ്ങിയ ചോക്‌ളേറ്റ് എന്ന സിനിമയുടെ ചിത്രീകരണ വേളയില്‍ നേരിട്ട കയ്‌പേറിയ അനുഭവം തുറന്നു പറഞ്ഞാണ് തനുശ്രീ വീണ്ടും ബോളിവുഡിനെ ഞെട്ടിച്ചിരിക്കുന്നത്. ഇര്‍ഫാന്‍ ഖാന്റെ ക്‌ളോസ് അപ്പ് രംഗമായിരുന്നു ഷൂട്ട് ചെയ്യേണ്ടിയിരുന്നത്.

ആ സീനില്‍ ഇല്ലാതിരുന്നിട്ടും തന്നെ വിളിച്ചു വരുത്തി. ഇര്‍ഫാന്റെ മുഖത്ത് ഭാവങ്ങള്‍ വരുന്നതിന് തന്നോടു വസ്ത്രമഴിച്ച് നൃത്തം ചെയ്യാന്‍ സംവിധായകന്‍ ആവശ്യപ്പെട്ടു. ഇതു കേട്ട് താന്‍ ഞെട്ടിപ്പോയി. ഇര്‍ഫാനും അനിഷ്ടം തുറന്നു പറഞ്ഞു. തനിക്കു ഭാവം വരാന്‍ നടി വസ്ത്രം അഴിക്കേണ്ടതില്ലെന്നു ഇര്‍ഫാന്‍ പറഞ്ഞു.

എന്റെ ക്‌ളോസപ്പ് രംഗം എങ്ങനെ ഷൂട്ട് ചെയ്യണമെന്ന് എനിക്കറിയാം. അഭിനയിക്കാനും അറിയാം എന്നായിരുന്നു ഇര്‍ഫാന്റെ വാക്കുകള്‍. ഇര്‍ഫാന്റെ ഈ നിലപാട് എന്നില്‍ ഏറെ മതിപ്പുളവാക്കി. സുനില്‍ ഷെട്ടിയും സംഭവം നടക്കുമ്പോള്‍ അവിടുണ്ടായിരുന്നു. അദ്ദേഹവും തന്നെ പിന്തുണച്ചു. ഇതു പോലെ നല്ല വ്യക്തികളും സിനിമാ മേഖലയിലുണ്ട്.

നടന്‍ നാനാ പടേക്കറുടെ ലൈംഗിക അതിക്രമത്തിനു താന്‍ ഇരയായിട്ടുണ്ടെന്ന് തനുശ്രീ ദത്ത നേരത്തെ വെളിപ്പെടുത്തിയിരുന്നു. അതേസമയം തനുശ്രീയുടെ വെളിപ്പെടുത്തല്‍ നിഷേധിച്ചു കൊണ്ട് നാനാ പടേക്കര്‍ രംഗത്തെത്തി. പൊട്ടിച്ചിരിച്ചു കൊണ്ടാണ് പടേക്കര്‍ മറുപടി പറഞ്ഞത്.

നൂറോളം പേരുടെ മുന്നില്‍ വെച്ച് ഞാന്‍ എന്ത് പീഡനം നടത്താനാണ്, ഇവര്‍ക്ക് ഞാന്‍ എന്ത് മറുപടിയാണ് കൊടുക്കേണ്ടത്. ഇതിനെ കുറിച്ച് കൂടുതല്‍ സംസാരിക്കുന്നത് വെറുതേയാണ്. ഇതിനെ നിയമപരമായി നേരിടാനാണ് ഞാന്‍ തീരുമാനിച്ചിരിക്കുന്നത്. ഞാന്‍ എന്റെ തൊഴില്‍ ചെയ്ത് പോവും ആളുകള്‍ എന്ത് വേണമെങ്കിലും പറയട്ടെ. നാനാ പടേക്കര്‍ പറഞ്ഞു. ടൈംസിന് നല്‍കിയ ടെലിഫോണ്‍ അഭിമുഖത്തിലാണ് നാനാ പടേക്കര്‍ ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.

സൂം ടീവിയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് തനുശ്രീ നാനാ പടേക്കറുടെ പേര് വെളിപ്പെടുത്തിയത്. പത്ത് വര്‍ഷം മുമ്പ് നടന്ന ഈ സംഭവം ഇന്‍ഡസ്ട്രിയില്‍ എല്ലാവര്‍ക്കും അറിവുള്ളതാണെന്നും എന്നാല്‍ ആരും തന്നെ ചെറുവിരല്‍ പോലും അനക്കിയില്ലെന്നും തനുശ്രീ പറഞ്ഞു.

അതേസമയം, അക്ഷയ് കുമാര്‍, രജനീകാന്ത് തുടങ്ങിയവരുടെ പേര് എടുത്ത് പറഞ്ഞ് തനുശ്രീ വിമര്‍ശിക്കുകയും ചെയ്തു. എ ലിസ്റ്റഡ് നടന്മാര്‍ നാനാ പടേക്കറെ പോലുള്ള ആളുകളെ ബഹിഷ്‌കരിച്ചാല്‍ മാത്രമെ മികച്ച തൊഴില്‍ അന്തരീക്ഷം സൃഷ്ടിക്കപ്പെടുകയുള്ളു എന്നും അവര്‍ പറഞ്ഞു.

കൊറിയോഗ്രാഫര്‍ ഗണേഷ് ആചാര്യ, നിര്‍മ്മാതാവ് സാമി സാദിഖി, സംവിധായകന്‍ രാകേഷ് സാരംഗ് എന്നിവര്‍ക്കെതിരെയും തനുശ്രീ ആരോപണമുന്നയിക്കുന്നുണ്ട്. ഇമ്രാന്‍ ഹാഷ്മിക്കൊപ്പം അഭിനയിച്ച ആഷിഖ് ബനായാ ആപ്‌നെ അടക്കമുള്ള സിനിമകളിലൂടെ ശ്രദ്ധേയയാണ് തനുശ്രീ ദത്ത.

ബോളിവുഡിലേക്ക് തിരിച്ചുവരാനായി തനുശ്രീ സൃഷ്ടിച്ച ഒരു വിവാദമാണിതെന്നാണ് ഹോണ്‍ ഓകെ പ്ലീസിന്റെ സംവിധായകനായ രാകേഷ് സാരംഗിന്റെ പ്രതികരണം.