ശബരിമല: സുപ്രീംകോടതി വിധിയെ സ്വാഗതം ചെയ്ത് സര്‍ക്കാര്‍; നിരാശാജനകമെന്ന് തന്ത്രി കണ്ഠരര് രാജീവരര്

single-img
28 September 2018

ശബരിമലയില്‍ എല്ലാ പ്രായത്തിലുമുള്ള സ്ത്രീകള്‍ക്ക് പ്രവേശനം അനുവദിച്ച സുപ്രീം കോടതി വിധി നിരാശാജനകമെന്ന് ശബരിമല തന്ത്രി കണ്ഠരര് രാജീവര്. പക്ഷേ സുപ്രീം കോടതിയെ അംഗീകരിക്കുന്നു. പഴയ രീതിയില്‍ തന്നെ കാര്യങ്ങള്‍ പോകണമെന്ന അഭിപ്രായക്കാരനാണ് താനെന്നും അദ്ദേഹം പറഞ്ഞു.

രണ്ട് വാചകത്തില്‍ പ്രതികരണം ഒതുക്കിയ അദ്ദേഹം കൂടുതലൊന്നും പ്രതികരിക്കാന്‍ തയ്യാറായില്ല. കേസിന്റെ തുടക്കം മുതല്‍ തന്നെ ഏതുപ്രായത്തിലുള്ള സ്ത്രീകളെയും ശബരിമലയില്‍ പ്രവേശിപ്പിക്കുന്നതിന് ശക്തമായി എതിര്‍ത്ത നിലപാടായിരുന്നു തന്ത്രിയുടേത്.

അതേസമയം ശബരിമലയില്‍ പ്രായഭേദമെന്യേ സ്ത്രീകള്‍ക്ക് പ്രവേശനം അനുവദിച്ച സുപ്രീംകോടതി വിധിയെ സ്വാഗതം ചെയ്ത് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. ഇനിയുള്ള തീരുമാനം ദേവസ്വം ബോര്‍ഡിന്റേതാണെന്നും കടകംപള്ളി സുരേന്ദ്രന്‍ വിശദമാക്കി.

സുരക്ഷിതമായി സ്ത്രീകള്‍ക്ക് മലചവിട്ടാന്‍ നടപടിയുണ്ടാകും. വിധി എങ്ങിനെ നടപ്പാക്കണമെന്ന് ദേവസ്വം ബോര്‍ഡ് തീരുമാനിക്കട്ടെയെന്നും മന്ത്രി പറഞ്ഞു. സുപ്രീംകോടതി വിധി സുപ്രധാനമെന്ന് മന്ത്രി ജി. സുധാകരന്‍ വ്യക്തമാക്കി. വിധിയെ സ്വാഗതം ചെയ്യുന്നു. ഭാരത സമൂഹത്തോടും സ്ത്രീ സമൂഹത്തോടും കാണിച്ച നീതിയാണ് വിധിയെന്നും അദ്ദേഹം പറഞ്ഞു.

ശബരിമലയില്‍ എല്ലാ സ്ത്രീകള്‍ക്കും പ്രവേശിക്കാമെന്ന് സുപ്രീംകോടതി വിധി അല്‍പം മുന്‍പാണ് വന്നത്. എല്ലാ സ്ത്രീകള്‍ക്കും പ്രവേശിക്കാമെന്നും കോടതി വിധിയില്‍ വിശദമാക്കിയിരുന്നു. അയപ്പഭക്തന്മാരെ പ്രത്യേക വിഭാഗമായി കണക്കാക്കാനാകില്ലെന്ന് സുപ്രീം കോടതി വ്യക്തമാക്കി.

ശാരീരിക അവസഥയുടെ പേരിലുള്ള വിവേചനം ഭരണഘടനാവിരുദ്ധമെന്നും കോടതി ചൂണ്ടിക്കാണിച്ചു. ഭരണഘടനയുടെ 25 വകുപ്പ് തരുന്ന അവകാശങ്ങള്‍ക്ക് ജൈവിക, മാനസിക ഘടകങ്ങള്‍ തടസ്സമല്ലെന്നും കോടതി വിശദമാക്കി. ശബരിമല ക്ഷേത്രത്തിലെ ആചാരങ്ങള്‍ സത്രീകളുടെ അവകാശങ്ങള്‍ക്ക് എതിരെന്ന് കോടതി വ്യക്തമാക്കി.

ഹിന്ദു സ്ത്രീകളുടെ അവകാശം നിരോധിക്കുന്ന നടപടിയാണ് ശബരിമലയിലേതെന്നും കോടതി വ്യക്തമാക്കി. സത്രീകള്‍ ചെറുതോ പുരുഷന്മാരേക്കാള്‍ വലുതോ അല്ലെന്ന് കോടതി വിശദമാക്കി. ഭരണഘടനയിലെ തുല്യ അവകാശം എല്ലാവര്‍ക്കും ഒരു പോലെ കിട്ടണമെന്നും ഭരണഘടനക്ക് അനുസൃതമായുള്ള വ്യവസ്ഥകളേ അംഗീകരിക്കാനാവൂവെന്നും കോടതി വിശദമാക്കി.

എട്ടു ദിവസത്തെ സുദീര്‍ഘമായ വാദപ്രതിവാദങ്ങള്‍ക്കു ശേഷം ഓഗസ്റ്റ് ഒന്നിനാണ് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് കേസ് വിധി പറയാന്‍ മാറ്റിയത്. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചില്‍ ജസ്റ്റിസ് എ.എം.ഖാന്‍വില്‍ക്കര്‍, ജസ്റ്റിസ് റോഹിങ്ടണ്‍ നരിമാന്‍, ജസ്റ്റിസ് ഡി.വൈ.ചന്ദ്രചൂഡ്, ജസ്റ്റിസ് ഇന്ദു മല്‍ഹോത്ര എന്നിവരാണ് മറ്റംഗങ്ങള്‍.

സന്നിധാനത്തെ സ്ത്രീ പ്രവേശനത്തിനുള്ള വിലക്ക് നീക്കണമെന്നാവശ്യപ്പെട്ട് യെങ് ലോയേഴ്‌സ് അസോസിയേഷന്‍ നല്‍കിയ ഹര്‍ജിയിലാണ് വിധി. പ്രായഭേദമന്യേയുള്ള സ്ത്രീ പ്രവേശനത്തെ സംസ്ഥാന സര്‍ക്കാര്‍ പിന്തുണച്ചപ്പോള്‍ നിലവിലെ ആചാരങ്ങള്‍ തുടരണമെന്നാണ് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ നിലപാട്.

പത്തിനും അമ്പതിനും ഇടയില്‍ പ്രായമുള്ള സ്ത്രീകളെ ശബരിമല ക്ഷേത്രത്തില്‍ പ്രവേശിപ്പിക്കാത്തത് തുല്യത, വിവേചനം ഇല്ലാതാക്കല്‍ മതസ്വാതന്ത്ര്യം എന്നീ ഭരണഘടനാ ചട്ടങ്ങളുടെ ലംഘനമാണോ, സ്ത്രീകള്‍ക്ക് പ്രവേശനത്തിന് നിയന്ത്രണം ഏര്‍പ്പെടുത്തിയത് അനിവാര്യമായ മതാചാരമാണോ എന്നതുള്‍പ്പെടെയുള്ള വിഷയങ്ങളാണ് ഭരണഘടനാ ബെഞ്ച് ഹര്‍ജിയില്‍ വാദം കേട്ടതിന് ശേഷം പരിഗണിച്ചത്.

ശബരിമല ഭക്തരെ പ്രത്യേക വിഭാഗമായി പരിഗണിച്ചാല്‍ സ്ത്രീപ്രവേശനത്തിനുള്ള നിയന്ത്രണം നില നില്‍ക്കുമോയെന്നും, ഒരു പൊതു ആരാധനാലയത്തിന് ധാര്‍മ്മികതയുടെ പേരില്‍ സ്ത്രീപ്രവേശനത്തിന് വിലക്കേര്‍പ്പെടുത്താന്‍ കഴിയുമോയെന്നും കോടതി പരിഗണിച്ചു.

ശബരിമലയില്‍ സ്ത്രീ പ്രവേശനം വിലക്കുന്നത് ഭരണഘടനാവിരുദ്ധമെന്ന് വാദം കേള്‍ക്കലിനിടെ സുപ്രീം കോടതി നേരത്തെ നിരീക്ഷിച്ചിരുന്നു. 10 മുതല്‍ 50 വയസ് വരെയുള്ള സ്ത്രീകള്‍ക്ക് മാത്രം പ്രവേശനം വിലക്കുന്നത് ഭരണഘടനയുടെ ധാര്‍മ്മികതയ്ക്ക് എതിരാണെന്നും കോടതി നിരീക്ഷിച്ചു.