പ്രതിഷേധവുമായി ജനങ്ങള്‍ തെരുവിലിറങ്ങിയാല്‍ ആരും ചോദിക്കാന്‍ വരരുത്: മുന്നറിയിപ്പുമായി രാഹുല്‍ ഈശ്വര്‍

single-img
28 September 2018

ശബരിമലയുമായി ബന്ധപ്പെട്ട സുപ്രീം കോടതി വിധി ഹിന്ദുമതത്തെ മാത്രമല്ല, ക്രിസ്ത്യന്‍, മുസ്ലിം മതങ്ങളെയടക്കം ബാധിക്കുന്നതാണെന്ന് രാഹുല്‍ ഈശ്വര്‍. ആര്‍ട്ടിക്കിള്‍ 25 ല്‍ വെള്ളം ചേര്‍ക്കപ്പെടാതിരിക്കാന്‍ സമാനമായി ചിന്തിക്കുന്ന ആള്‍ക്കാരോട് ഒരുമിച്ച് ചേര്‍ന്ന് പ്രമുഖ സംഘടനകളെ അടക്കം അണിനിരത്തി സുപ്രീം കോടതിയില്‍ ഒക്ടോബര്‍ ആദ്യ ആഴ്ച തന്നെ റിവ്യു പെറ്റീഷന്‍ കൊടുക്കാനാണ് ഉദ്ദേശിക്കുന്നതെന്നും രാഹുല്‍ ഈശ്വര്‍ പറഞ്ഞു.

ഇത് മത സമുദായങ്ങളേയും, അവരുടെ പള്ളികളേയും ആരാധനാലയങ്ങളെയും എല്ലാം ബാധിക്കുന്ന കാര്യമാണ്. അതുകൊണ്ട് അവരുടെ സ്വാതന്ത്ര്യം മുന്‍നിര്‍ത്തി ഈ വിഷയം മുന്നോട്ട് കൊണ്ടുപോകാനാണ് തീരുമാനം. ഇതിനുവേണ്ടി ക്രിസ്ത്യന്‍ മുസ്ലിം മതങ്ങളിലെ മേലധ്യക്ഷന്മാരുമായി ചര്‍ച്ച നടത്തും.

തമിഴ്‌നാട്, കര്‍ണാടക, ആന്ധ്ര സംസ്ഥാനങ്ങളിലെ വിശ്വാസികള്‍ക്കും ഇത് വളരെ പ്രാധാന്യമുള്ള വിഷയമാണ്. അവരെയെല്ലാം ഈ വിഷയത്തില്‍ ഒപ്പം നിര്‍ത്തുമെന്നും രാഹുല്‍ ഈശ്വര്‍ പറഞ്ഞു. സുപ്രീം കോടതി വിധിയുടെ പശ്ചാത്തലത്തില്‍ പ്രതിഷേധവുമായി ജനങ്ങള്‍ തെരുവിലിറങ്ങിയാല്‍ ആരും ചോദിക്കാന്‍ വരരുതെന്നും രാഹുല്‍ ഈശ്വര്‍ പറഞ്ഞു.

ജെല്ലിക്കെട്ടിന്റെ കാര്യത്തിലൊക്കെ സംഭവിച്ചതുപോലെ ഇവിടെയും സംഭവിച്ചുകൂടായ്കയില്ല. ശബരിമല വിധിയില്‍ നീതി ലഭിച്ചില്ല. കോടതിയില്‍ നിന്ന് ബാലന്‍സ്ഡ് ആയുള്ള വിധി പോലുമല്ല വന്നത്. ഹിന്ദുക്കളുടെ ആചാരങ്ങളിലും അനുഷ്ഠാനങ്ങളിലും ഇടപെട്ട രീതി ശരിയായില്ലെന്നും രാഹുല്‍ ഈശ്വര്‍ പറഞ്ഞു.

ശബരിമല: സുപ്രീംകോടതി വിധിയെ സ്വാഗതം ചെയ്ത് സര്‍ക്കാര്‍; നിരാശാജനകമെന്ന് തന്ത്രി കണ്ഠരര് രാജീവരര്