ആചാരം അനുസരിച്ച് മാത്രമേ ശബരിമലയിലേയ്ക്ക് പോകൂവെന്ന് നടി നവ്യാനായര്‍: വിധി ഏറ്റവും മികച്ചതെന്ന് കമല്‍ഹാസന്‍: പുനഃപരിശോധനാ ഹര്‍ജി നല്‍കുമെന്ന് വിവിധ സംഘടനകള്‍

single-img
28 September 2018

ന്യൂഡല്‍ഹി: സുപ്രീംകോടതി വിധി പുനഃപരിശോധിക്കുന്നതിനാവശ്യമായ നിയമനടപടികളുമായി മുന്നോട്ടുപോകുമെന്ന് കേസില്‍ കക്ഷിചേര്‍ന്ന വിശ്വാസികളുടെ സംഘടനകളുടെ അഭിഭാഷകന്‍ വ്യക്തമാക്കി. ഭരണഘടനാ ബെഞ്ചില്‍ ഉള്‍പ്പെട്ട ജസ്റ്റിസ് ഇന്ദു മല്‍ഹോത്ര ഭൂരിപക്ഷ വിധിയോട് വിയോജിച്ചിരുന്നു.

ആചാരാനുഷ്ഠാനങ്ങളില്‍ കോടതിക്ക് ഇടപെടാനാകില്ലെന്ന് അവര്‍ വ്യക്തമാക്കിയിട്ടുണ്ട്. ഹൈക്കോടതിയുടെ മുന്‍ വിധിയും ചൂണ്ടിക്കാട്ടിയായിരിക്കും പുനഃപരിശോധനാ ഹര്‍ജി. വിധി ദുഃഖകരമാണെന്നും കൂടുതല്‍ ആലോചനകള്‍ നടത്തി പുനഃപരിശോധനാ ഹര്‍ജി അടക്കമുള്ള നടപടികളുമായി മുന്നോട്ടുപോകുമെന്നും ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് പ്രയാര്‍ ഗോപാലകൃഷ്ണന്‍ പറഞ്ഞു.

സുപ്രീം കോടതി വിധിയില്‍ പത്തു ദിവസത്തിനുള്ളില്‍ പുനഃപരിശോധനാ ഹര്‍ജി നല്‍കുമെന്ന് രാഹുല്‍ ഈശ്വറും പറഞ്ഞു. ഈ മാസം 15ന് ഉള്ളില്‍ പുനഃപരിശോധനാ ഹര്‍ജി നല്‍കുമെന്നും കേന്ദ്രസര്‍ക്കാര്‍ ഇടപെടണമെന്നും ഫെഡറേഷന്‍ ഓഫ് ഹിന്ദു ഓര്‍ഗനൈസേഷന്‍സ് അധ്യക്ഷന്‍ ഭക്തവത്സലന്‍ പറഞ്ഞു.

അതിനിടെ സുപ്രീം കോടതി വിധിയെ സ്വാഗതം ചെയ്ത് മക്കള്‍ നീതി മയ്യം നേതാവും നടനുമായ കമല്‍ഹാസന്‍ രംഗത്ത്. ആരാധനയ്ക്ക് സ്ത്രീകള്‍ക്കും പുരുഷനുമുള്ള പ്രത്യേക സംവിധാനം എടുത്തുകളഞ്ഞ കോടതി വിധി ഏറ്റവും മികച്ചതാണ്. ശബരിമലയില്‍ പ്രവേശിക്കാന്‍ ആഗ്രഹിക്കുന്ന സ്ത്രീകള്‍ ക്ഷേത്രത്തില്‍ പ്രവേശിക്കുകതന്നെ വേണമെന്നും കമല്‍ഹാസന്‍ കൂട്ടിച്ചേര്‍ത്തു.

അതേസമയം ആചാരം അനുസരിച്ച് മാത്രമേ ശബരിമലയിലേയ്ക്ക് പോകൂവെന്ന് നടി നവ്യാനായര്‍ പറഞ്ഞു. ‘ഞാന്‍ എന്റെ ചെറുപ്പത്തില്‍ ശബരിമലയില്‍ പോയിട്ടുണ്ട്. എനിക്ക് ഇപ്പോഴും ആ പഴയ വിശ്വസങ്ങളാണ് മനസ്സില്‍. അതിനാല്‍ ആചാരം അനുസരിച്ച് മാത്രമേ താന്‍ ശബരിമലയില്‍ പ്രവേശനം നടത്തൂ’ എന്നും നവ്യാ നായര്‍ തൃശൂരില്‍ പറഞ്ഞു.

ശബരിമലയില്‍ പ്രായഭേദമെന്യേ സ്ത്രീ പ്രവേശനം അനുവദിച്ചുകൊണ്ടായിരുന്നു സുപ്രീം കോടതിയുടെ ചരിത്ര വിധി. അയപ്പ ഭക്തന്മാരെ പ്രത്യേക വിഭാഗമായി കണക്കാക്കാനാകില്ലെന്ന് സുപ്രീം കോടതി നിരീക്ഷിച്ചു. ശാരീരിക അവസ്ഥയുടെ പേരിലുള്ള വിവേചനം ഭരണഘടനാ വിരുദ്ധമെന്നും കോടതി ചൂണ്ടിക്കാണിച്ചു.

ഭരണഘടനയുടെ 25 ാം വകുപ്പ് തരുന്ന അവകാശങ്ങള്‍ക്ക് ജൈവീക, മാനസീക ഘടകങ്ങള്‍ തടസ്സമല്ലെന്നും കോടതി വിശദമാക്കി. ശബരിമല ക്ഷേത്രത്തിലെ ആചാരങ്ങള്‍ സത്രീകളുടെ അവകാശങ്ങള്‍ക്ക് എതിരാണെന്നും കോടതി വ്യക്തമാക്കി. ഹിന്ദു സ്ത്രീകളുടെ അവകാശം നിരോധിക്കുന്ന നടപടിയാണ് ശബരിമലയിലേതെന്നും കോടതി വ്യക്തമാക്കി.

സത്രീകള്‍ ചെറുതോ പുരുഷന്മാരേക്കാള്‍ വലുതോ അല്ലെന്ന് കോടതി വിശദമാക്കി. ഭരണഘടനയിലെ തുല്യ അവകാശം എല്ലാവര്‍ക്കും ഒരു പോലെ കിട്ടണമെന്നും ഭരണഘടനയ്ക്ക് അനുസൃതമായുള്ള വ്യവസ്ഥകളേ അംഗീകരിക്കാനാവൂ എന്നും കോടതി വിശദമാക്കി.