പ്രതികളുടെ ലൈംഗികശേഷി പരിശോധിക്കുന്നത് എങ്ങനെ?

single-img
28 September 2018

പ്രതികളുടെ ലൈംഗിക ശേഷി പരിശോധനാ രീതിയെപ്പറ്റി നീലനിറം പിടിപ്പിച്ച കെട്ടുകഥകള്‍ പണ്ടുമുതലേ ഒരുപാടുണ്ട്. ജലന്തര്‍ ബിഷപ്പിന്റെ അറസ്റ്റോടെ ഈ വിഷയത്തില്‍ ചര്‍ച്ചകള്‍ സജീവമായി. ഈ പരിശോധനാ രീതിയെ പറ്റി നിരവധി തെറ്റിദ്ധാരണകളാണ് സാധാരണക്കാര്‍ക്ക് ഇടയില്‍ ഉളളത്.

ലൈംഗിക ശേഷിയുളളവര്‍ക്ക് മാത്രമാണോ ഇത്തരം ക്രൂരകൃത്യങ്ങള്‍ ചെയ്യാന്‍ സാധിക്കൂ..? ഈ പരിശോധന എങ്ങനെയാണ് നടത്തുകയെന്നതെല്ലാം പൊതുവേ എല്ലാവരുടെയും മസില്‍ ഉയര്‍ന്നു വരുന്ന ചോദ്യങ്ങളുമാണ്. സമീപകാലത്ത് റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ക്രൂരമായ പല കേസുകളിലും മാരകായുധമായ കത്തി, വാഹനങ്ങളില്‍ ഉപയോഗിക്കുന്ന ലീവര്‍ എന്നിവ ഉപയോഗിച്ചാണു പ്രതികള്‍ ഇരകളെ പീഡിപ്പിച്ചു കൊലപ്പെടുത്തിയത്.

ഇത്തരം കേസുകളില്‍ പ്രതിയുടെ ശേഷി പരിശോധനയില്‍ കാര്യമില്ലെന്ന് വിദഗ്ദര്‍ ചൂണ്ടിക്കാട്ടുന്നു. കൊച്ചുകുട്ടികള്‍ പീഡനത്തിന് ഇരയാവുന്ന പല കേസുകളിലും വിചാരണ നേരിടുന്ന വയോധികരായ പ്രതികള്‍ക്കു പലപ്പോഴും ഇത്തരം ശേഷി കുറവാണ്.

എന്നിട്ടും പ്രതികളുടെ വൈകൃതങ്ങള്‍ക്കു കടുത്ത ശിക്ഷ തന്നെ പോക്‌സോ കോടതികള്‍ നല്‍കാറുണ്ട്. ഇതുസംബന്ധിച്ച നിയമം ഇത്രമാത്രം ശക്തമായ സാഹചര്യത്തില്‍ ലൈംഗികശേഷി പരിശോധനയ്ക്ക് എന്താണു പ്രസക്തി? കുറ്റകൃത്യം നടന്നു 72 മണിക്കൂറിനുള്ളില്‍ നടത്തുന്ന പരിശോധനയ്ക്ക് ഒരുപാടു പ്രാധാന്യമുണ്ടുതാനും.

ഒരു സാധാരണ ആശുപത്രിയില്‍ ഒരു സാധാരണ രോഗിയുടെ കാര്യത്തില്‍ നടക്കുന്ന പരിശോധനകള്‍ തന്നെയാണ് ഇത്തരം കേസുകളിലും നടക്കുന്നത്.രണ്ടുഘട്ടങ്ങളിലാണു പരിശോധന

ഘട്ടം ഒന്ന്:

പ്രതിക്ക് എന്തെങ്കിലും മാരകരോഗം പിടിപെട്ടിട്ടുണ്ടോയെന്ന പരിശോധന.

പ്രതിയുടെ ശരീരവളര്‍ച്ച പ്രായത്തിന് ആനുപാതികമാണോ–ഹോര്‍മോണ്‍ വ്യതിയാനം അവയവ വളര്‍ച്ചയെ ബാധിച്ചട്ടുണ്ടോ എന്ന കണ്ടെത്തല്‍.

മനസ്സുകൊണ്ടും ശരീരം കൊണ്ടും പ്രതി ഒരു പുരുഷന്‍ തന്നെയാണോ? ദേഹപ്രകൃതിയില്‍ എന്തെങ്കിലും വ്യതിയാനമുണ്ടോ എന്ന പരിശോധന.

ഘട്ടം രണ്ട്:

ഫൊറന്‍സിക് വിദഗ്ധര്‍ പ്രതിയുടെ ശരീരത്തില്‍ നടത്തുന്ന സൂക്ഷ്മ പരിശോധന.

കൊലയാളിയെക്കുറിച്ചുള്ള സൂചനകള്‍ കണ്ടെത്താന്‍ ഒരു മൃതദേഹത്തെ എങ്ങനെയാണോ പരിശോധിക്കുന്നത് അതിനു സമാനമായ ബാഹ്യ പരിശോധനകളാണു പ്രതിയുടെ ജീവനുള്ള ശരീരത്തിലും ഫൊറന്‍സിക് വിദഗ്ധര്‍ നടത്തുന്നത്. പ്രതി കുറ്റം ചെയ്തതിന്റെ തെളിവുകള്‍ അയാളുടെ ശരീരത്തില്‍ തന്നെ കണ്ടെത്താനുള്ള നിര്‍ണായകമായ പരിശോധനയാണത്. കുറ്റകൃത്യം നടന്ന് ഏതാനും മണിക്കൂറുകള്‍ക്കുള്ളില്‍ ഈ പരിശോധന സാധിക്കണം.

വിദേശരാജ്യങ്ങളില്‍ പ്രതിയുടെ അവയവങ്ങളിലേക്കുള്ള രക്തയോട്ടത്തിന്റെ തോത് അറിയാനുള്ള സ്‌കാനിങ്ങും ഒരു രാത്രി മുഴുവന്‍ പ്രതിയുടെ ശാരീരിക പെരുമാറ്റങ്ങള്‍ ഉറക്കത്തില്‍ നിരീക്ഷിക്കാനും പരിശോധിക്കാനുമുള്ള ശാസ്ത്രീയ മാര്‍ഗങ്ങളും സ്വീകരിക്കാറുണ്ട്.

ഇത്രയും സംഗതികളല്ലാതെ, പീഡനക്കേസുകളിലെ പ്രതികളുടെ ശേഷി പരിശോധനകളില്‍ മറ്റൊന്നും ഇന്ത്യയില്‍ നടക്കുന്നില്ലെന്നതാണു സത്യം. പ്രതിയില്‍ കൃത്രിമ ഉത്തേജനമുണ്ടാക്കുന്ന മരുന്നുകള്‍ പ്രയോഗിക്കുക, ലൈംഗിക ദൃശ്യങ്ങള്‍ കാണിക്കുക, അശ്ലീല പുസ്തകം വായിപ്പിക്കുക, സ്ത്രീകളെ ഉപയോഗിച്ചു പരിശോധന നടത്തുക തുടങ്ങിയ തെറ്റിദ്ധാരണകള്‍ ഇതുസംബന്ധിച്ചു പരക്കാറുണ്ട്–എല്ലാം പച്ചക്കള്ളം.

കടപ്പാട്: മനോരമ