ബിഗ് ബോസില്‍ അപ്രതീക്ഷിത ട്വിസ്റ്റ്: മത്സരാര്‍ഥികൾ അന്തംവിട്ടു

single-img
28 September 2018

ബിഗ് ബോസ് മലയാളം സീസണ്‍ ഒന്നില്‍ സര്‍പ്രൈസുകള്‍ അവസാനിക്കുന്നില്ല. ഇന്നലെ നടന്ന 95-ാം എപ്പിസോഡില്‍ പതിവിന് വിപരീതമായി ഒരാള്‍ പുറത്തായി. സാധാരണ മോഹന്‍ലാല്‍ പങ്കെടുക്കുന്ന വാരാന്ത്യ എപ്പിസോഡുകളിലാണ് എലിമിനേഷന്‍ നടക്കാറെങ്കില്‍ വ്യാഴാഴ്ച എപ്പിസോഡില്‍ എലിമിനേഷന്‍ നടന്നത് മത്സരാര്‍ഥികളില്‍ ഞെട്ടലുണ്ടാക്കി.

രാത്രി ബിഗ് ബോസ് എല്ലാവരേയും മുറ്റത്ത് വെച്ചിരിക്കുന്ന സ്റ്റാന്‍ഡുകളുടെ മുകളിലായി നിര്‍ത്തി. അവരവരുടെ പേരിലുള്ള സ്റ്റാന്‍ഡിലാണ് നിറുത്തിയത്. അപ്രതീക്ഷിതമായി ഇന്ന് ഒരു എവിക്ഷന്‍ നടക്കുമെന്ന് ബിഗ് ബോസ് അറിയിച്ചു. പ്രേക്ഷകര്‍ക്കും മത്സരാര്‍ത്ഥികള്‍ക്കും ഇത് ഞെട്ടലുണ്ടാക്കുന്ന വാര്‍ത്തയായിരുന്നു. എല്ലാവരോടുമായി പെട്ടി തയ്യാറാക്കി വെക്കാന്‍ ബിഗ് ബോസ് ആവശ്യപ്പെട്ടു. തുടര്‍ന്ന് എല്ലാവര്‍ക്കും എന്തെങ്കിലും പറയാനുണ്ടെങ്കില്‍ പറയാന്‍ പറഞ്ഞു.

തന്നെ ശത്രുവായാണ് ഷിയാസ് കാണുന്നതെന്ന് സാബു പറഞ്ഞു. ഷിയാസ് ഒരു ഫ്രോഡാണോ എന്ന ആശങ്കയിലാണ് ആദ്യം നോമിനേറ്റ് ചെയ്തതെന്നും അല്ലാതെ ശത്രുവല്ലെന്നും സാബു പറഞ്ഞു. ശ്രീനിഷിന്റെ ഊഴമായിരുന്നു അടുത്തത്. ശ്രീനിഷ് എല്ലാവരോടും യാത്ര പറഞ്ഞു. പിന്നാലെ മറ്റുള്ളവരും പരസ്പരം യാത്ര പറഞ്ഞു. സാബുവിനെ കുറിച്ചുള്ള മുന്‍ ധാരണകളെല്ലാം മാറിയെന്നും സാബു നല്ലൊരു മനുഷ്യനാണെന്നും പേളി പറഞ്ഞു.

രണ്ട് നിറങ്ങളായിരുന്നു വിധി നിര്‍ണയിക്കുന്നത്. പച്ചയും ചുവപ്പും. ചുവന്ന വെളിച്ചം വീണത് അതിഥിയുടെ മുകളിലായിരുന്നു. ഇതോടെ അതിഥി പുറത്തായി. ഇടിത്തീ പോലെയാണ് എലിമിനേഷന്‍ വന്നു വീണത്. സുരക്ഷിതനായെങ്കിലും അതിഥി പുറത്തായ ദുഖത്തില്‍ ഷിയാസ് കരഞ്ഞു പോയി. എല്ലാവരും അതിഥിയോട് യാത്ര പറഞ്ഞു. പൊട്ടിക്കരയുന്ന ഷിയാസിനെ ശ്രീനിഷ് കെട്ടിപ്പിടിച്ച് ആശ്വസിപ്പിച്ചു.

ഇത് മൂന്നാമത്തെ തവണയാണ് അതിഥി ബിഗ് ബോസില്‍ നിന്നും പുറത്താകുന്നത്. രണ്ട് തവണയും പക്ഷെ ബിഗ് ബോസ് തിരികെ വിളിക്കുകയായിരുന്നു. ചിരിച്ചു കൊണ്ടായിരുന്നു അതിഥി യാത്രയായത്. അതിഥി പോയതിന്റെ ഷോക്ക് എല്ലാവരിലുമുണ്ടായിരുന്നു. ഇതിനിടെ രണ്ട് ദിവസമായി അതിഥിയെ ഷിയാസ് അലമ്പാക്കുകയായിരുന്നു എന്ന് സാബു പറഞ്ഞു.

തമാശ രൂപേണയായിരുന്നു സാബു പറഞ്ഞത്. എന്നാല്‍ ഷിയാസിന് അത് വേദനയായി. വെറുതെ ഓരോന്ന് പറഞ്ഞ് തന്നെ മോശമാക്കാന്‍ ശ്രമിക്കുകയാണെന്ന് ഷിയാസ് പറഞ്ഞു. ശ്രീനിഷ് ഇടപെട്ട് ഷിയാസിന് കാര്യം വിശദീകരിച്ചു കൊടുത്തു.

അതിഥി പോയതിന്റെ വിഷമത്തില്‍ പേളിയും കരഞ്ഞു. ഇനി നാല് ദിവസമേയുള്ളുവെന്ന് പറഞ്ഞ് ശ്രീനിഷ് ആശ്വസിപ്പിക്കാന്‍ ശ്രമിച്ചു. ഇത്രയും ദിവസമുണ്ടായിരുന്നതല്ലേ അതിഥി എന്നും അവള്‍ ഫൈനലില്‍ എത്താന്‍ ഒരുപാട് ആഗ്രഹിച്ചിരുന്നുവെന്നും പറഞ്ഞാണ് പേളി കരഞ്ഞത്. അപ്രതീക്ഷിത എലിമിനേഷനില്‍ എല്ലാവരും ഉലഞ്ഞു പോയിരുന്നു.