ബി.ജെ.പി വ്യാജവാര്‍ത്തകള്‍ പടച്ചുവിടുന്നുണ്ടെന്ന് സമ്മതിച്ച് അമിത് ഷാ: സമൂഹമാധ്യമ വളന്റിയര്‍മാരുടെ യോഗത്തില്‍ പ്രസംഗിക്കുന്ന വീഡിയോ പുറത്ത്

single-img
28 September 2018

പത്രങ്ങളില്‍ അച്ചടിച്ചുവരുന്ന എല്ലാ വ്യാജവാര്‍ത്തകളും ബി.ജെ.പി വാട്‌സ്ആപ് വഴി നല്‍കുന്നതാണെന്ന് ബി.ജെ.പി അധ്യക്ഷന്‍ അമിത് ഷാ. രാജസ്ഥാന്‍ നിയമസഭ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കോട്ടയില്‍ സംഘടിപ്പിച്ച പാര്‍ട്ടിയുടെ സമൂഹമാധ്യമ വളന്റിയര്‍മാരുടെ യോഗത്തിലാണ് അമിത് ഷാ ഇക്കാര്യം പറഞ്ഞത്. വാര്‍ത്തകള്‍ ശരിയോ വ്യാജമോ ആവട്ടെ, ഏതു സന്ദേശവും വൈറലാക്കാന്‍ പാര്‍ട്ടിയുടെ വാട്‌സ്ആപ് ഗ്രൂപ്പുകള്‍ക്ക് കഴിയുമെന്ന് അമിത് ഷാ പറയുന്ന വീഡിയോ പുറത്തുവന്നു.

പ്രസംഗത്തിലെ ചില ഭാഗങ്ങള്‍ ഇങ്ങനെയാണ്; ഒരു വര്‍ഷം മുമ്പ് ഉത്തര്‍പ്രദേശില്‍ നടന്ന തെരഞ്ഞെടുപ്പില്‍ ബി.ജെ.പിയുടെ സമൂഹമാധ്യമ വളന്റിയര്‍മാര്‍ രണ്ടു വലിയ വാട്‌സ്ആപ് ഗ്രൂപ്പുകളുണ്ടാക്കി. ഒന്നില്‍ 15 ലക്ഷവും മറ്റേതില്‍ 17 ലക്ഷം അംഗങ്ങളുമാണുള്ളത്.

എല്ലാ ദിവസവും രാവിലെ എട്ടുമണിക്ക് അതില്‍ സന്ദേശമെത്തും. നമുക്ക് സമര്‍ഥനായ ഒരു വളന്റിയര്‍ ഉണ്ട്. ഞാന്‍ പറഞ്ഞതുപോലെ, സന്ദേശങ്ങള്‍ താഴേത്തട്ടില്‍ നിന്നും മുകളിലേക്കും തിരിച്ചും എത്തിക്കും. ഒരിക്കല്‍, അവന്‍ അഖിലേഷ് യാദവ് മുലായം സിങ്ങിനെ തല്ലിയെന്ന് ഗ്രൂപ്പില്‍ ഇട്ടു.

നമ്മുടെ വളന്റിയര്‍മാര്‍ അത് വ്യാപകമായി പ്രചരിപ്പിച്ചു. സംഭവം നടന്നിട്ടൊന്നുമില്ല. അന്ന് അഖിലേഷ് യാദവ് മുലായം സിങ്ങിന്റെ അടുത്തുനിന്ന് 600 കി.മീറ്റര്‍ അകലത്തിലായിരുന്നു. പത്തുമണിയോടെ അറിഞ്ഞില്ലേ, അഖിലേഷ് മുലായം സിങ്ങിനെ തല്ലിയത് എന്നുചോദിച്ചുകൊണ്ട് എനിക്ക് ഫോണുകള്‍ വന്നു തുടങ്ങി.

കാരണം, വാര്‍ത്ത സമൂഹമാധ്യമങ്ങളില്‍ വൈറലായതാണ്. വാര്‍ത്തകള്‍ സത്യമോ വ്യജമോ എരിവും പുളിയും ചേര്‍ന്നതോ ആവെട്ട, നമുക്കുവേണ്ടത് ജനങ്ങളെയാണ്. ഇത് നമ്മളെക്കൊണ്ട് മാത്രമേ സാധിക്കൂ. നമുക്ക് 32 ലക്ഷം പേരുള്ള വാട്‌സ്ആപ് ഗ്രൂപ്പുണ്ടെന്നും അമിത് ഷാ പ്രസംഗത്തില്‍ പറയുന്നു.