യോഗി ആദിത്യനാഥിനെതിരെ ക്രിമിനല്‍ കേസ് നടത്തുന്ന 64 കാരനെ ബലാത്സംഗക്കേസില്‍ അറസ്റ്റ് ചെയ്തു

single-img
27 September 2018

യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെതിരെ 2007 മുതല്‍ വിവിധ കോടതികളിലായി ക്രിമിനല്‍ കേസ് നടത്തുന്ന പര്‍വ്വേസ് പര്‍വാസിനെ (64) പൊലീസ് അറസ്റ്റ് ചെയ്തു. ലൈംഗിക പീഡനം ആരോപിച്ചാണ് അറസ്റ്റ് ചെയ്തിരിക്കുന്നത്. പര്‍വ്വേസ് പര്‍വാസിനും സുഹൃത്തിനുമെതിരെ യുവതി നല്‍കിയ പരാതിയിലാണ് അറസ്റ്റെന്ന് സൂപ്രണ്ട് ഓഫ് പൊലീസ് വിനയ് സിംഗ് പറഞ്ഞു.

ജൂണ്‍ നാലിനാണ് പര്‍വേസിനും സുഹൃത്തിനുമെതിരെ നാല്‍പതുകാരി ബലാല്‍സംഗത്തിന് രാജ്ഘട്ട് പോലീസ് സ്‌റ്റേഷനില്‍ പരാതി നല്‍കിയത്. ഇയാള്‍ക്കെതിരെ മതിയായ തെളിവുകള്‍ ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് ഇപ്പോള്‍ അറസ്റ്റു ചെയ്തതെന്ന് പോലീസ് അറിയിച്ചു.

കൂട്ടുപ്രതിയായ ജുമ്മാന്റെ വീട്ടിലെത്തിയ യുവതിയെ ഇരുവരും ചേര്‍ന്ന് പീഡിപ്പിക്കുകയായിരുന്നുവെന്നാണ് പരാതി. ജുമ്മാന്‍ ഒളിവിലായതു കാരണം ഇതുവരെ പിടികൂടാന്‍ കഴിഞ്ഞിട്ടില്ലെന്നും പോലീസ് കൂട്ടിച്ചേര്‍ത്തു. 2007 ല്‍ നടത്തിയ പ്രകോപനപരമായ പ്രസംഗത്തിനാണ് ഗോരഖ്പൂരിലെ അന്നത്തെ എംപിയായ യോഗി ആദിത്യനാഥിനെതിരെ പോലീസ് കേസെടുത്തത്.

മുഹറത്തോടനുബന്ധിച്ചുണ്ടായ വര്‍ഗീയകലാപത്തില്‍ രാജ്കുമാര്‍ അഗ്രഹാരി എന്ന കുട്ടി മരിക്കുകയും സംഭവസ്ഥലം സന്ദര്‍ശിച്ച യോഗി ഹിന്ദു ബാലന്റെ മരണത്തിന് പ്രതികാരം ചെയ്യണമെന്ന് ആഹ്വാനം ചെയ്യുകയും ചെയ്തു. പ്രകോപനപരമായ പ്രസംഗം നടത്തിയതിന് യോഗിയേയും കുറച്ചനുയായികളേയും പോലീസ് അറസ്റ്റു ചെയ്തിരുന്നു. യോഗിയുടെ പ്രസംഗത്തിന്റെ ഫലമായി കലാപം മൂര്‍ച്ഛിക്കുകയും പത്തോളം പേര്‍ കൊല്ലപ്പെടുകയും ചെയ്തിരുന്നു.

യോഗി വര്‍ഗീയ കലാപമുണ്ടാക്കാന്‍ ശ്രമിച്ചുവെന്നാരോപിച്ച് 2008ല്‍ പര്‍വേസ് കന്റോണ്‍മെന്റ് പോലീസ് സ്‌റ്റേഷനില്‍ പരാതി നല്‍കി. എന്നാല്‍ 2014ല്‍ അലഹബാദ് ഹൈക്കോടതി കേസ് തള്ളി. യോഗിയുടെ പ്രസംഗത്തിന്റെ വീഡിയോ കേടുവന്നതു കാരണം തെളിവില്ല എന്ന് പറഞ്ഞാണ് കേസ് തള്ളിയത്. ഇതിനെതിരെ പര്‍വേസ് സുപ്രീം കോടതിയില്‍ നല്‍കിയ പരാതിയില്‍ 2018 ഓഗസ്റ്റ് 20 ന് സുപ്രീം കോടതി ഉത്തര്‍പ്രദേശ് സര്‍ക്കാരിന് കാരണം കാണിയ്ക്കല്‍ നോട്ടീസ് അയച്ചിരുന്നു. ആറാഴ്ചയ്ക്കുള്ളില്‍ മറുപടി നല്‍കണമെന്നാണ് കോടതി നിര്‍ദേശിച്ചത്.