യുഎഇയിലുള്ളവര്‍ ഈ ഫോണ്‍ നമ്പര്‍ സേവ് ചെയ്യുക: യാത്രക്കിടെ വാഹനം കേടായാല്‍ സൗജന്യമായി ശരിയാക്കിത്തരും

single-img
27 September 2018

അബുദാബി: ഇനിമുതല്‍ യാത്രക്കിടെ എമിറേറ്റിലെ റോഡുകളില്‍ വാഹനം കേടായാല്‍ ഗതാഗത വിഭാഗത്തിന്റെ 800 88888 ടോള്‍ഫ്രീ നമ്പറില്‍ വിളിച്ചറിയിച്ചാല്‍ മതി. നിമിഷ നേരംകൊണ്ട് സ്ഥലത്ത് കുതിച്ചെത്തുന്ന സാങ്കേതിക വിദഗ്ധര്‍ സൗജന്യമായി വാഹനം ശരിയാക്കിത്തരും.

സായിദ് വര്‍ഷാചരണത്തിന്റെ ഭാഗമായി റോഡ് സര്‍വീസ് പട്രോള്‍ (ആര്‍എസ്പി) എന്ന പേരില്‍ അബുദാബി ഗതാഗത വിഭാഗമാണ് 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന വിദഗ്ധ സംഘത്തെ സജ്ജമാക്കിയിരിക്കുന്നത്. യാത്രയ്ക്കിടെ വാഹനം പ്രവര്‍ത്തന രഹിതമായാല്‍ ആണ് സൗകര്യം ഉപയോഗപ്പെടുത്താവുന്നത്.

ചെറിയ വാഹനാപകടങ്ങളില്‍ പെടുന്നവരെ രക്ഷപ്പെടുത്തുക എന്ന ഉദ്ദേശത്തോടെയാണ് 24 മണിക്കൂറും സേവനം ലഭ്യമാക്കുന്നതെന്ന് ഗതാഗതവിഭാഗം അറിയിച്ചു. തലസ്ഥാന എമിറേറ്റില്‍ വാഹനം കേടായി ആരും നടു റോഡില്‍ കുടുങ്ങരുത് എന്നതാണ് ഇതിലൂടെ ലക്ഷ്യമാക്കുന്നത്.

കേടായ വാഹനം നന്നാക്കാന്‍ ആവശ്യമായ അത്യാധുനിക സംവിധാനവും സാങ്കേതിക വിദഗ്ധരും അടങ്ങുന്ന വാഹനം 24 മണിക്കൂറും നഗരത്തില്‍ റോന്തുചുറ്റും. കേടായ വാഹനം സുരക്ഷിത സ്ഥലത്തേക്ക് മാറ്റിയ ശേഷം അവിടെ വച്ചുതന്നെ അറ്റകുറ്റപ്പണി നടത്തി ഗതാഗത യോഗ്യമാക്കി യാത്രയാക്കുകയാണ് പതിവ്. അപകട സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനം നടത്താനും ഗതാഗതം നിയന്ത്രിക്കാനും സംഘത്തിന് അനുമതിയുണ്ട്.