ഫ്രിഡ്ജിനും എസിക്കും വാഷിങ് മെഷീനും സ്പീക്കറുകള്‍ക്കും വിലകൂടും

single-img
27 September 2018

പത്തൊമ്പത് ഉത്പന്നങ്ങള്‍ക്ക് ഇറക്കുമതി തീരുവ ഉയര്‍ത്തി കേന്ദ്ര സര്‍ക്കാര്‍. എയര്‍ കണ്ടീഷണറുകള്‍, റഫ്രിജറേറ്ററുകള്‍, 10 കിലോഗ്രാമില്‍ താഴെയുള്ള വാഷിങ് മെഷീനുകള്‍ തുടങ്ങിയ ഉത്പന്നങ്ങളുടെ ഇറക്കുമതി തീരുവ പത്ത് ശതമാനത്തില്‍ നിന്ന് ഇരുപത് ശതമാനമായാണ് ഉയര്‍ത്തിയിരിക്കുന്നത്.

ഇതോടെ ജിഎസ്ടി കുറച്ചതുമൂലം വില കുറഞ്ഞ ഫ്രിഡ്ജ്, എസി, വാഷിങ് മെഷീന്‍ തുടങ്ങിയ പല ഗൃഹോപകരണങ്ങളുടെയും വില വീണ്ടും കൂടും. അതേസമയം സ്പീക്കറുകള്‍, സ്യൂട്ട്‌കെയ്‌സുകള്‍, യാത്രാ ബാഗുകള്‍, സിങ്ക്, ടേബിള്‍ വെയര്‍, കിച്ചണ്‍വെയര്‍ തുടങ്ങിയ ഉത്പന്നങ്ങള്‍ക്ക് അടിസ്ഥാന കസ്റ്റംസ് തീരുവയുടെ മേല്‍ 50 ശതമാനം അധിക തീരുവയാണ് ചുമത്തുന്നത്.

സ്പീക്കറിന് 15 ശതമാനവും ചെരിപ്പുകള്‍ക്ക് 25 ശതമാനവുമാണ് പുതുക്കിയ തീരുവ. വജ്രാഭരണങ്ങള്‍ക്കുളള തീരുവ 5 ശതമാനത്തില്‍ നിന്ന് 7.5 ശതമാനമായും, വെളളി ആഭരണങ്ങളുടെ നികുതി 15 ശതമാനത്തില്‍ നിന്ന് 20 ശതമാനമായും ഉയര്‍ത്തിയിട്ടുണ്ട്. കഴിഞ്ഞ സാമ്പത്തിക വര്‍ഷം ഈ ഉത്പന്നങ്ങളുടെ ഇറക്കുമതി മൂല്യം 86,000 കോടി രൂപയായിരുന്നു.

ഇറക്കുമതി തീരുവ ഉയര്‍ത്തുന്നതോടെ വിമാന യാത്രാനിരക്കും കൂടും. വിമാന ഇന്ധനത്തിന് അഞ്ചു ശതമാനം തീരുവ ചുമത്തിയിട്ടുണ്ട്. ഇവയ്ക്ക് ഇതുവരെ നികുതിയില്ലായിരുന്നു. ക്രൂഡ് ഓയില്‍ വിലവര്‍ധന കാരണം ധനകമ്മി കൂടിയതും, രൂപയുടെ മൂല്യം ഇടിയുന്നതുമാണ് ഇറക്കുമതി തീരുവ വര്‍ധിപ്പിക്കാന്‍ കാരണം. വ്യാഴാഴ്ച മുതല്‍ നിരക്ക് വര്‍ധന പ്രാബല്യത്തില്‍ വരും.