നമസ്‌കാരത്തിന് പള്ളികള്‍ തന്നെ വേണമെന്ന് നിര്‍ബന്ധമില്ലെന്ന് സുപ്രീംകോടതി: ’94ലെ വിധി പുനഃപരിശോധിക്കില്ല’

single-img
27 September 2018

ബാബരി മസ്ജിദ് രാമജന്മഭൂമി കേസുമായി ബന്ധപ്പെട്ട അനുബന്ധ കേസ് വിശാല ഭരണഘടനാ ബെഞ്ചിന് വിടില്ലെന്ന് സുപ്രീംകോടതി. ഇസ്‌ലാമില്‍ നമസ്‌കാരത്തിന് പള്ളി അവിഭാജ്യ ഘടകമല്ലെന്ന 1994ലെ ഇസ്മാഈല്‍ ഫാറൂഖി കേസിലെ അഞ്ചംഗ വിധി ഏഴംഗ ഭരണഘടന ബെഞ്ചിന് വിടണമെന്ന സുന്നി വഖഫ് ബോര്‍ഡിന്റെ ഹര്‍ജി സുപ്രീംകോടതി തള്ളി.

മൂന്നംഗ ബെഞ്ചില്‍ അംഗങ്ങളായ ചീഫ് ജസ്റ്റിസ് ദീപക് മിശ്രക്കും ജസ്റ്റിസ് അശോക് ഭൂഷണും വേണ്ടി ഒറ്റവിധി പ്രസ്താവവും ജസ്റ്റിസ് എസ്. അബ്ദുല്‍ നസീര്‍ പ്രത്യേക വിധിയുമാണ് പുറപ്പെടുവിച്ചത്. മസ്ജിദ്/ക്ഷേത്രം/ക്രിസ്ത്യന്‍ പള്ളി അടക്കമുള്ള ആരാധനാലയങ്ങളുടെ ഭൂമി സര്‍ക്കാറിന് ഏറ്റെടുക്കാന്‍ അവകാശമുണ്ടോ എന്നതാണ് കോടതി 1994ല്‍ പരിശോധിച്ചത്.

ഒരു ആരാധനാലയത്തിന്റെ ഭൂമി ഏറ്റെടുക്കുമ്പോള്‍ മാത്രമാണ് 1994ലെ ഫാറൂഖി കേസിലെ നിരീക്ഷണം പ്രസക്തമാവുക. ഫാറൂഖി കേസിലെ നിരീക്ഷണങ്ങള്‍ ബാബരി മസ്ജിദ് രാമജന്മഭൂമി കേസില്‍ പ്രസക്തമല്ല. അതിനാല്‍ ഈ വിധി പുനഃപരിശോധിക്കേണ്ടതില്ല.

അയോധ്യയിലെ 2.77 ഏക്കര്‍ തര്‍ക്ക ഭൂമിയുടെ ഉടമസ്ഥാവകാശം ആരുടെ പേരിലുള്ളതാണെന്ന ഹര്‍ജികളില്‍ തെളിവുകളുടെ അടിസ്ഥാനത്തിലാണ് വിധി പുറപ്പെടുവിക്കുകയെന്നും ജസ്റ്റിസ് അശോക് ഭൂഷണ്‍ വിധിയില്‍ പറയുന്നു. എന്നാല്‍, ചീഫ് ജസ്റ്റിസ് ദീപക് മിശ്രയുടെയും ജസ്റ്റിസ് അശോക് ഭൂഷണിന്റെയും വിധിയോട് ജസ്റ്റിസ് എസ്. അബ്ദുല്‍ നസീര്‍ വിയോജിച്ചു.

വിശാല ബെഞ്ചിന് വിടേണ്ട കേസാണിതെന്ന് ജസ്റ്റിസ് അബ്ദുല്‍ നസീര്‍ വ്യക്തമാക്കി. ഈ വിഷയത്തില്‍ ഒരു ഭരണഘടനാ ബെഞ്ചാണ് തീരുമാനം പ്രഖ്യാപിക്കേണ്ടത്. ഒരു മുസ്‌ലിം ആരാധനാലയം മതവിശ്വാസത്തിന്റെ അഭിവാജ്യ ഘടകമാണോ എന്ന്
ഭരണഘടനാ ബെഞ്ച് പരിശോധിക്കണം.

1994ലെ ഫാറൂഖി കേസിലെ നിരീക്ഷണം ബാബരി മസ്ജിദ് കേസിലെ വിധിയെ സ്വാധീനിച്ചെന്നും അദ്ദേഹം വ്യക്തമാക്കി. ബാബരി മസ്ജിദ് കേസില്‍ മൂന്നംഗ ബെഞ്ച് മുമ്പാകെ ഒക്ടോബര്‍ 29ന് വാദം തുടങ്ങും. പള്ളിതര്‍ക്കവുമായി ബന്ധപ്പെട്ട 1994ലെ വിധിയില്‍ സുപ്രീംകോടതിയുടെ അഞ്ചംഗ ഭരണഘടന ബെഞ്ചാണ് മുസ്‌ലിംകള്‍ക്ക് നമസ്‌കരിക്കാന്‍ പള്ളി അത്യാവശ്യമല്ലെന്ന് പ്രസ്താവിച്ചത്.

എവിടെവെച്ച് വേണമെങ്കിലും നമസ്‌കരിക്കാം. ഒത്തുച്ചേരലിന് വേണ്ടി മാത്രമാണ് പള്ളി. ആവശ്യമെങ്കില്‍ സര്‍ക്കാരിന് പള്ളികള്‍ ഏറ്റെടുക്കാമെന്നായിരുന്നു വിധിയില്‍ പറഞ്ഞിരുന്നത്. മുസ്‌ലിം സമുദായത്തോടുള്ള നീതികേടാണ് 94ലെ വിധിയിലെ പരാമര്‍ശങ്ങളെന്നും ആ വിധി പുനഃപരിശോധിക്കണമെന്നും സുന്നി വഖഫ് ബോര്‍ഡ് ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരുന്നു. കേന്ദ്ര സര്‍ക്കാറും യു.പി സര്‍ക്കാരും ഈ വാദത്തെ എതിര്‍ത്തിരുന്നു.

ബാബരി മസ്ജിദ് സ്ഥിതി ചെയ്ത അയോധ്യയിലെ 2.77 ഏക്കര്‍ ഭൂമി തുല്യമായി വീതിച്ചു കൊണ്ടുള്ള 2010 മേയിലെ അലഹബാദ് ഹൈകോടതി ലക്‌നോ ബെഞ്ചിന്റെ വിധി ചോദ്യം ചെയ്യുന്ന 14 ഹരജികളിലാണ് സുപ്രീംകോടതി ഒക്ടോബര്‍ 29ന് വാദം കേള്‍ക്കുക.

മസ്ജിദ് നിലനിന്ന ഭൂമി ഉത്തര്‍പ്രദേശ് സുന്നി സെന്‍ട്രല്‍ വഖഫ് ബോര്‍ഡ്, ഹൈന്ദവ സംഘടനകളായ നിര്‍മോഹി അഖാറ, രാംലാല എന്നിവര്‍ക്കായി വീതിച്ചു നല്‍കി അലഹബാദ് ഹൈകോടതി വിധി പുറപ്പെടുവിച്ചത്. രാമജന്മഭൂമി എന്ന് തെളിഞ്ഞതിനാല്‍ മുഴുവന്‍ ഭൂമിയും ഹിന്ദുക്കള്‍ക്ക് നല്‍കണമെന്ന് ഹിന്ദു സംഘടനകളും മസ്ജിദ് നിലനിന്നതിനാല്‍ ഭൂമിയുടെ അവകാശം മുസ് ലിംകള്‍ക്ക് നല്‍കണമെന്ന് മുസ് ലിം സംഘടനകളും ഹര്‍ജികളില്‍ ചൂണ്ടിക്കാട്ടുന്നു. അതിനാല്‍ അലഹബാദ് ഹൈകോടതി വിധി റദ്ദാക്കണമെന്നാണ് മുഴുവന്‍ ഹര്‍ജിക്കാരുടെയും വാദം.