‘മോദിജിയെ കള്ളനാക്കിയ നീയും നിന്റെ വിമാനവും കൊണം വരാതെ പോകും’: റഫാല്‍ കരാറിന്റെ പേരില്‍ ടെന്നിസ് താരം റാഫേല്‍ നദാലിന്റെ ഫെയ്‌സ്ബുക് പേജില്‍ മലയാളികളുടെ ‘പൊങ്കാല’

single-img
27 September 2018

ടെന്നിസ് താരം റാഫേല്‍ നദാലിന്റെ ഫേസ്ബുക്ക് പേജില്‍ മലയാളികളുടെ പൊങ്കാല. സെപ്റ്റംബര്‍ 21ന് നദാല്‍ ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ചെയ്ത വീഡിയോയുടെ കമന്റ് ബോക്‌സിലാണ് മലയാളികള്‍ കൂട്ടത്തോടെ പ്രതികരണങ്ങളുമായി എത്തിയിരിക്കുന്നത്.

‘പരം പൂജനീയ മോദിജിയെ കള്ളനാക്കിയ നീയും നിന്റെ വിമാനവും കൊണം വരാതെ പോകണേ ഇത് സംഘ ശാപമാണ് ഫലിച്ചിരിക്കും’ എന്നാണ് പ്രീത വത്സന്‍ എന്ന ഐഡിയില്‍ നിന്നും വന്ന കമന്റ്. മോദി ജീ നിന്റെ കോപ്പിലെ വിമാനം വാങ്ങിയത് കാരണമാണ് തെറി കേള്‍ക്കുന്നതെന്നും പപ്പുമോനുമായി ചേര്‍ന്ന് ഞങ്ങളുടെ മോദി ജിയെ പെടുത്താന്‍ നോക്കുന്നോ എന്നിങ്ങനെയാണ് കമന്റുകള്‍.

‘ടാ ഇയ്യ് ഞങ്ങളെ പ്രധാനമന്ത്രിയെ അപമാനിക്കുന്നുവോ ധൈര്യം ഉണ്ടെങ്കില്‍ ഇന്ത്യയിലോട്ട് വാടാ ഹംകേ’. ‘ജിഹാദി റഫേലേ.
യഥാര്‍ത്ഥ ഭാരത പുത്രന്‍ മോദി ജിയെ അപമാനിച്ച നീ മുടിഞ്ഞു പോകുമെടാ. ജയ് മോദി ജി! ജയ് സംഘ ശക്തി!’ എന്നിങ്ങനെയാണ് കമന്റുകള്‍.

റാഫേല്‍ കരാറില്‍ നരേന്ദ്രമോദി പ്രതിരോധത്തിലായതിന് പിന്നാലെ സംഘപരിവാറിനെ ട്രോളി കൊണ്ട് കഴിഞ്ഞ ദിവസം സഞ്ജീവിനി ഫേസ്ബുക്ക് കുറിപ്പിട്ടിരുന്നു. ‘റാഫേല്‍ കരാറിനെ പറ്റി പറയേണ്ടത് ഹോളണ്ട് പ്രസിഡന്റ് അല്ലെന്നും റാഫേല്‍ ഉടമസ്ഥനായ റാഫേല്‍ നദാല്‍ ആണെന്നുമായിരുന്നു ആ പോസ്റ്റ്. ഇതിന്റെ ചുവട് പിടിച്ചാണ് റാഫേല്‍ നദാലിന്റെ ഫേസ്ബുക്ക് പേജില്‍ ‘ട്രോള്‍ പൊങ്കാല’യുമായി ചിലര്‍ എത്തിയത് എന്നാണ് സൂചന.

ആക്ഷേപഹാസ്യ സ്വഭാവമുള്ളതാണ് കൂടുതല്‍ കമന്റുകളുമെങ്കിലും അശ്ലീലച്ചുവയുള്ളവയും കൂട്ടത്തിലുണ്ട്. അതേസമയം, വീഡിയോയ്ക്ക് പ്രതികരണവുമായെത്തുന്ന നദാലിന്റെ ആരാധകരുടെ കമന്റുകളും ഇടയ്ക്കു കാണാം. എന്തായാലും, റഫാല്‍ ഇടപാടും റാഫേല്‍ നദാലും തമ്മില്‍ പേരിലുള്ള സാമ്യമല്ലാതെ മറ്റെന്തു ബന്ധം എന്ന ചോദ്യം അപ്പോഴും ബാക്കി!