35 കിലോ ഭാരം; ആറ് വര്‍ഷത്തെ കഠിനാദ്ധ്വാനം: ലോകത്തിലെ ഏറ്റവും വലുതെന്ന് കരുതുന്ന വിശുദ്ധ ഖുര്‍ആനിന്റെ കയ്യെഴുത്ത് പ്രതി പെരിന്തല്‍മണ്ണയില്‍ തയ്യാറായി: വീഡിയോ കാണാം

single-img
27 September 2018

94 സെന്റിമീറ്റര്‍ നീളം, 61 സെന്റിമീറ്റര്‍ വീതി, ആറ് സെന്റിമീറ്റര്‍ കട്ടി, 35 കിലോ ഭാരം. പെരിന്തല്‍മണ്ണ മാനത്ത് മംഗലം ചാത്തോലിപ്പറമ്പില്‍ മമ്മദിന്റെ (66) ത്യാഗനിര്‍ഭരമായ മനസാന്നിധ്യത്തില്‍ ലോകത്തിലെതന്നെ ഏറ്റവും വലുതെന്ന് കരുതുന്ന വിശുദ്ധ ഖുര്‍ആനിന്റെ കയ്യെഴുത്ത് പ്രതി തയ്യാറായി.

2013 ജനുവരി എട്ടിന് തുടക്കം കുറിച്ച ഖുര്‍ആന്‍ പകര്‍ത്തല്‍ സെപ്റ്റംബര്‍ 21ന് രാവിലെയാണ് പൂര്‍ത്തീകരിച്ചത്. ബി.എസ്.എന്‍.എല്ലില്‍ നിന്നും ജെ.ടി.ഒ. ആയി വിരമിച്ച മമ്മദ് കഴിഞ്ഞ ആറ് വര്‍ഷമായി ദിവസവും നാലു മണിക്കൂറിലേറെ സമയമാണ് ഇതിനായി നീക്കിവെച്ചത്.

ലോകത്തുടനീളം പ്രചാരത്തിലുള്ളതും സൗദി മതകാര്യവകുപ്പ് പ്രസിദ്ധീകരിക്കുന്നതുമായ ഉസ്മാനി മുസ്ഹഫിലെ അതേ അക്ഷര ശൈലിയാണ് ഇതിലും സ്വീകരിച്ചത്. സൂക്തങ്ങളുടെ പേരുകള്‍, നമ്പറുകള്‍, പാരായണ ചിഹ്‌നങ്ങള്‍ തുടങ്ങി സൗദി മുസ്ഹഫിലെ സൂക്ഷ്മത ആകെയുള്ള 604 പേജുകളിലും അതേപടി പാലിച്ചിട്ടുണ്ട്. 15 വരികളാണ് ഒരോ പേജിലും.

അധ്യായത്തിന്റെ പേര്, ‘ബിസ്മി’എന്നിവയടക്കമാണ് 15 വരികള്‍. ‘ആയത്തുകള്‍’ കൊണ്ട്? പേജ് ആരംഭിക്കുകയും ആയത്തിന്റെ അവസാനത്തോടെ പേജ് അവസാനിക്കുകയും ചെയ്യും. ഒരുവരി എഴുതാന്‍ 25 മിനിറ്റാണ് ശരശരി സമയം. കട്ടിയുള്ള ചാര്‍ട്ട് പേപ്പര്‍ പ്രസുകളില്‍ നിന്ന് പ്രത്യേകം വരുത്തിക്കുകയായിരുന്നു.

സൗദിയിലുള്ള മക്കളെത്തിച്ച് നല്‍കുന്ന ‘റോക്കോ 20’ കാലിഗ്രാഫ് പേനയാണ് എഴുതാന്‍ ഉപയോഗിച്ചത്. ഏഴാം ക്ലാസ് വരെ മാത്രം മദ്‌റസ വിദ്യാഭ്യാസമുള്ള മമ്മദ്, ഖുര്‍ആനുമായി ബന്ധപ്പെട്ട് ഇന്റര്‍നെറ്റില്‍ ലഭ്യമായ മുഴുവന്‍ വിവരങ്ങളും മക്കള്‍ മുഖേന ശേഖരിച്ച് പഠിച്ചാണ് എഴുത്തിന്റെ ശൈലി സ്വീകരിച്ചത്.

ഇതിന്റെ 11, 12 ഭാഗങ്ങള്‍ സൗദിയില്‍ ജോലി ചെയ്യുന്ന മക്കള്‍ക്കൊപ്പം താമസിച്ചാണ് പൂര്‍ത്തീകരിച്ചത്. ഈ ഭാഗങ്ങള്‍ സൗദിയിലെ ചില പണ്ഡിതന്മാരെ കാണിച്ചപ്പോള്‍ അഭിനന്ദിക്കുകയും ചെയ്തു. ഗ്രന്ഥം ബൈന്‍ഡ് ചെയ്യാന്‍ ഇന്‍ഡസ്ട്രിയല്‍, ആശാരി പണിക്കാരടക്കമുള്ളവരുടെ സേവനവും പ്രയോജനപ്പെടുത്തിയിട്ടുണ്ട്. സര്‍വീസില്‍ നിന്ന് വിരമിച്ച് പെരിന്തല്‍മണ്ണ സലഫി മസ്ജിദിനോട് അനുബന്ധിച്ച ഖുര്‍ആന്‍ ലേണിങ് സ്‌കൂളിലെ പഠിതാവായ ശേഷമാണ് ഖുര്‍ആന്‍ പകര്‍ത്തലിലേക്ക് തിരിഞ്ഞത്.

എഴുത്തിന് മാത്രമായി വീട്ടില്‍ ഒരു മുറിയും അതിനനുസൃതമായ സംവിധാനങ്ങളും ഒരുക്കുകയായിരുന്നു. സൗദി അറേബ്യ അടക്കമുള്ള അറബ് നാടുകളില്‍ ഇത്ര വലിപ്പമുള്ള ഖുര്‍ആന്‍ കയ്യെഴുത്ത് പ്രതി ഇല്ലെന്ന് രചയിതാവ് പറയുന്നു. മക്കയിലെ ഹറം അധികൃതര്‍ക്ക് ഇത് സമര്‍പ്പിക്കുന്നതിനുള്ള ആഗ്രഹത്തിലാണ് ഇദ്ദേഹം.

ഭാര്യ ഫാതിമത്ത് സുഹ്‌റയും മക്കളായ സമീര്‍, ബഷീര്‍, സലീന എന്നിവരടക്കമുള്ളവര്‍ നല്‍കിയ അകമഴിഞ്ഞ സഹായവുമാണ് ഖുര്‍ആന്‍ കയ്യെഴുത്ത് ഭംഗിയായി പൂര്‍ത്തീകരിക്കാന്‍ സഹായിച്ചതെന്ന് മമ്മദ് പറയുന്നു. എഴുത്തിന് ശേഷം പല തവണ പരിശോധിച്ച് പേരായ്മകള്‍ തീര്‍ത്ത ശേഷമാണ് ഗ്രന്ഥരൂപത്തിലാക്കിയത്.

കടപ്പാട്: മാധ്യമം