കളക്ടര്‍ ബ്രോയ്ക്ക് അപൂര്‍വ രോഗം; ചികിത്സയില്‍ കഴിയുന്ന ചിത്രം പുറത്ത്

single-img
27 September 2018

കൊച്ചി: കോഴിക്കോട് കളക്ടറായിരിക്കെ നടത്തിയ ജനകീയപ്രവര്‍ത്തനങ്ങളിലൂടെ സോഷ്യല്‍മീഡിയയില്‍ താരമായ കളക്ടര്‍ ബ്രോ പ്രശാന്ത് നായര്‍ അപൂര്‍വ രോഗത്തിന് ചികിത്സയില്‍. കൊച്ചി അമൃത ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ് ആന്‍ഡ് റിസര്‍ച്ച് സെന്ററില്‍ ചികിത്സയില്‍ കഴിയുന്ന ചിത്രം ഇന്‍സ്റ്റാഗ്രാമില്‍ കളക്ടര്‍ ബ്രോ തന്നെ പോസ്റ്റ് ചെയ്തു.

‘അക്യൂട്ട് സെന്‍സറി ന്യൂറല്‍ ഹിയറിംഗ് ലോസ്’ എന്ന രോഗമാണ് തനിക്കെന്ന് കളക്ടര്‍ കുറിച്ചു. ‘നേരത്തെ കണ്ടുപിടിച്ചതിനാല്‍ ആശങ്കപ്പെടാനില്ല. ഇതുവരെ നിരവധി പരിശോധനകളും എംആര്‍ഐ സ്‌കാനിംഗും കഴിഞ്ഞു. മരുന്നുകളോട് നന്നായി പ്രതികരിക്കുന്നുണ്ട്.

ജീവിതം എല്ലാ ദിവസവും എന്തെങ്കിലും പുതുമ സമ്മാനിക്കുന്നുണ്ട്. മനുഷ്യനാണെന്ന് തിരിച്ചറിയുന്നു. ആരോഗ്യപരമായ വെല്ലുവിളി നേരിടുമ്പോള്‍ നിങ്ങളുടെ ഉത്തരവാദിത്വങ്ങള്‍ നിങ്ങളെ തുറിച്ചുനോക്കും ‘അദ്ദേഹം ഇന്‍സ്റ്റാഗ്രാമില്‍ കുറിച്ചു.

മകള്‍ അമ്മുവാണ് തന്റെ ചിത്രമെടുത്തതെന്നും പ്രശാന്ത് നായര്‍ പറയുന്നു. അയ്യോ പാവം എന്ന നിലയിലുള്ള രോഗിയുടെ മുഖഭാവം ചിത്രത്തില്‍ കിട്ടിയിട്ടുണ്ടെന്നും മകളുടെ ഫോട്ടോഗ്രഫി നന്നായി വരുന്നതില്‍ സന്തോഷമുണ്ട്. ഫോട്ടോഗ്രാഫര്‍ തീര്‍ച്ചയായും അഭിനന്ദനം അര്‍ഹിക്കുന്നു – കളക്ടര്‍ ബ്രോ കുറിച്ചു.