ഒമാനില്‍ വീടിന് തീപിടിച്ച് ഒരു കുടുംബത്തിലെ 10 പേര്‍ മരിച്ചു

single-img
27 September 2018

മസ്‌കത്ത്: ബാത്തിന ഗവര്‍ണറേറ്റിലെ സഹം ഖോര്‍ അല്‍ ഹമ്മാം പ്രദേശത്ത് വീടിന് തീപിടിച്ച് സ്വദേശി കുടുംബത്തിലെ പത്തു പേര്‍ മരിച്ചു. വ്യാഴാഴ്ച പുലര്‍ച്ചെ നാലു മണിയോടെയാണ് തീപിടിത്തമുണ്ടായത്. പുക ശ്വസിച്ചാണ് പത്തു പേരും മരിച്ചതെന്ന് പബ്ലിക് അതോറിറ്റി ഫോര്‍ സിവില്‍ ഡിഫന്‍സ് ആന്‍ഡ് ആംബുലന്‍സ് അധികൃതര്‍ അറിയിച്ചു. തീപിടിച്ച സ്ഥലത്ത് സിവില്‍ ഡിഫന്‍സ് അധികൃതര്‍ എത്തും മുന്‍പേ മരണം സംഭവിച്ചിരുന്നു.

താഴത്തെ നിലയിലെ മുറിയില്‍ നിന്നാണ് തീപിടിത്തമുണ്ടായത്. ഇത് മുകളിലെ നിലയിലേക്കുള്‍പ്പടെ പടര്‍ന്നു. ഈ സമയം ഉറങ്ങിക്കിടക്കുകയായിരുന്ന വീട്ടുകാര്‍ അമിതമായ പുകയില്‍ അകപ്പെടുകയും പുക ശ്വസിച്ച് മരണം സംഭവിക്കുകയായുമായിരുന്നുവെന്ന് സിവില്‍ ഡിഫന്‍സ് വ്യക്തമാക്കി. തീപൂര്‍ണമായും നിയന്ത്രിക്കുകയും മൃതദേഹങ്ങള്‍ നീക്കം ചെയ്യുകയും ചെയ്തു. അപകടത്തിന്റെ കാരണം വ്യക്തമല്ല.