ഐപിസി 497 റദ്ദാക്കി: വിവാഹേതര ലൈംഗിക ബന്ധം ക്രിമിനല്‍ കുറ്റമല്ലെന്ന് സുപ്രീംകോടതിയുടെ നിര്‍ണായക വിധി

single-img
27 September 2018

വിവാഹേതര ബന്ധം ക്രിമിനല്‍ കുറ്റമല്ലെന്ന് സുപ്രീ കോടതി. വിവാഹേതര ലൈംഗിക ബന്ധം കുറ്റകരമാക്കുന്ന ഐപിസി 497ാം വകുപ്പ് സുപ്രീംകോടതി റദ്ദാക്കി. ചീഫ് ജസ്റ്റീസ് അധ്യക്ഷനായ അഞ്ചംഗ ഭരണഘടനാ ബഞ്ചാണ് 160 വര്‍ഷം പഴക്കമുള്ള നിയമം ഇല്ലാതാക്കിയത്.

വിവാഹേതര ബന്ധം കുറ്റകരമാക്കുന്ന 497ാം വകുപ്പ് ഭരണഘടനാ വിരുദ്ധമാണെന്ന സുപ്രധാന നിരീക്ഷണമാണ് സുപ്രീംകോടതി നടത്തിയത്. വിവാഹമോചനം ആവശ്യപ്പെടുമ്പോള്‍ വിവാഹേതര ബന്ധത്തെ കുറ്റകൃത്യമായി കണക്കാക്കാം.

അതുപോലെ വിവാഹേതര ബന്ധത്തിന്റെ പേരില്‍ പങ്കാളി ആത്മഹത്യ ചെയ്താല്‍ തെളിവുകളുണ്ടെങ്കില്‍ ആത്മഹത്യാ പ്രേരണയ്ക്ക് കേസെടുക്കാവുന്നതാണെന്നും ചീഫ് ജസ്റ്റിസ് ദീപക് മിശ്രയും ജസ്റ്റിസ് ഖാന്‍വില്‍ക്കറും പറഞ്ഞു.

സ്ത്രീയുടെ അധികാരി ഭര്‍ത്താവല്ല. സ്ത്രീക്കും പുരുഷനും തുല്യ അധികാരമാണ്. വിവേചനം ഭരണഘടനാവിരുദ്ധമാണ്. വിവാഹേതരബന്ധത്തില്‍ പുരുഷനെ മാത്രം കുറ്റക്കാരനാക്കുന്ന ഐപിസി സെക്ഷന്‍ 497 സ്ത്രീകളുടെ അഭിമാനത്തിന് കളങ്കമേല്‍പ്പിക്കുന്നു.

തുല്യതയ്ക്കുള്ള അവകാശം ലംഘിക്കുന്നു. സമൂഹം പറയുന്നതുപോലെ പ്രവര്‍ത്തിക്കാന്‍ സ്ത്രീ ബാധ്യസ്ഥയല്ലെന്നും ഇരുവരും വ്യക്തമാക്കി. സെക്ഷന്‍ 497 ഭരണഘടനാ വിരുദ്ധമാണെന്നും നീക്കം ചെയ്യേണ്ടതാണെന്നും ജസ്റ്റിസ് ആര്‍.എഫ്. നരിമാനും വിലയിരുത്തി.

വിവാഹേതര ബന്ധത്തില്‍ ഏര്‍പ്പെടുന്ന സ്ത്രീയെയും കുറ്റക്കാരിയാക്കണമെന്ന പൊതുതാല്‍പര്യ ഹര്‍ജിയില്‍ വിധി പറയുകയാണു സുപ്രീംകോടതി. നിലവില്‍ ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ 497–ാം വകുപ്പ് വിവാഹേതര ബന്ധത്തിലേര്‍പ്പെടുന്ന പുരുഷന്മാര്‍ക്കെതിരെ മാത്രമാണ്.

സ്ത്രീകളെ ഇരകളായി കാണുന്ന വകുപ്പ് ലിംഗ അസമത്വത്തിനു തെളിവാണ്. സ്ത്രീകളെയും നിയമത്തിനു കീഴില്‍ കൊണ്ടുവരണമെന്ന് ആവശ്യപ്പെട്ടു പൊതുപ്രവര്‍ത്തകന്‍ ജോസഫ് ഷൈനാണു കോടതിയെ സമീപിച്ചത്. വിവാഹവുമായി ബന്ധപ്പെട്ട വിഷയം ക്രിമിനല്‍ കുറ്റമായി നിലനിര്‍ത്തുന്നതിനെ കോടതി വാദത്തിനിടെ ചോദ്യം ചെയ്തു.

രണ്ടു വ്യക്തികള്‍ തമ്മിലുളള ബന്ധം എങ്ങനെയാണു സമൂഹത്തിനെതിരെയുളള കുറ്റകൃത്യമാകുന്നതെന്നും ആരാഞ്ഞു. വിവാഹേതര ബന്ധങ്ങള്‍ പൊതുകുറ്റകൃത്യമാണെന്നാണു കേന്ദ്രസര്‍ക്കാര്‍ നിലപാട്.