Sports

മൊര്‍ത്താസയുടെ ക്യാച്ചില്‍ പാക്കിസ്ഥാന്‍ വീണു: ഏഷ്യാകപ്പില്‍ നാളെ ഇന്ത്യ ബംഗ്ലാദേശ് ഫൈനല്‍: വീഡിയോ

ഏഷ്യാകപ്പ് ക്രിക്കറ്റിലെ നിര്‍ണായക മത്സരത്തില്‍ പാക്കിസ്ഥാനെതിരെ ബംഗ്ലാദേശിന് ജയം സമ്മാനിക്കുന്നതില്‍ നിര്‍ണായകമായത് ക്യാപ്റ്റന്‍ മഷ്‌റഫി മൊര്‍ത്താസയുടെ പ്രകടനമായിരുന്നു. തുടക്കത്തിലെ തകര്‍ച്ചക്കുശേഷം പാക്കിസ്ഥാന്‍ ഷൊയ്ബ് മാലിക്കിലൂടെയും ഇമാമുള്‍ ഹഖിലൂടെയും കരകയറുമ്പോഴായിരുന്നു 21ാം ഓവറില്‍ റൂബല്‍ ഹൊസൈന്റെ പന്തില്‍ മൊര്‍ത്താസയുടെ പറക്കും ക്യാച്ച് പിറന്നത്.

മിഡ്‌വിക്കറ്റിന് മുകളിലൂടെ ബൗണ്ടറി നേടാനുള്ള മാലിക്കിന്റെ ശ്രമമായിരുന്നു മൊര്‍ത്താസയുടെ മികവിന് മുന്നില്‍ തോറ്റുപോയത്. ഇമാമുള്‍ ഹഖും മാലിക്കും ചേര്‍ന്ന് രക്ഷാപ്രവര്‍ത്തനം നടത്തി പാക്കിസ്ഥാനെ വിജയത്തിലേക്ക് അടുപ്പിക്കുമെന്ന ഘട്ടത്തിലായിരുന്നു ആ ക്യാച്ച്. അതോടെ പാക്കിസ്ഥാന്റെ വിജയപ്രതീക്ഷ മങ്ങി. 35കാരനായ മൊര്‍ത്താസ ഏത് യുവതാരത്തെയും അസൂയപ്പെടുത്തുവിധമാണ് ക്യാച്ച് കൈയിലൊതുക്കിയത്.

 

ടോസ് നേടി ആദ്യം ബാറ്റിംഗിനിറങ്ങിയ ബംഗ്‌ളാദേശ് 48.5 ഓവറില്‍ 239 റണ്‍സെടുത്ത് ആള്‍ഔട്ടായി. എന്നാല്‍ മറുപടിക്കിറങ്ങിയ പാകിസ്ഥാന് 50 ഓവറില്‍ 9 വിക്കറ്റ് നഷ്ടത്തില്‍ 202 റണ്‍സെടുക്കാനെ കഴിഞ്ഞുള്ളൂ. ഇതോടെ നാളെ നടക്കുന്ന ഫൈനലില്‍ ബംഗ്ലാദേശ് ഇന്ത്യയെ നേരിടും.

ആദ്യ അഞ്ചോവറിനുള്ളില്‍ 12/3 എന്ന നിലയില്‍ പതറിയ ബംഗ്‌ളാദേശിനെ മാന്യമായ സ്‌കോറിലേക്ക് നയിച്ചത് മുഷ്ഫിഖ് ഉര്‍ റഹിമിന്റെയും (99), മുഹമ്മദ് മിഥുന്റെയും (60) അര്‍ദ്ധ സെഞ്ച്വറികളാണ്. മൂന്നാം ഓവറില്‍ ഓപ്പണര്‍ സൗമ്യ സര്‍ക്കാരിനെ ഭഖര്‍ സമാന്റെ കൈയിലെത്തിച്ച് ജുനൈദ് ഖാനാണ് പാകിസ്ഥാന് ആദ്യ ബ്രേക്ക് നല്‍കിയത്. അടുത്ത ഓവറില്‍ മോമിനുല്‍ ഹഖിനെ (5) ഷഹീന്‍ ഷാ അഫ്രീദി ക്‌ളീന്‍ ബൗള്‍ഡാക്കി. അഞ്ചാം ഓവറില്‍ ജുനൈദ്ഖാന്‍ ലിട്ടണ്‍ ദാസിന്റെയും (6) കുറ്റി തെറുപ്പിച്ചു. ഇതോടെയാണ് ബംഗ്‌ളാദേശ് 12/3 എന്ന നിലയിലായത്.

തുടര്‍ന്ന് ക്രീസിലൊരുമിച്ച മുഷ്ഫിഖുറും മിഥുനും ചേര്‍ന്ന് 29 ഓവറോളം ക്രീസില്‍ നിന്നത് കളിയുടെ ഗതി മാറ്റിക്കുറിച്ചു. ആദ്യഘട്ടത്തിലെ കടിഞ്ഞാണ്‍ കൈവിട്ട പാക് ബൗളര്‍മാര്‍ പിന്നീട് റണ്‍ വഴങ്ങാന്‍തുടങ്ങി. 15ാം ഓവറില്‍ 50 കടന്നിരുന്ന ബംഗ്‌ളാദേശ് 25ാം ഓവറില്‍ 100 ലെത്തി. 34ാം ഓവറില്‍ ടീം സ്‌കോര്‍ 156ല്‍ നില്‍ക്കവെയാണ് 144 റണ്‍സ് കൂട്ടിച്ചേര്‍ത്ത സഖ്യം പിരിയുന്നത് 84 പന്തുകളില്‍ നാല് ബൗണ്ടറികളടക്കം 60 റണ്‍സടിച്ച മുഹമ്മദ് മിഥുനെ ഹസന്‍ അലി സ്വന്തം ബൗളിംഗില്‍ പിടികൂടുകയായിുന്നു. തുടര്‍ന്ന് ഇംറുല്‍ഖൈസ് (9) ഷദാബ് ഖാന്റെ പന്തില്‍ വിക്കറ്റിനുമുന്നില്‍ കുരുങ്ങി മടങ്ങി.

42ാം ഓവറിലാണ് സെഞ്ച്വറിക്ക് ഒരു റണ്‍സ് മാത്രമകലെ മുഷ്ഫിഖുറിന് നിര്‍ഭാഗ്യവാനായി മടങ്ങേണ്ടി വന്നത്. ഷഹീന്‍ ഷായുടെ പന്തില്‍ സര്‍ഫ്രാസ് ക്യാച്ചെടുത്ത് മുഷ്ഫിഖുറിനെ പുറത്താക്കുകയായിരുന്നു. 116 പന്തുകള്‍ നേരിട്ട ബംഗ്‌ളാ വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ ഒന്‍പത് ബൗണ്ടറികള്‍പറത്തിയിരുന്നു. തുടര്‍ന്ന് മഹ്മൂദുള്ള (25), മെഹ്ദി ഹസന്‍ (12), മൊര്‍ത്താസ (13), റൂബല്‍ ഹൊസൈന്‍ (1) എന്നിവരും പുറത്തായി.

തുടര്‍ന്ന് ബാറ്റിംഗിനിറങ്ങിയ പാകിസ്ഥാനെ നാല് വിക്കറ്റ് വീഴ്ത്തിയ ബംഗ്ലാ പേസര്‍ മുസ്തഫിസുര്‍ റഹ്മാനാണ് പ്രതിസന്ധിയില്‍ ആക്കിയത്. മെഹന്ദി ഹസന്‍ രണ്ട് വിക്കറ്റ് വീഴ്ത്തി. 83 റണ്‍സെടുത്ത ഇമാം ഉള്‍ ഹഖിന് മാത്രമാണ് പാക് ബാറ്റിംഗ് നിരയില്‍ പിടിച്ചു നില്‍ക്കാനായത്.