അജു വര്‍ഗീസിനെതിരായ കേസ് റദ്ദാക്കി

single-img
27 September 2018

കൊച്ചി: യുവനടിയെ പീഡിപ്പിച്ച കേസില്‍ ഇരയുടെ പേര് വെളിപ്പെടുത്തിയതിന്റെ പേരില്‍ നടന്‍ അജു വര്‍ഗീസിനെതിരായ കേസ് ഹൈക്കോടതി റദ്ദാക്കി. കളമശ്ശേരി പൊലീസ് എടുത്ത കേസാണ് കോടതി റദ്ദാക്കിയത്. ജസ്റ്റിസ് സുനില്‍ തോമസ്സിന്റെതാണ് ഉത്തരവ്.

ദുരുദ്ദേശപരമായല്ല പേര് പരാമര്‍ശിച്ചതെന്നും തനിക്കെതിരായ കേസ് റദ്ദാക്കണമെന്നും അജു വര്‍ഗീസ് കോടതിയില്‍ ആവശ്യപ്പെട്ടിരുന്നു. തനിക്കെതിരെയുള്ള കേസ് റദ്ദാക്കുന്നതില്‍ വിരോധമില്ലെന്ന് കാണിച്ചു ഇരയായ നടിയുടെ സത്യവാങ്മൂലവും അജു വര്‍ഗീസ് ഹരജിയോടൊപ്പം സമര്‍പ്പിച്ചിരുന്നു.

നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ ദിലീപിനെ ന്യായീകരിച്ചു കൊണ്ട് അജു വര്‍ഗ്ഗീസ് ഇട്ട പോസ്റ്റാണ് കേസിലേക്ക് നയിച്ചത്. ഇരയായ നടിക്കൊപ്പവും ദിലീപിനൊപ്പവും താന്‍ ഉണ്ടെന്ന് വിശദീകരിക്കുന്ന പോസ്റ്റില്‍ നടിയുടെ പേരും അജു പറഞ്ഞിരുന്നു. സംഭവം വിവാദമായതോടെ കളമശ്ശേരി പൊലീസ് അജുവിനെതിരെ കേസെടുക്കുകയായിരുന്നു.

നടിയുടെ പേര് ഉപയോഗിച്ചത് തെറ്റാണെന്ന് മനസിലാക്കിയതായും അത് തിരുത്തുന്നതായും വ്യക്തമാക്കി അജു വര്‍ഗീസ് ക്ഷമ ചോദിച്ചിരുന്നു. പിന്നീട് കളമശ്ശേരി പൊലീസ് മുന്‍പാകെ ഹാജരായ അജുവിന്റെ ഫോണ്‍ ശാസ്ത്രീയ പരിശോധനകള്‍ക്കായി പൊലീസ് വാങ്ങി വച്ചിരുന്നു. ആവശ്യമെങ്കില്‍ അജുവിനെ അറസ്റ്റ് ചെയ്യുമെന്നായിരുന്നു പൊലീസിന്റെ നിലപാട്.