National

ആ ലാന്‍ഡിങ് ശ്രമം വിജയിച്ചില്ലായിരുന്നുവെങ്കില്‍ 370 ജീവനുകള്‍ നഷ്ടമായേനേ…: എയര്‍ഇന്ത്യ വിമാനം വന്‍ദുരന്തത്തില്‍നിന്ന് രക്ഷപ്പെട്ടത് പൈലറ്റുമാരുടെ മനഃസാന്നിധ്യം കൊണ്ട്

370 യാത്രക്കാരുമായി ന്യൂയോര്‍ക്കിലേക്കു പറന്ന എയര്‍ഇന്ത്യ ബോയിങ് 777–300 വിമാനം അഭിമുഖീകരിച്ചതു വന്‍ദുരന്തം. രക്ഷപ്പെട്ടതു പൈലറ്റുമാരുടെ മനഃസാന്നിധ്യത്തിന്റെ മാത്രം കരുത്തില്‍. സെപ്റ്റംബര്‍ 11ന് സംഭവിച്ച അപകടത്തിന്റെ കാര്യകാരണങ്ങള്‍ പൈലറ്റുമാര്‍ വിശദീകരിച്ചപ്പോള്‍ കേട്ടിരുന്നവരെല്ലാം അമ്പരന്നു.

370 യാത്രക്കാരായിരുന്നു ആ സമയത്ത് വിമാനത്തിലുണ്ടായിരുന്നത്. ഡല്‍ഹിയില്‍നിന്ന് ന്യൂയോര്‍ക്കിലേക്കുള്ള യാത്രയിലായിരുന്നു വിമാനം. തുടര്‍ച്ചയായി പറന്നത് പതിനഞ്ചു മണിക്കൂറോളം. പ്രതികൂല കാലാവസ്ഥയെ തുടര്‍ന്ന് ലാന്‍ഡിങ്ങിന് സഹായിക്കുന്ന ഉപകരണങ്ങള്‍ തകരാറിലായതാണ് പ്രതിസന്ധിക്കു കാരണമായത്.

ഒപ്പം വിമാനത്തിന്റെ ഇന്ധനവും കുറയാന്‍ തുടങ്ങി. എന്നാല്‍ മനഃസാന്നിധ്യം കൈവിടാതെയുള്ള നീക്കത്തിലൂടെ പൈലറ്റുമാര്‍ വിമാനം നെവാര്‍ക്കില്‍ നിലത്തിറക്കുകയായിരുന്നു. ക്യാപ്റ്റന്‍ റുസ്തം പാലിയ, സെക്കന്‍ഡ് സീനിയര്‍ കമാന്‍ഡര്‍ സുഷാന്ത് സിങ്, ഫസ്റ്റ് ഓഫീസര്‍മാരായ വികാസ്, ഡി എസ് ഭട്ടി എന്നിവരാണ് 370 ജീവനുകളെ സുരക്ഷിതമായി താഴെയെത്തിച്ചത്.

വിമാനത്തിന്റെ കോക്പിറ്റിനുള്ളില്‍ സംഭിച്ചത് ഇവയായിരുന്നു. വിമാനത്തിന്റെ മൂന്ന് റേഡിയോ ആള്‍ട്ട്മീറ്ററില്‍ രണ്ടെണ്ണം തകരാറിലായി. വിമാനവും നിലവും തമ്മിലുള്ള ദൂരം കണക്കാക്കി ലാന്‍ഡിങ്ങിന് സഹായിക്കുന്നവയാണ് ആള്‍ട്ട് മീറ്റര്‍. ആകെ ഒരെണ്ണം മാത്രമേ പ്രവര്‍ത്തിക്കുന്നുണ്ടായിരുന്നുള്ളു-സീനിയര്‍ കമാന്‍ഡര്‍ കൂടിയായ രസ്തം പറയുന്നു.

വിമാനം ലാന്‍ഡ് ചെയ്യാന്‍ പൈലറ്റിനെ സഹായിക്കേണ്ട ഉപകരണങ്ങളൊന്നും അപ്പോള്‍ പ്രവര്‍ത്തിക്കുന്നുണ്ടായിരുന്നില്ലക്യാപ്റ്റന്‍ സുഷാന്ത് സിങ് കൂട്ടിച്ചേര്‍ക്കുന്നു. വിമാനത്തിന്റെ സെക്കന്‍ഡ് സീനിയര്‍ കമാന്‍ഡര്‍ കൂടിയാണ് സുഷാന്ത്. റേഡിയോ ആള്‍ട്ട് മീറ്ററില്‍നിന്നു ലഭിക്കുന്ന വിവരങ്ങളുപയോഗിച്ച് പ്രവര്‍ത്തിക്കുന്ന ഇന്‍സ്ട്രുമെന്റ് ലാന്‍ഡിങ് സിസ്റ്റവും തകരാറിലായിരുന്നു.

ഓട്ടോ ലാന്‍ഡിങ്ങില്ല, വിന്‍ഡ് ഷിയര്‍ ഇല്ല, ഓട്ടോ സ്പീഡ് ബ്രേക്കില്ല, ഓക്‌സിലിയറി പവര്‍ യൂണിറ്റ് പ്രവര്‍ത്തനരഹിതമാണ് ന്യൂയോര്‍ക്കിലെ എയര്‍ ട്രാഫിക്ക് കണ്‍ട്രോളിന് സംഭവ ദിവസം ക്യാപ്റ്റന്‍ റസ്തം അയച്ച സന്ദേശമാണിത്. വിമാനത്തെ സുരക്ഷിതമായി നിലത്തിറക്കാന്‍ സഹായിക്കേണ്ട സംവിധാനങ്ങളൊക്കെയും തകരാറിലായെന്ന് ചുരുക്കം.

ഓട്ടോമാറ്റിക് സംവിധാനങ്ങള്‍ തകരാറിലായതോടെ കൈ കൊണ്ട് പ്രവര്‍ത്തിപ്പിക്കാവുന്ന ലാന്‍ഡിങ് ഉപകരണങ്ങള്‍ ഉപയോഗിക്കാന്‍ എയര്‍ ട്രാഫിക് കണ്‍ട്രോളില്‍നിന്ന് നിര്‍ദേശം ലഭിച്ചു. ന്യൂയോര്‍ക്കില്‍ ഇറക്കാന്‍ സാധിക്കാത്ത സാഹചര്യത്തില്‍ മറ്റൊരു വിമാനത്താവളത്തില്‍ ഇറക്കുകയെന്നതായിരുന്നു പൈലറ്റുമാരുടെ മുന്നിലുണ്ടായിരുന്ന വഴി.

എന്നാല്‍ അത് അത്ര എളുപ്പമായിരുന്നില്ല. പ്രദേശത്തെ കാലാവസ്ഥ വളരെ മോശമായിരുന്നു. മാത്രവുമല്ല, അല്‍ബേനി, ബോസ്റ്റണ്‍, ബ്രാഡ്‌ലി വിമാനത്താവളങ്ങളിലേക്ക് പറക്കാനാവശ്യമായ ഇന്ധനം വിമാനത്തിലുണ്ടായിരുന്നുമില്ല. കുറച്ചു സമയം ജോണ്‍ എഫ് കെന്നഡി വിമാനത്താവളത്തിനു മുകളില്‍ വട്ടമിട്ടു പറന്നെങ്കിലും അവിടെയും ഇറക്കാനായില്ല.

തുടര്‍ന്ന് നെവാര്‍ക്കില്‍ വിമാനം അടിയന്തരമായി ഇറക്കാന്‍ തീരുമാനിക്കുകയായിരുന്നു. എന്നാല്‍ അപ്പോഴേക്കും മറ്റ് പ്രശ്‌നങ്ങള്‍ തലപൊക്കി തുടങ്ങി. യന്ത്രത്തകരാറു മൂലം വിമാനത്തിന്റെ നിയന്ത്രണം കൈവിട്ടു പോകുന്നതുപോലെ തോന്നി. വെര്‍ട്ടിക്കല്‍ നാവിഗേഷനിലും ക്രമക്കേടുണ്ടായി. അതോടെ വിമാനം ഇറക്കാന്‍ ഉദ്ദേശിച്ചിരുന്ന പാതയില്‍നിന്ന് മാറിപ്പറക്കാന്‍ തുടങ്ങി. മേഘങ്ങള്‍ കാരണം പൈലറ്റിന് നെവാര്‍ക്കിലെ റണ്‍വേ കാണാന്‍ സാധിക്കാത്ത അവസ്ഥ.

റണ്‍വേയിലെ ലൈറ്റുകള്‍ കാണാന്‍ സാധിച്ചത് വെറും നാനൂറ് അടി മുകളില്‍വച്ചാണ്. 1.5 മൈല്‍ ദൂരമാണ് റണ്‍വേയിലേക്കുണ്ടായിരുന്നത്. അപ്പോള്‍ മറ്റൊരു പ്രതിസന്ധി ഉടലെടുത്തു. നല്ല വേഗത്തിലായിരുന്നു വിമാനം പറന്നുകൊണ്ടിരുന്നത്. അതുകൊണ്ടു തന്നെ വേഗം നിയന്ത്രിച്ച് വിമാനത്തെ താഴെയിറക്കുക എന്നതായിരുന്നു ആ പ്രതിസന്ധി.

വിമാനവും നിലവും തമ്മിലുള്ള ഉയരം കണക്കാക്കാന്‍ സഹായിച്ചിരുന്ന ഉപകരണങ്ങള്‍ തകരാറിലായതിനാല്‍, ഉയരത്തെ കുറിച്ച് ഏകദേശ ധാരണ മാത്രമായിരുന്നു പൈലറ്റുമാര്‍ക്ക് ഉണ്ടായിരുന്നത്. തുടര്‍ന്ന് വിമാനത്തിന്റെ വേഗത മുന്നൂറു കിലോമീറ്ററാക്കാന്‍ പൈലറ്റ് റുസ്തം തീരുമാനിച്ചു.

യന്ത്രസഹായമൊന്നുമില്ലാതെ മനുഷ്യസാധ്യമായ മാര്‍ഗങ്ങളും കണക്കുകളും ഉപയോഗിച്ചായിരുന്നു വിമാനം താഴെയിറക്കിയത്. അങ്ങനെ 370 യാത്രക്കാരുടെ ജീവന്‍ സുരക്ഷിതമാക്കി കൊണ്ട് വിമാനം നെവാര്‍ക്കിലെ റണ്‍വേയിലേക്ക് പറന്നിറങ്ങി. അപകടമുനമ്പിലായിട്ടും സുരക്ഷിതമായി ലാന്‍ഡ് ചെയ്യാമെന്നുള്ള പൈലറ്റുമാരുടെ ആത്മവിശ്വാസത്തെ വാഴ്ത്തുകയാണു സഹപ്രവര്‍ത്തകര്‍. ഒന്നിലേറെ വീഴ്ചകളും തകരാറുകളും ബോയിങ് 777–300 വിമാനത്തില്‍ സംഭവച്ചതിനെക്കുറിച്ച് എയര്‍ഇന്ത്യ അന്വേഷണം തുടങ്ങി.