പെട്ടെന്നൊരു ബസ് ഞങ്ങളുടെ കാറിനെ ഇടിക്കുകയായിരുന്നു: മോനിഷ മരിച്ച അന്നത്തെ അപകടത്തെക്കുറിച്ച് അമ്മ ശ്രീദേവി ഉണ്ണി പറയുന്നു: വീഡിയോ

single-img
26 September 2018

പതിനാലാം വയസില്‍ അഭിനയമികവിന്റെ ഉര്‍വശിപ്പട്ടം സ്വന്തമാക്കിയ നടി മോനിഷ വിടവാങ്ങിയിട്ട് ഇരുപത്തിയാറ് വര്‍ഷങ്ങള്‍ കഴിഞ്ഞു. നഖക്ഷതങ്ങള്‍ എന്ന ചിത്രത്തിലൂടെ അഭിനയ രംഗത്തേയ് കടന്നു വന്ന മോനിഷ വെറും ആറ് വര്‍ഷങ്ങള്‍ കൊണ്ടാണ് മലയാളിക്ക് ഒരിക്കലും മറക്കാനാവാത്ത താരമായത്.

നഖക്ഷതങ്ങളും അധിപനും ആര്യനും പെരുന്തച്ചനും കമലദളവും.. സിനിമയില്‍ കത്തി നില്‍ക്കുന്ന സമയത്താണ് മോനിഷയെ ഒരു കാറപകടത്തിന്റെ രൂപത്തില്‍ മരണം തട്ടിയെടുത്തത്. 1992 ല്‍ ചെപ്പടി വിദ്യ എന്ന സിനിമയുടെ ചിത്രീകരണം നടക്കുന്നതിനിടയില്‍ മോനിഷയും അമ്മയും സഞ്ചരിച്ചിരുന്ന കാര്‍ ബസുമായി കൂട്ടിയിടിക്കുകയായിരുന്നു.

അപകടത്തില്‍ തലച്ചേറിനുണ്ടായ പരിക്ക് മൂലം മോനിഷ സംഭവ സ്ഥലചത്ത് വെച്ച് തന്നെ മരിച്ചു. കഴിഞ്ഞ ദിവസം വയലിനിസ്റ്റ് ബാലഭാസ്‌കറും കുടുംബവും സഞ്ചരിച്ച വാഹനം രാത്രി അപകടത്തില്‍പ്പെട്ടതോടെയാണ് മോനിഷയുടെ അപകടത്തെ കുറിച്ചും രാത്രി കാല വാഹനാപകടങ്ങളെക്കുറിച്ചുമുള്ള ചര്‍ച്ചകളും സജീവമായത്.

അന്ന് നടന്ന അപകടത്തെ കുറിച്ച് മോനിഷയുടെ അമ്മയും നടിയുമായ ശ്രീദേവി ഉണ്ണി പല ഇന്റര്‍വ്യൂകളിലും തുറന്ന് സംസാരിച്ചിരുന്നു. ഇപ്പോള്‍ മനോരമ ന്യൂസ് ചാനല്‍ ചര്‍ച്ചയില്‍ പങ്കെടുത്ത് കൊണ്ടാണ് വര്‍ഷങ്ങള്‍ ഒരുപാട് കഴിഞ്ഞിട്ടും ഇത്തരം അപകടങ്ങള്‍ സംഭവിക്കുന്നത് വേദനിപ്പിക്കുന്നതായി ശ്രീദേവി ഉണ്ണി പറഞ്ഞിരിക്കുന്നത്.

രാവിലത്തെ ഫ്‌ലൈറ്റ് കിട്ടാന്‍ തിരുവനന്തപുരത്ത് നിന്നും പുറപ്പെട്ടതാണ്. വരുമ്പോഴൊന്നും പ്രശ്‌നമുണ്ടായിരുന്നില്ല. റോഡെല്ലാം ക്ലിയര്‍ ആയിരുന്നു. മുന്‍പില്‍ നിന്ന് വരുന്ന വാഹനങ്ങള്‍ ലൈറ്റ് ഡിം ചെയ്യാറില്ല. അത് നേരെയടിക്കുന്നത് ഡ്രൈവറുടെ മുഖത്തേക്കാണ്.

മകള്‍ ഉറങ്ങുകയായിരുന്നു. ഞാന്‍ ഉറങ്ങിയിട്ടില്ല. ഡ്രൈവര്‍ ഉറങ്ങാതിരിക്കാന്‍ ഞാന്‍ സംസാരിച്ചുകൊണ്ടേയിരുന്നു. എപ്പോഴാ അദ്ദേഹത്തിന് ഉറക്കം വന്നതെന്ന് എനിക്കറിയില്ല. ആ സ്ഥലം നിരവധി അപകടങ്ങള്‍ നടന്ന സ്ഥലമാണെന്നൊക്കെ പിന്നീടാണ് അറിയുന്നത്.

എന്നാല്‍ അതൊരു ജംഗ്ഷനായിരുന്നു. അവിടെ ഇന്‍ഡിക്കേറ്ററൊന്നും ഇല്ലായിരുന്നു. അത്തരം ബോര്‍ഡുകളും ഇല്ലായിരുന്നു. അന്നത്ര സംവിധാനമൊന്നില്ലായിരുന്നു. പുലര്‍ച്ചെ സമയത്താണ് അപകടമുണ്ടാകുന്നത്. സൈഡില്‍ നിന്ന് കയറി വന്ന ബസിന്റെ ലൈറ്റ് പോലും ഞാന്‍ കാണുന്നുണ്ട്.

പെട്ടെന്നൊരു ബസ് നേരെ പോകുന്ന ഞങ്ങളുടെ കാറിനെ ഇടിക്കുകയായിരുന്നു. ഉറങ്ങാതിരുന്ന എനിക്ക് പോലും എന്താണ് സംഭവിച്ചത് എന്ന് മനസ്സിലായില്ല. എല്ലാം പെട്ടെന്നാണ് സംഭവിച്ചത്. ഡോര്‍ തുറന്ന് പുറത്തേക്ക് തെറിച്ചുപോകുന്നു. കാര്‍ പിന്നോട്ടുമറിയുന്നു.

എല്ലാം പെട്ടെന്നാണ് സംഭവിച്ചത്. ആ സമയത്ത് ഓടിയെത്തിയത് നാട്ടുകാരാണ്. അന്ന് അംബാസിഡര്‍ കാറുകളാണ് കൂടുതലും. ഓട്ടോമാറ്റിക്ക് അല്ല, ബ്രേക്ക് ചവിട്ടിയാല്‍ പോലും നില്‍ക്കില്ല. പുലര്‍ച്ചെ സമയത്താണ് കൂടുതലായും അപകടം നടക്കുന്നത്. ഒന്നുകണ്ണുചിമ്മിയാല്‍ പോയി.

ദിവസം മുഴുവന്‍ ഡ്രൈവ് ചെയ്ത് ക്ഷീണിച്ചിരിക്കുന്ന ഡ്രൈവര്‍മാരാകും സിനിമാ സെറ്റിലൊക്കെ രാത്രി സമയത്ത് വണ്ടി ഓടിക്കുക. നമുക്ക് അന്ന് ഇതൊന്നും അറിയില്ല. മഞ്ഞുകാലമാണ്, പുറത്തെ തണുപ്പ്, നേരം പുലര്‍ന്നുവരുന്നു, വാഹനങ്ങളുടെ വേഗത്തിലുള്ള വരവ്. കൂടാതെ നമ്മളെ കൃത്യസമയത്ത് എയര്‍പോട്ടില്‍ എത്തിക്കണം എന്നുള്ള വിചാരം. ഇതൊക്കെ അപകടത്തിന് കാരണങ്ങളാകാം.

വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും ഇതുപോലുള്ള അപകടങ്ങള്‍ കൂടുന്നതു കാണുമ്പോള്‍ വല്ലാത്തൊരു വേദന തോന്നുന്നു. ഞാന്‍ ഇപ്പോള്‍ രാത്രികാലങ്ങളില്‍ സഞ്ചരിക്കാറില്ല. പുലര്‍ച്ചെയുള്ള സഞ്ചാരം ഒഴിവാക്കുക. ഒഴിവാക്കത്തതാണെങ്കില്‍ പുറപ്പെടാം. എന്നാല്‍ ലക്ഷ്യത്തിലേയ്ക്ക് പറക്കരുത്. അത് പിന്നീടൊരു തീരാനഷ്ടമായി മാറും.’–ശ്രീദേവി ഉണ്ണി പറഞ്ഞു.

ആദ്യം അഭിനയിച്ച സിനിമയിലൂടെ തന്നെ തന്റെ കഴിവ് മലയാളക്കരയില്‍ തെളിയിച്ച നടിയായിരുന്നു മോനിഷ. 1986 ലായിരുന്നു നഖക്ഷതം എന്ന സിനിമയിലൂടെ മോനിഷ വെള്ളിത്തിരയിലെത്തിയത്. ആ സിനിമയിലൂടെ തന്നെ മികച്ച നടിയ്ക്കുള്ള ദേശീയ പുരസ്‌കാരം നേടാന്‍ മോനിഷയ്ക്ക് കഴിഞ്ഞിരുന്നു. അന്ന് വെറും പതിനഞ്ച് വയസ് മാത്രം പ്രായമുണ്ടായിരുന്ന മോനിഷയുടെ വളര്‍ച്ച അതിവേഗമായിരുന്നു.