വിവരാവകാശ അപേക്ഷകള്‍ എന്ന് കേട്ടാലേ മോദി സര്‍ക്കാരിന് പേടിയാണ്; മോദിയുടെ വിദ്യാഭ്യാസ യോഗ്യത ഉള്‍പ്പെടെ സര്‍ക്കാരിനെ കുഴക്കിയ എട്ട് വിവരാവകാശ അപേക്ഷകള്‍ ഇതൊക്കെയാണ്

single-img
26 September 2018

പ്രധാനമന്ത്രിയുടെ ഡിഗ്രി മുതല്‍ നോട്ട് നിരോധനത്തിന് ശേഷമുണ്ടായ ബാങ്ക് നിക്ഷേപങ്ങള്‍ വരെ നിരവധി വിവരാവകാശ അപേക്ഷകള്‍ നരേന്ദ്ര മോദിയെയും അദ്ദേഹത്തിന്റെ മന്ത്രിസഭാ അംഗങ്ങളെയും ശരിക്കും വെള്ളം കുടിപ്പിച്ചിട്ടുണ്ട്. വിവരാവകാശ നിയമ പ്രകാരം സമര്‍പ്പിക്കപ്പെട്ട ചോദ്യങ്ങളില്‍ മോദി സര്‍ക്കാരിനെ ഏറ്റവും കൂടുതല്‍ അസ്വസ്ഥപ്പെടുത്തിയ എട്ട് അപേക്ഷകള്‍ ഇതൊക്കെയാണ്.

1 . മോദിയുടെ ഡിഗ്രി

ഡല്‍ഹി യൂണിവേഴ്‌സിറ്റിയുടെ 1978 വര്‍ഷ ഡിഗ്രി ബാച്ചിലെ മുഴുവന്‍ വിദ്യാര്‍ത്ഥികളുടെയും പേര് വിവരങ്ങള്‍ ഉള്‍ക്കൊള്ളുന്ന രജിസ്റ്റര്‍ ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ട് ഡല്‍ഹിക്കാരനായ നീരജ് ശര്‍മ്മ സമര്‍പ്പിച്ച വിവരാവകാശ അപേക്ഷയാണ് ഒന്ന്. 1978 ല്‍ ഡല്‍ഹി സര്‍വ്വകലാശാലയില്‍ നിന്നും ബിരുദം കരസ്ഥമാക്കി എന്നാണ് പ്രധാനമന്ത്രി അവകാശപ്പെടുന്നത്.

എന്നാല്‍, വിവരാവകാശ അപേക്ഷക്ക് മറുപടി നല്‍കാന്‍ ഡല്‍ഹി സര്‍വ്വകലാശാല വിസമ്മതിച്ചതോടെ നീരജ് ശര്‍മ്മ കേന്ദ്ര വിവരാവകാശ കമ്മീഷനെ സമീപിച്ചിരിക്കുകയാണ്. ആവശ്യമായ വിവരങ്ങള്‍ ലഭ്യമാക്കാന്‍ കമ്മീഷന്‍ സര്‍വ്വകലാശാലയോട് ഉത്തരവിട്ടെങ്കിലും അതിനെതിരെ യൂണിവേഴ്‌സിറ്റി അധികൃതര്‍ ഡല്‍ഹി ഹൈക്കോടതിയെ സമീപിക്കുകയാണുണ്ടായത്.

2 , 3 , 4 . നോട്ട് നിരോധനം

നോട്ട് നിരോധനത്തിന് ശേഷം വിവിധ കേന്ദ്ര ജില്ലാ സഹകരണ ബാങ്കുകള്‍ സ്വീകരിച്ച അസാധു നോട്ടുകളുടെ കണക്ക് ആവശ്യപ്പെട്ടു കൊണ്ട് വിവരാവകാശ പ്രവര്‍ത്തകന്‍ മനോരഞ്ജന്‍ എസ് റോയ് സമര്‍പ്പിച്ച വിവരാവകാശ അപേക്ഷയാണ് മറ്റൊന്ന്. ബി.ജെ.പി അധ്യക്ഷന്‍ അമിത് ഷാ ഡയറക്ടര്‍ ആയ അഹമ്മദാബാദ് ജില്ലാ സഹകരണ ബാങ്കാണ് ഏറ്റവും കൂടുതല്‍ അസാധു നോട്ടുകള്‍ സ്വീകരിച്ചത് എന്ന വിവരം പുറത്താകുന്നത് റോയ് സമര്‍പ്പിച്ച വിവരാവകാശ അപേക്ഷ മൂലമാണ്.

ബി.ജെ.പിയെ ആക്രമിക്കാന്‍ പ്രതിപക്ഷം ഇത് ആയുധമാക്കിയതോടെ നരേന്ദ്ര മോദി സര്‍ക്കാര്‍ പ്രതിരോധത്തിലായി.
നോട്ടു നിരോധനത്തിന് ശേഷം അസാധുവായ ആയിരത്തിന്റെയും അഞ്ഞൂറിന്റെയും നോട്ടുകളില്‍ 99 ശതമാനവും ബാങ്കുകളില്‍ തിരിച്ചെത്തിയെന്ന് ആര്‍ ബി ഐ വ്യക്തമാക്കിയത് ഒരു വിവരാവകാശ അപേക്ഷക്കുള്ള മറുപടിയിലാണ്.

2017 ജൂണ്‍ 30 ന് വ്യാജ നോട്ടുകളുടെ എണ്ണത്തെ സംബന്ധിച്ച് വിവരമൊന്നുമില്ലെന്നും ആര്‍.ബി. ഐ വ്യക്തമാക്കിയിരുന്നു. ഇതോടെ നോട്ട് നിരോധനവുമായി ബന്ധപ്പെട്ട് കേന്ദ്ര സര്‍ക്കാര്‍ നടത്തിയ അവകാശ വാദങ്ങള്‍ മുഴുവന്‍ കള്ളമാണെന്ന് തെളിഞ്ഞു.

പ്രധാനമന്ത്രിയുടെ ജന്‍ ധന്‍ യോജന പദ്ധതിയുടെ ഭാഗമായി തുടങ്ങിയ ബാങ്ക് അക്കൗണ്ടുകള്‍ വെളുപ്പിക്കാന്‍ ഉപയോഗിക്കുന്നു എന്ന് ഒരു വിവരാവകാശ അപേക്ഷക്കുള്ള മറുപടിയില്‍ വ്യക്തമായി. ഇങ്ങനെ തുടങ്ങിയ ഒരു അക്കൗണ്ടില്‍ 93 കോടിയുടെ നിക്ഷേപം ഉള്ളതായും ഈ അപേക്ഷ കണ്ടെത്തി.

5 . ആധാര്‍ കാര്‍ഡ്

ആധാറിന് വേണ്ടി ശേഖരിച്ച പൗരന്മാരുടെ വിവരങ്ങള്‍ സര്‍ക്കാര്‍ വെബ്‌സൈറ്റുകള്‍ നിയമവിരുദ്ധമായി ചോര്‍ത്തിയിരിക്കുന്നു എന്ന് 2017 നവംബറില്‍ സമര്‍പ്പിക്കപ്പെട്ട ഒരു വിവരാവകാശ അപേക്ഷയിലൂടെ വ്യക്തമായി. സ്വകാര്യതക്കുള്ള മൗലികാവകാശത്തിന്റെ പരസ്യമായ ലംഘനമായിരുന്നു ഇത്. കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളുടേതടക്കം 210 ല്‍ കൂടുതല്‍ വെബ്‌സൈറ്റുകള്‍ ആധാര്‍ കാര്‍ഡുടമകളുടെ പേര് വിവരങ്ങളും ആധാര്‍ നമ്പറുമടക്കം ചോര്‍ത്തി എന്ന് ഈ വിവരാവകാശ അപേക്ഷയിലൂടെ പുറത്തായി.

6 . നാഗാ സമാധാന ഒത്തുതീര്‍പ്പ്

2015 ല്‍ കേന്ദ്ര സര്‍ക്കാര്‍ നാഷണല്‍ സോഷ്യലിസ്റ്റ് കൗണ്‍സില്‍ ഓഫ് നാഗാലാന്‍ഡുമായി ഉണ്ടാക്കിയ സമാധാന ഒത്തുതീര്‍പ്പിന്റെ വിവരങ്ങള്‍ ആവശ്യപ്പെട്ടു കൊണ്ട് വിവരാവകാശ പ്രവര്‍ത്തകന്‍ വെങ്കടേഷ് നായക് സമര്‍പ്പിച്ച വിവരാവകാശ അപേക്ഷയാണ് മറ്റൊന്ന്. സര്‍ക്കാരിന്റെ ദൂതന് നല്‍കിയ പണത്തിന്റെയും സോഷ്യലിസ്റ്റ് കൗണ്‍സില്‍ ഓഫ് നാഗാലാന്‍ഡ് പ്രതിനിധികള്‍ക്ക് യാത്രയും താമസവും ഒരുക്കാന്‍ ചിലവാക്കിയ പണത്തിന്റെയും കണക്ക് ലഭ്യമാക്കണമെന്ന് വെങ്കടേഷ് അപേക്ഷയില്‍ ആവശ്യപ്പെട്ടു. ദേശീയ വിവരാവകാശ കമ്മീഷന്റെ അടുത്തെത്തിയ അപേക്ഷ ‘രാജ്യത്തിന്റെ പരമാധികാരം’ ‘സുരക്ഷ’ ‘വടക്ക്കിഴക്കന്‍ സംസ്ഥാനങ്ങളിലെ സമാധാനാന്തരീക്ഷം’ എന്നീ കാരണങ്ങള്‍ പറഞ്ഞ് തള്ളിക്കളയുകയായിരുന്നു.

7 . പാചക വാതക കണക്ഷനുകള്‍

കേന്ദ്ര സര്‍ക്കാരിന്റെ സ്വപ്ന പദ്ധതികളിലൊന്നായ പ്രധാന്‍ മന്ത്രി ഉജ്ജ്വല യോജനക്ക് കീഴില്‍ വടക്ക്കിഴക്കന്‍ സംസ്ഥാനങ്ങളില്‍ ഒരു പാചക വാതക കണക്ഷന്‍ പോലും ലഭ്യമാക്കിയിട്ടില്ല എന്ന് 2017 മെയ് മാസത്തില്‍ സമര്‍പ്പിക്കപ്പെട്ട ഒരു വിവരാവകാശ അപേക്ഷയിലൂടെ വ്യക്തമായി. അരുണാചല്‍പ്രദേശ്, മേഘാലയ, മിസോറം, നാഗാലാന്‍ഡ്, ത്രിപുര, സിക്കിം തുടങ്ങിയ സംസ്ഥാങ്ങളില്‍ 2017 മെയ് 8 വരെ ഒരു കുടുംബത്തിന് പോലും ഈ പദ്ധതിപ്രകാരം പാചക വാതകം ലഭ്യമാക്കിയിട്ടില്ല എന്ന് വിവരാവകാശ അപേക്ഷക്കുള്ള മറുപടിയില്‍ പറയുന്നു. ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനങ്ങളായ അസമിലും മണിപ്പൂരിലും അഞ്ചും ഇരുപത്തഞ്ചും വീതം കണക്ഷനുകള്‍ മാത്രം ലഭ്യമാക്കിയതായും അപേക്ഷക്കുള്ള മറുപടിയില്‍ വ്യക്തമായി.

8 . ആയുഷ് മന്ത്രാലയം

മോദി സര്‍ക്കാരിനെ ഏറ്റവും കൂടുതല്‍ അസ്വസ്ഥപ്പെടുത്തിയ എട്ടാമത്തെ വിവരാവകാശ അപേക്ഷ ആയുഷ് മന്ത്രാലയവുമായി ബന്ധപ്പെട്ടതാണ്. അന്താരാഷ്ട്ര യോഗ ദിനത്തിന് വേണ്ടി മുസ്‌ലിം ചെറുപ്പക്കാരെ പരിശീലകരായി നിയമിക്കുന്നതിനോട് ആയുഷ് മന്ത്രാലയത്തിന് എതിര്‍പ്പുണ്ട് എന്ന് 2015 ല്‍ സമര്‍പ്പിക്കപ്പെട്ട ഒരു വിവരാവകാശ അപേക്ഷയിലൂടെ വ്യക്തമായി. സര്‍ക്കാരിന്റെ നയങ്ങള്‍ക്ക് എതിരാണ് എന്ന് പറഞ്ഞായിരുന്നു ആയുഷ് മന്ത്രാലയത്തിന്റെ നടപടി.

യോഗ പരിശീലകര്‍ക്കുള്ള ജോലിക്കായി അപേക്ഷിച്ച 3,841 മുസ്‌ലിം ഉദ്യോഗാര്‍ത്ഥികളില്‍ ഒരാളെ പോലും നിയമിച്ചിട്ടില്ല എന്നും അപേക്ഷക്കുള്ള മറുപടിയില്‍ മന്ത്രാലയം വ്യക്തമാക്കി. വിദേശ രാജ്യങ്ങളില്‍ ഇതേ തസ്തികയിലേക്ക് അപേക്ഷിച്ച 711 മുസ്‌ലിം യോഗ പരിശീലകര്‍ക്കും അഭിമുഖത്തിന് ക്ഷണം ലഭിച്ചില്ല. 2015 ഒക്ടോബറിലാണ് ആയുഷ് മന്ത്രാലയം വിവരാവകാശ അപേക്ഷക്ക് മറുപടി നല്‍കിയത്.