റഫാല്‍ പോര്‍വിമാന കരാര്‍ ഒപ്പിടുമ്പോള്‍ താന്‍ അധികാരത്തിലുണ്ടായിരുന്നില്ല: ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍

single-img
26 September 2018

റഫാല്‍ പോര്‍വിമാന ഇടപാടുമായി ബന്ധപ്പെട്ട കരാര്‍ ഒപ്പിടുമ്പോള്‍ താന്‍ അധികാരത്തിലുണ്ടായിരുന്നില്ലെന്ന് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍. ഇത്തരം കാര്യങ്ങളില്‍ ഫ്രാന്‍സിന് വ്യക്തമായ നിയമങ്ങളുണ്ട്. രണ്ട് സര്‍ക്കാരുകള്‍ തമ്മിലുള്ള ചര്‍ച്ചയായിരുന്നു അത്.

ഇന്ത്യയും ഫ്രാന്‍സും തമ്മില്‍ സൈനികപ്രതിരോധ മേഖലകളിലുള്ള ബൃഹത്തായ പദ്ധതികളുടെ ഭാഗമായിരുന്നു കരാറെന്നും മാക്രോണ്‍ വ്യക്തമാക്കി. ഐക്യരാഷ്ട്ര സഭ പൊതുസമ്മേളനത്തിന്റെ ഭാഗമായി മാധ്യമങ്ങളോട് സംസാരിക്കവെയാണ് റഫാല്‍ ഇടപാടിനെ കുറിച്ച് മാക്രോണ്‍ പ്രതികരിച്ചത്.

അനില്‍ അംബാനിയുടെ റിലയന്‍സ് ഡിഫന്‍സിനെ ഇടപാടില്‍ ഉള്‍പ്പെടുത്തുന്നതിന് ഇന്ത്യന്‍ സര്‍ക്കാര്‍ ഫ്രഞ്ച് സര്‍ക്കാരിനോടോ വിമാനക്കമ്പനിയോടോ ആവശ്യപ്പെട്ടിരുന്നോ എന്നായിരുന്നു മാധ്യമപ്രവര്‍ത്തകര്‍ ചോദിച്ചത്. ഇക്കാര്യം നിഷേധിക്കാതെ ഇന്ത്യയുമായുള്ള ഇടപാട് മുന്‍ പ്രസിഡന്റ് ഫ്രാന്‍സ്വാ ഒലാന്ദിന്റെ കാലത്താണെന്ന് ചൂണ്ടിക്കാട്ടി മാക്രോണ്‍ ഒഴിഞ്ഞുമാറുകയായിരുന്നു.

ഇക്കാര്യത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ഏതാനും ദിവസം മുമ്പ് പറഞ്ഞ കാര്യമാണ് ഇവിടെ സൂചിപ്പിക്കാനുള്ളതെന്ന് മാക്രോണ്‍ പറഞ്ഞുവെങ്കിലും അക്കാര്യം വിശദീകരിച്ചില്ല. കഴിഞ്ഞ വര്‍ഷം മേയിലാണ് ഇമ്മാനുവല്‍ മാക്രോണ്‍ ഫ്രഞ്ച് പ്രസിഡന്റായി ചുമതലയേറ്റത്.