ഒക്ടോബര്‍ രണ്ടുമുതല്‍ നടത്താനിരുന്ന കെഎസ്ആര്‍ടിസി അനിശ്ചിതകാല പണിമുടക്കിന് ഹൈക്കോടതിയുടെ സ്റ്റേ

single-img
26 September 2018

കെഎസ്ആര്‍ടിസിയില്‍ പിരിച്ചുവിട്ട താല്‍ക്കാലിക ജീവനക്കാരെ തിരിച്ചെടുക്കണമെന്നാവശ്യപ്പെട്ട് ഭരണ, പ്രതിപക്ഷ യൂണിയനുകള്‍ ഒക്ടോബര്‍ രണ്ടുമുതല്‍ പ്രഖ്യാപിച്ചിരുന്ന അനിശ്ചിതകാല സമരം ഹൈക്കോടതി വിലക്കി. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബഞ്ച് ഇടക്കാല ഉത്തരവിലൂടെയാണ് സ്റ്റേ നല്‍കിയത്.

അവശ്യ സര്‍വ്വീസ് എന്നതും മതിയായ നടപടിക്രമം പാലിച്ചില്ല എന്നതും പരിഗണിച്ചാണ് കോടതിയുടെ ഇടക്കാല ഉത്തരവ്. സിഐടിയു, ഐഎന്‍ടിയുസി, എഐടിയുസി, ഡ്രൈവേഴ്‌സ് ഫെഡറേഷന്‍ സംഘടനകള്‍ ഒന്നിച്ചാണ് സമര നോട്ടിസ് നല്‍കിയിരുന്നത്.

അശാസ്ത്രീയ ഡ്യൂട്ടി പരിഷ്‌കാരം പിന്‍വലിക്കുക, ഡിഎ കുടിശിക അനുവദിക്കുക തുടങ്ങിവയായിരുന്നു മറ്റു പ്രധാന ആവശ്യങ്ങള്‍. മന്ത്രി എ.കെ.ശശീന്ദ്രന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിന്റെ തീരുമാനപ്രകാരം എംഡി ടോമിന്‍ തച്ചങ്കരി ചര്‍ച്ച നടത്തിയിരുന്നെങ്കിലും പരാജയപ്പെട്ടിരുന്നു.

കുടിശ്ശിക അടക്കാത്തതിനാല്‍ ഇന്ധന കമ്പനികള്‍ വിതരണം നിര്‍ത്തിയതോടെ കെ.എസ്.ആര്‍.ടിസി.യില്‍ ഇന്ധനക്ഷാമം രൂക്ഷമാവുകയും ഇതേതുടര്‍ന്ന്, സര്‍വ്വീസുകള്‍ വെട്ടിക്കുറിച്ച് പ്രതിസന്ധിക്ക് പരിഹാരം കാണാനാണ് കെ.എസ്.ആര്‍.ടി.സി. ശ്രമിച്ചിരുന്നത്.

കെഎസ്ആര്‍ടിസി ട്രിപ്പ് റിദ്ദാക്കിയതിനെതിരെ വ്യാപകമായ പരാതി ഉയര്‍ന്നതിനെ തുടര്‍ന്ന് മുന്‍കാലങ്ങളില്‍ വാങ്ങിയ അളവില്‍ ഇന്ധനം വാങ്ങാന്‍ തീരുമാനിച്ചുവെന്ന് എം.ഡി.ടോമിന്‍ തച്ചങ്കരി വിശദമാക്കിയിരുന്നു. പ്രതിദിന വരുമാനത്തില്‍ നിന്ന് മാസശമ്പളവിതരണത്തിനായി 2 കോടി രൂപ മാറ്റിവക്കുന്ന പതിവുണ്ട്.

അതില്‍ നിന്ന് പണം കടമെടുത്ത് ഡീസല്‍ വാങ്ങാനാണ് തീരുമാനമെന്നും തച്ചങ്കരി അറിയിച്ചിരുന്നു. ഇത്തരത്തിലുള്ള കെ.എസ്.ആര്‍.ടിസി.യുടെ അശാസ്ത്രീമായ പുനരുദ്ധാരണ നടപടികളില്‍ പ്രതിഷേധിച്ചാണ് ട്രേഡ് യൂണിയനുകളുടെ സംയുക്ത സമിതി സമരം ആഹ്വാനം ചെയ്തത്. അതേസമയം എന്തു വിലക്കുണ്ടെങ്കിലും സമരവുമായി മുന്നോട്ടുപോകുമെന്നു തൊഴിലാളി സംഘടനാ നേതാക്കള്‍ അറിയിച്ചു.