ടീമിനെ നയിക്കുമ്പോള്‍ മാതൃകയാക്കിയിട്ടുള്ളത് മഹേന്ദ്രസിങ് ധോണിയെ മാത്രമാണെന്ന് വിരാട് കോഹ്‌ലി

single-img
26 September 2018

ഇന്ത്യന്‍ ക്യാപ്റ്റനെന്ന നിലയില്‍ ടീമിനെ നയിക്കുമ്പോള്‍ മാതൃകയാക്കിയിട്ടുള്ളത് മഹേന്ദ്രസിങ് ധോണിയെ മാത്രമാണെന്ന് ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോഹ്‌ലി. ഇക്കാര്യത്തില്‍ മറ്റു മാതൃകകള്‍ തനിക്കു മുന്‍പില്‍ ഇല്ല. കളിയെക്കുറിച്ച് ആദ്യം മുതലേ ധോണിയുമായി സംസാരിക്കുന്ന പതിവ് തനിക്കുണ്ടായിരുന്നുവെന്നു പറഞ്ഞ കോഹ്‌ലി, അന്നു മുതല്‍ തന്റെ നിര്‍ദ്ദേശങ്ങളും പങ്കുവച്ചിരുന്നതായി വെളിപ്പെടുത്തി.

വിസ്ഡന്‍ ക്രിക്കറ്റിനു നല്‍കിയ പ്രത്യേക അഭിമുഖത്തിലാണ് കോഹ്‌ലി മനസ്സു തുറന്നത്. കളിയെക്കുറിച്ച് ചിന്തിച്ചുകൊണ്ടിരിക്കാന്‍ എനിക്ക് ഇഷ്ടമാണ്. അതുകൊണ്ടുതന്നെ ക്യാപ്റ്റന്‍സി പരമാവധി ആസ്വദിക്കാന്‍ സാധിക്കുന്നുണ്ട്. വലിയ സ്‌കോറുകള്‍ വിജയകരമായി പിന്തുടരാന്‍ സാധിക്കുന്നതും കളിയെക്കുറിച്ചുള്ള കൃത്യമായ ചിന്ത മനസ്സിലുള്ളതുകൊണ്ടു തന്നെയാണ്. എങ്ങനെ കളിച്ചാല്‍ ലക്ഷ്യത്തിലെത്താമെന്ന ചിന്ത ആദ്യം മുതലേ നമുക്കുണ്ടാകും – കോഹ്‌ലി പറഞ്ഞു.

തന്റെ കരിയര്‍ ഇതുവരെ പൂര്‍ണമായും ആസ്വദിച്ചിട്ടുണ്ടെന്ന് കോഹ്‌ലി വ്യക്തമാക്കി. രാജ്യത്തിനായി കളിക്കണമെന്നായിരുന്നു ഏറ്റവും വലിയ ആഗ്രഹം. ഒരുപടി കൂടി കടന്ന് ടീമിനെ നയിക്കാനുള്ള നിയോഗവും എനിക്കു ലഭിച്ചിരിക്കുന്നു. കഠിനാദ്ധ്വാനം ചെയ്യാനുള്ള പ്രേരണയായും ഇതു മാറുന്നുണ്ടെന്ന് കോഹ്‌ലി ചൂണ്ടിക്കാട്ടി.