‘ശിക്ഷിക്കപ്പെടുമെന്നതിനാല്‍ ചിലത് പറയുന്നില്ല’: അഫ്ഗാനിസ്ഥാനെതിരായ മത്സരത്തില്‍ സമനില വഴങ്ങിയതിന് പിന്നാലെ ആഞ്ഞടിച്ച് ധോണി

single-img
26 September 2018

ഏഷ്യകപ്പിലെ സൂപ്പര്‍ ഫോര്‍ മത്സരത്തില്‍ അഫ്ഗാനിസ്ഥാനെതിരെ സമനില വഴങ്ങിയതിന് പിന്നാലെ അമ്പയറിംഗിനെതിരെ അതൃപ്തി പരസ്യമാക്കി ഇന്ത്യന്‍ നായകന്‍ മഹേന്ദ്ര സിംഗ് ധോണി. സമനില സ്വന്തമാക്കിയ അഫ്ഗാനെ അഭിനന്ദിച്ച ഇന്ത്യന്‍ നായകന്‍ തനിക്ക് പിഴ ശിക്ഷ ലഭിക്കുമെന്നതിനാല്‍ ചിലത് തുറന്ന് പറയുന്നില്ലെന്നും പറയുന്നു.

‘ഞങ്ങള്‍ക്ക് മികച്ച തുടക്കം ലഭിച്ചതാണ്, എന്നാല്‍ പന്നീട് മത്സരത്തിന്റെ കൃത്യമായ ഇടവേളകളില്‍ ഞങ്ങള്‍ക്ക് വിക്കറ്റുകള്‍ നഷ്ടമായി. മോശം ഷോട്ട് സെലക്ഷനുകളാണ് അവിടെ ഞങ്ങള്‍ക്ക് പിഴച്ചത്’. അതേസമയം ചില കാര്യങ്ങള്‍ പങ്കുവെക്കാന്‍ താന്‍ ആഗ്രഹിക്കുന്നില്ലെന്നും ഇന്ത്യന്‍ നായകന്‍ വ്യക്തമാക്കി.

‘രണ്ടോളം റണ്ണൗട്ടുകള്‍ക്ക് ഞങ്ങളിരയായി, ചില കാര്യങ്ങളെ കുറിച്ച് ഞാന്‍ സംസാരിക്കുന്നില്ല എന്തുകൊണ്ടെന്നാല്‍ പിഴ ശിക്ഷ വാങ്ങാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല. സമനില വഴങ്ങിയത് നന്നായി, എങ്കിലും അവര്‍ നന്നായി കളിച്ചിരുന്നു’ ധോണി പറഞ്ഞു. അഫ്ഗാനെതിരെ അപ്രതീക്ഷിതമായാണ് ധോണി ഇന്ത്യന്‍ ടീമിന്റെ നായകനായി ഇറങ്ങിയത്.

ഫൈനലില്‍ കടന്നതോടെ ഇന്ത്യന്‍ ടീം നായകനായിരുന്ന രോഹിത്തിന് വിശ്രമം അനുവദിച്ചതാണ് ധോണിയ്ക്ക് വീണ്ടും ക്യാപ്റ്റനാകാന്‍ അവസരം ലഭിച്ചത്. ഏകദിനത്തില്‍ തന്റെ 200ാം ക്യാപ്റ്റന്‍സിയാണ് ധോണി അഫ്ഗാനെതിരെ തികച്ചത്.