Kerala

സ്‌ഫോടനം പോലെ ശബ്ദം, ചുറ്റും പുക, ദീനമായ തേങ്ങലുകള്‍: ഞെട്ടല്‍ മാറാതെ ശ്രീപാദം കോളനി നിവാസികള്‍

സ്‌ഫോടനം പോലെ അത്യുഗ്രശബ്ദം കേട്ടാണ് ദേശീയപാതയോരത്തോടു ചേര്‍ന്നുള്ള പള്ളിപ്പുറം ശ്രീപാദം കോളനി നിവാസികള്‍ ഇന്നലെ പുലര്‍ച്ചെ ഞെട്ടിയുണര്‍ന്നത്. സമീപവാസികളായ ഷീജയും, 72കാരന്‍ ദേവദാസും ഓടിയെത്തുമ്പോള്‍ ഒരു കാര്‍ മരത്തിലേക്കിടിച്ചുകയറി നില്‍ക്കുകയായിരുന്നു.

കാര്‍ കാണാന്‍ കഴിയാത്തവസ്ഥയില്‍ ചുറ്റിലും പുകയും. കാറിനുള്ളില്‍ നിന്നും ദയനീയ ശബ്ദങ്ങളുയരുന്നുണ്ടായിരുന്നു. ഇതിനിടെ നിരവധിയാളുകള്‍ സ്ഥലത്തെത്തി. പക്ഷേ ആര്‍ക്കും ഉടന്‍ ഒന്നും ചെയ്യാന്‍ കഴിയാത്ത അവസ്ഥ. കാര്‍ ഞെരിഞ്ഞമര്‍ന്ന് നാലു ഡോറും തുറക്കാന്‍ കഴിയാത്ത അവസ്ഥയായിരുന്നു.

ദേശീയപാതയിലൂടെ നിരവധി വാഹനങ്ങള്‍ കടന്ന് പോയെങ്കിലും ആരും നിര്‍ത്തിയില്ല. പിന്നീട് വന്ന ഒരു വാഹനം നിര്‍ത്തി അതിലുണ്ടായിരുന്ന യാത്രക്കാരും നാട്ടുകാരും ചേര്‍ന്ന് കാര്‍ പരിശോധിച്ചപ്പോഴാണ് യുവാവും കുഞ്ഞും മുന്‍സീറ്റില്‍ രക്തത്തില്‍ കുളിച്ചവസ്ഥയില്‍ കണ്ടത്.

എന്നാല്‍ ഡോറോ ഗ്ലാസോ പൊട്ടിച്ച് ഇവരെ പുറത്തെടുക്കാന്‍ പറ്റുന്ന വസ്തുക്കള്‍ ഒന്നും കിട്ടിയില്ല. ഉടന്‍ തന്നെ ദേവദാസ് സമീപത്തെ തന്റെ വീട്ടില്‍ നിന്ന് കമ്പിപ്പാരയുമായെത്തി ഡോര്‍ കുത്തിതുറക്കുകയായിരുന്നു. അപ്പോഴേക്കും മംഗലപുരം സ്റ്റേഷനിലെ ഹൈവേ പട്രോളിങ് പൊലീസും എത്തി.

രക്ഷാപ്രവര്‍ത്തനം അപകടകരമായതിനാല്‍ ശ്രദ്ധാപൂര്‍വമായിരുന്നു പിന്നീടുള്ള നീക്കം. ഗ്ലാസ് പൊട്ടിച്ചു ഡോര്‍ പൊളിച്ചാണ് എല്ലാവരെയും പുറത്തെടുത്തത്. രക്ഷാപ്രവര്‍ത്തനത്തിന് എത്തിയ വര്‍ക്കല സ്വദേശിയായ യുവാവ് ബാലഭാസ്‌കറുടെ മകള്‍ തേജസ്വിയെ കൈകളില്‍ കോരിയെടുക്കുമ്പോഴും ജീവന്റെ തുടിപ്പുകള്‍ ബാക്കിയുണ്ടായിരുന്നു.

തിരുവനന്തപുരം എയര്‍പോര്‍ട്ടില്‍ നിന്നും തിരിച്ചുവരുമ്പോള്‍ വഴിയരികിലെ രക്ഷാപ്രവര്‍ത്തനം കണ്ടാണ് ഇദ്ദേഹം വാഹനം നിര്‍ത്തിയത്. ഇതിനിടെ കെഎസ്ആര്‍ടിസി കണിയാപുരം ഡിപ്പോയിലെ ബസ് സംഭവസ്ഥലത്തു നിര്‍ത്തി അപകടത്തില്‍പെട്ടവരെ ആശുപത്രിയിലെത്തിക്കാന്‍ ജീവനക്കാര്‍ സന്നദ്ധത കാട്ടിയെങ്കിലും ഗുരുതരാവസ്ഥയിലായവരെ ആംബുലന്‍സില്‍ കൊണ്ടുപോയാല്‍ മതിയെന്നു തീരുമാനിക്കുകയായിരുന്നു.

എന്നാല്‍ ആംബുലന്‍സിനു കാത്തുനില്‍ക്കാതെ പൊലീസ് കുട്ടിയെയും കൊണ്ട് ആശുപത്രിയിലേക്കു കുതിച്ചു. പൊലീസുദ്യോഗസ്ഥന്‍ മുകേഷ് ആണ് വാഹനമോടിച്ചത്. ജീപ്പില്‍ മുകേഷിനെക്കൂടാതെ ഗ്രേഡ് എസ്‌ഐ നാരായണന്‍ നായരും പൊലീസുദ്യോഗസ്ഥനായ നിസ്സാമും ഉണ്ടായിരുന്നു.

പത്തുമിനിറ്റുകൊണ്ടു തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ കുഞ്ഞിനെ എത്തിച്ചു. പരിശോധനയില്‍ കുഞ്ഞ് നിമിഷങ്ങള്‍ക്കു മുന്‍പു മരിച്ചതായി ഡോക്ടര്‍ സ്ഥിരീകരിച്ചു. ഇതോടെ തങ്ങളുടെ ശ്രമം വിഫലമായതിന്റെ വേദനയിലായി യുവാവും പൊലീസുകാരും.

തിരക്കിനിടയില്‍ പേരുപോലും അറിയിക്കാതെ യുവാവ് പോകുകയും ചെയ്തതായി ഒപ്പമുണ്ടായിരുന്ന പൊലീസുദ്യോഗസ്ഥര്‍ പറഞ്ഞു. ബാലഭാസ്‌കറുടെ ബന്ധുക്കള്‍ ആശുപത്രിയില്‍ എത്തിയപ്പോഴാണ് അപകടത്തില്‍പെട്ടയാള്‍ പ്രശസ്തനായ വയലിനിസ്റ്റ് ബാലഭാസ്‌കറാണെന്നു രക്ഷാപ്രവര്‍ത്തനം നടത്തിയവര്‍ പോലും അറിയുന്നത്.