ആധാര്‍ കാര്‍ഡിന് സുപ്രീംകോടതിയുടെ പച്ചക്കൊടി; സ്വകാര്യ കമ്പനികള്‍ക്ക് വിവരങ്ങള്‍ നല്‍കേണ്ടതില്ല

single-img
26 September 2018

ആധാറിന്റെ ഭരണഘടനാ സാധുത ശരിവച്ച് സുപ്രീം കോടതി. ആധാറുമായി കേന്ദ്ര സര്‍ക്കാരിന് മുന്നോട്ടു പോകാമെന്നും ചീഫ് ജസ്റ്റീസ് ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ച് ഉത്തരവിട്ടു. ആധാറിന്റെ ഭരണഘടനാ സാധുതയെയും 2016ലെ ആധാര്‍ നിയമത്തെയും ചോദ്യംചെയ്ത് സമര്‍പ്പിച്ച ഹര്‍ജികളിലാണ് സുപ്രീം കോടതി വിധി.

എന്നാല്‍ വിധിയില്‍ ആധാറിന് നിര്‍ണായകനിയന്ത്രണങ്ങള്‍ കൊണ്ടുവന്നു. സെക്ഷന്‍ 57, 33(2) എന്നിവ റദ്ദാക്കിയാണ് ഭൂരിപക്ഷവിധി. ദേശീയസുരക്ഷയുടെ പേരില്‍ വിവരങ്ങള്‍ കൈമാറാനാവില്ല. സ്വകാര്യ കമ്പനികള്‍ക്കും വിവരങ്ങള്‍ നല്‍കരുതെന്ന് വിധി നിര്‍ദേശിക്കുന്നു.

ബാങ്ക് അക്കൌണ്ടുകള്‍ ആധാറുമായി ബന്ധിപ്പിക്കേണ്ടതില്ല. സ്‌കൂള്‍ പ്രവേശനം, പരീക്ഷകള്‍ എന്നിവക്ക് ആധാര്‍ നിര്‍ബന്ധമാക്കരുത്. ആധാറില്ലാത്തതിന്റെ പേരില്‍ കുട്ടികള്‍ക്കുളള അവകാശം നിഷേധിക്കപ്പെടരുത്. വ്യക്തിയുടെ സ്വകാര്യത ലംഘിക്കുന്നതൊന്നും ആധാര്‍ നിയമത്തിലില്ലെന്നും കോടതി നിരീക്ഷിച്ചു.

സിബിഎസ്ഇ, നീറ്റ് പരീക്ഷകള്‍ക്ക് ആധാര്‍ നിര്‍ബന്ധമാക്കേണ്ടതില്ല. അനധികൃത കുടിയേറ്റക്കാര്‍ക്ക് ആധാര്‍ നല്‍കരുതെന്ന് സര്‍ക്കാറിന് കോടതി നിര്‍ദേശം നല്‍കി. ആധാര്‍ വിവര സംരക്ഷണത്തിന് കേന്ദ്രം അടിയന്തരമായി നിയമനിര്‍മാണം നടത്തണമെന്നും കോടതി ആവശ്യപ്പെട്ടു.

ദേശീയ സുരക്ഷയുടെ ഭാഗമായി ആധാര്‍ വിവരങ്ങള്‍ പരസ്യപ്പെടുത്താമെന്ന ആധാര്‍ നിയമത്തിലെ സെക്ഷന്‍ 33 (1) കോടതി റദ്ദാക്കി. സ്വകാര്യ കമ്പനി സേവനങ്ങള്‍ക്ക് ആധാര്‍ നിര്‍ബന്ധമാക്കുന്ന സെക്ഷന്‍ 157ഉം കോടതി റദ്ദാക്കി. എന്നാല്‍ ആധാറില്ലാത്തതിനാല്‍ പൗരാവകാശം നിഷേധിക്കാനാകില്ലെന്നും കോടതി വ്യക്തമാക്കി. ആധാറിനെ ഏറ്റവും മികച്ചത് എന്ന് പറയാനാകില്ല.

എന്നാല്‍ മികച്ചതായിരിക്കുന്നതിനേക്കാള്‍ ഏകീകൃതമായിരിക്കുകയാണ് നല്ലത്. ഏറ്റവും മികച്ചത് എന്നാല്‍ ഒന്നാമതാകുകയെന്നാണ്. എന്നാല്‍ ഏകീകൃതമെന്നാല്‍ ഒന്നേയൊന്ന് എന്നാണ് അര്‍ഥമെന്നും സിക്രി വ്യക്തമാക്കി. ജസ്റ്റിസ് എ കെ സിക്രിയാണ് ആദ്യം വിധി പ്രസ്താവം നടത്തിയത്. ചീഫ് ജസ്റ്റിസ് ദീപക് മിശ്രക്കും ജസ്റ്റിസ് എ എം ഖാന്‍വില്‍ക്കര്‍ക്കും വേണ്ടിയായിരുന്നു സിക്രിയുടെ വിധി പ്രസ്താവം.