തേജസ്വിനിയ്ക്ക് വേണ്ടി ബാലഭാസ്‌കറും ലക്ഷ്മിയും കാത്തിരുന്നത് പതിനാറ് വര്‍ഷങ്ങള്‍: എന്നിട്ടും, വെറും രണ്ട് വര്‍ഷത്തെ ആയുസ്സ് മാത്രമേ ഈശ്വരന്‍ ആ കുഞ്ഞിന് നല്‍കിയുള്ളൂ

single-img
25 September 2018

ഞെട്ടലോടെയാണ് വയലനിസ്റ്റ് ബാലഭാസ്‌കറിനും കുടുംബത്തിനും അപകടം സംഭവിച്ച വാര്‍ത്ത കേരളം കേട്ടത്. ചൊവ്വാഴ്ച പുലര്‍ച്ചെ നാലരയോടെയാണ് ബാലഭാസ്‌കര്‍ സഞ്ചരിച്ച കാര്‍ തിരുവനന്തപുരം പള്ളിപ്പുറം താമരക്കുളത്തിന് സമീപം മരത്തിലിടിച്ചത്.

ഡ്രൈവര്‍ അര്‍ജ്ജുന്‍, ഭാര്യ ലക്ഷ്മി, മകള്‍ തേജസ്വിനി ബാല എന്നിവരാണ് കാറിലുണ്ടായിരുന്നത്. രണ്ടുവയസ്സുകാരിയായ തേജസ്വിനി ബാല ആശുപത്രിയിലെത്തിക്കുമ്പോഴേക്കും മരിച്ചിരുന്നു. തൊട്ടടുത്തുണ്ടായിരുന്ന ഹൈവേ പൊലീസാണ് ആദ്യം സംഭവ സ്ഥലത്ത് ഓടിയെത്തിയത്.

നാട്ടുകാര്‍ എത്തുന്നതിന് മുമ്പ് തന്നെ ഇവര്‍ കാറിന്റെ ചില്ല് പൊട്ടിച്ച് കുഞ്ഞിനെ പുറത്തെടുത്തിരുന്നു. ആ സമയത്ത് കുഞ്ഞ് അബോധാവസ്ഥയിലായിരുന്നു എന്ന് പൊലീസ് വ്യക്തമാക്കുന്നു. പൊലീസ് വാഹനത്തില്‍ തന്നെ ഹോസ്പിറ്റലിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ സാധിച്ചില്ല.

ആശുപത്രിയിലെത്തിയ ഉടന്‍ തന്നെ മരണം സ്ഥിരീകരിക്കുകയായിരുന്നു. ആംബുലന്‍സിലാണ് മറ്റ് മൂന്നുപേരെയും തിരുവനന്തപുരത്തെ സ്വകാര്യ ഹോസ്പിറ്റലിലെത്തിച്ചത്. മൂവരും ഇപ്പോള്‍ തീവ്രപരിചരണ വിഭാഗത്തിലാണുള്ളത്. ബാലഭാസ്‌കറിന്റെയും അര്‍ജ്ജുന്റെയും നില ഗുരുതരമാണ്.

ബാലഭാസ്‌കറിന്റെ കഴുത്തിന്റെ എല്ല് പൊട്ടിയിട്ടുണ്ട്. അതുപോലെ അര്‍ജ്ജുന്റെ പരിക്കുകളും ഗുരുതരമാണ്. ഡ്രൈവര്‍ക്കൊപ്പം കാറിന്റെ മുന്‍സീറ്റിലിരുന്ന ബാലഭാസ്‌കറിന്റെ മടിയിലായിരുന്നു മകള്‍ തേജസ്വിനി. കുഞ്ഞിന്റെ നേര്‍ച്ചയുമായി ബന്ധപ്പെട്ടാണ് ഇവര്‍ ക്ഷേത്രത്തില്‍ പോയതെന്ന് അടുത്ത ബന്ധുക്കള്‍ പറയുന്നു.

ബാലഭാസ്‌കറിന്റെയും ലക്ഷ്മിയുടെയും വിവാഹം കഴിഞ്ഞ് പതിനാറു വര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ കിട്ടിയ കണ്‍മണിയാണ് ഇന്ന് കാറപകടത്തില്‍ വിധി തട്ടിയെടുത്ത രണ്ടുവയസുകാരി തേജസ്വി. 22ാം വയസില്‍ യൂണിവേഴ്‌സിറ്റി കോളേജില്‍ എം.എ സംസ്‌കൃതം അവസാന വര്‍ഷ വിദ്യാര്‍ത്ഥിയായിരിക്കെയാണ് ബാലഭാസ്‌കര്‍ പ്രണയിനിയെ ഒപ്പം കൂട്ടിയത്.

ഭാര്യ ലക്ഷ്മിയും അതേ കോളേജില്‍ ഹിന്ദി എം.എ. വിദ്യാര്‍ത്ഥിനിയായിരുന്നു. വീട്ടുകാര്‍ എതിര്‍ത്തിട്ടും പ്രണയത്തില്‍ നിന്ന് പിന്നോട്ട് പോകാന്‍ ഇരുവരും തയാറാകാത്തതോടെ സന്തോഷകരമായ കുടുംബജീവിതത്തിലേക്ക് ഇരുവരും എത്തിച്ചേര്‍ന്നു. ബാലഭാസ്‌കറിന്റെ സംഗീത ജീവിതത്തിനെ പ്രോത്സാഹിപ്പിച്ച് വീട്ടമ്മയായി കൂടാനായിരുന്നു ലക്ഷ്മിയുടെ തീരുമാനം.

നീണ്ട പതിനാറു വര്‍ഷത്തെ പ്രാര്‍ത്ഥനകള്‍ക്കും ചികിത്സയ്ക്കും ശേഷം 2016ലാണ് ഇരുവരുടേയും ഇടയിലേക്ക് കൂടുതല്‍ സന്തോഷങ്ങള്‍ പകരാന്‍ കുഞ്ഞു തേജസ്വി എത്തിയത്. ആ മാലാഖ കുഞ്ഞിനെയാണ് ഇരുവരും ലാളിച്ച് കൊതിതീരുംമുമ്പേ വിധി തട്ടിയെടുത്തത്.

പന്ത്രണ്ടാമത്തെ വയസ്സിലാണ് ബാലഭാസ്‌കര്‍ തന്റെ സംഗീത ജീവിതം ആരംഭിച്ചത്. മലയാള സിനിമയിലെ ഏറ്റവും പ്രായം കുറഞ്ഞ സംഗീത സംവിധായകനും കൂടിയാണ് ഈ പ്രതിഭ. ഫ്യൂഷന്‍ മ്യൂസികിലൂടെ വേദികളില്‍ വിസ്മയം തീര്‍ത്തിരുന്നു ബാലഭാസ്‌കര്‍.

സ്ഥിരം അപകടമേഖലയാണ് കണിയാപുരം പള്ളിപ്പുറം മേഖല. അവിടെയാണ് ബാലഭാസ്‌കറും കുടുംബവും ഇന്നു പുലര്‍ച്ചെ അപകടത്തില്‍പെട്ടത്. ഇതിന് അരകിലോമീറ്ററോളം അടുത്താണ് മുമ്പ് മുഖ്യമന്ത്രിയായിരുന്ന കെ. കരുണാകരനും അപകടത്തില്‍പെട്ടത്.