ആയുഷ്മാന്‍ ഭാരത് കേരളം നടപ്പാക്കാത്തത് ക്രഡിറ്റ് മോദിക്ക് ലഭിക്കുമോ എന്ന ഭയം കൊണ്ടെന്ന് ശ്രീധരന്‍ പിള്ള

single-img
25 September 2018

കേന്ദ്രസര്‍ക്കാരിന്റെ ആയുഷ്മാന്‍ ഭാരത് ആരോഗ്യപദ്ധതിയോടു കേരളം മുഖംതിരിച്ചുനില്‍ക്കുന്നതു സാധാരണക്കാരോടുള്ള ക്രൂരതയാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ പി.എസ്.ശ്രീധരന്‍പിള്ള. ആരോഗ്യരംഗത്ത് ഇത്രയും ഗുണപ്പെടുന്ന മറ്റൊരു പദ്ധതിയും കേരളത്തിലില്ല.

പദ്ധതി നടപ്പായാല്‍ ബിജെപിക്കു രാഷ്ട്രീയ നേട്ടമുണ്ടാകുമെന്ന ചിന്തയാണു സംസ്ഥാന സര്‍ക്കാരിനെ ഈ നിലപാടിലേക്കു നയിക്കുന്നത്. പാവപ്പെട്ടവര്‍ക്കു ലഭിക്കേണ്ട പദ്ധതി വേണ്ടെന്നുവച്ചു രാഷ്ട്രീയം കളിക്കുന്നത് അംഗീകരിക്കാനാകില്ല. നിലവിലുള്ള ആര്‍.എസ്.ബി.വൈ പദ്ധതി പ്രകാരം 1250 രൂപ പ്രീമിയം അടച്ചാല്‍ 30,000 രൂപയുടെ ആനുകൂല്യമാണ് ലഭിക്കുന്നത്.

എന്നാല്‍ 1110 രൂപയുടെ പ്രീമിയത്തിന് അഞ്ചുലക്ഷത്തിന്റെ ചികിത്സാ ആനുകൂല്യമാണ് ആയുഷ്മാന്‍ ഭാരതിന്റെ വാഗ്ദാനം. വൃക്കരോഗം അടക്കമുള്ളവര്‍ക്ക് വലിയ ആശ്വാസം ലഭിക്കുന്ന പദ്ധതിയാണിത്. ഇത് നടപ്പാക്കില്ല എന്ന് വാശിപിടിക്കാന്‍ എങ്ങനെ ധൈര്യം വന്നൂവെന്നും ശ്രീധരന്‍ പിള്ള ചോദിച്ചു. കോഴിക്കോട് പ്രസ്‌ക്ലബില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ആയുഷ്മാന്‍ ഭാരത് വലിയ തട്ടിപ്പാണെന്ന ധനമന്ത്രി തോമസ് ഐസക്കിന്റെ പ്രസ്താവനയ്ക്ക് അദ്ദേഹം തട്ടിപ്പുകാരനായത് കൊണ്ടാവാം അങ്ങനെ തോന്നുന്നതെന്നായിരുന്നു ശ്രീധരന്‍പിള്ളയുടെ മറുപടി. അതുകൊണ്ടാണ് ഇത്രയും നല്ലൊരു പദ്ധതി കേന്ദ്രസര്‍ക്കാര്‍ മുന്നോട്ട് വെച്ചിട്ടും നടപ്പാക്കാന്‍ താല്‍പര്യമില്ലാത്തത്. അന്ധമായ രാഷ്ട്രീയ വിരോധം മാത്രമാണ് ഇതിന് കാരണം. പുനര്‍ചിന്തനത്തിന് സംസ്ഥാന സര്‍ക്കാര്‍ തയ്യാറായില്ലെങ്കില്‍ ശക്തമായ സമരപരിപാടികളുമായി ബിജെപി മുന്നോട്ട് പോവുമെന്നും ശ്രീധരന്‍ പിള്ള പറഞ്ഞു.

മൂന്ന് വൈദികര്‍ ബി.ജെ.പിയില്‍ ചേര്‍ന്നിട്ടുണ്ട് എന്നത് സത്യമാണ്. ഇനിയും നിരവധി ആളുകള്‍ ബി.ജെ.പിയിലേക്ക് വരും നാളുകളില്‍ എത്തും. ബിജെ.പിക്കെതിരെ ന്യൂനപക്ഷങ്ങള്‍ക്കിടയില്‍ ആശങ്ക പരത്തിയുള്ള കോടിയേരി ബാലകൃഷ്ണന്റേയും രമേശ് ചെന്നിത്തലയുടേയുമെല്ലാം കുപ്രചരണം ഇനിയും വിലപ്പോവില്ല. ബി.ജെ.പിയുടെ സംസ്ഥാന കൗണ്‍സില്‍ 26,27 തീയതികളില്‍ കൊച്ചിയില്‍ നടക്കും. 27ലെ പരിപാടി കേന്ദ്രമന്ത്രി രാജ്‌നാഥ് സിങ് ഉദ്ഘാടനം ചെയ്യുമെന്നും ശ്രീധരന്‍ പിള്ള അറിയിച്ചു.