ക്രിമിനല്‍ കേസ് പ്രതികളെ അയോഗ്യരാക്കാനോ തിരഞ്ഞെടുപ്പില്‍ നിന്ന് വിലക്കാനോ സാധിക്കില്ല: സുപ്രീംകോടതിയുടെ നിര്‍ണായക വിധി

single-img
25 September 2018

ക്രിമിനല്‍ കേസില്‍ പ്രതിയായതിന്റെ പേരില്‍ സ്ഥാനാര്‍ഥികളെ തിരഞ്ഞെടുപ്പില്‍ അയോഗ്യരാക്കാന്‍ സാധിക്കില്ലെന്ന് സുപ്രീംകോടതി. തിരഞ്ഞെടുപ്പ് കമ്മീഷനും കേന്ദ്രസര്‍ക്കാരും ചേര്‍ന്ന് തിരഞ്ഞെടുപ്പ് രംഗത്തെ ക്രിമിനലുകളെ നിയന്ത്രിക്കണമെന്ന് കോടതി നിരീക്ഷിച്ചു.

ക്രിമിനലുകള്‍ രാഷ്ട്രീയത്തില്‍ സജീവമാകാതിരിക്കാന്‍ ചില മാര്‍ഗ്ഗനിര്‍ദേശങ്ങളും ഹര്‍ജി പരിഗണിച്ച ഭരണഘടനാ ബെഞ്ച് പുറപ്പെടുവിച്ചിട്ടുണ്ട്. മാധ്യമങ്ങള്‍ വഴി സ്ഥാനാര്‍ഥികളെക്കുറിച്ചുള്ള വ്യക്തമായ വിവരങ്ങള്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ ജനങ്ങളെ അറിയിക്കണമെന്ന് കോടതി നിര്‍ദേശിച്ചു.

രാഷ്ട്രീയരംഗത്തെ സംശുദ്ധി കാത്തുസൂക്ഷിക്കാന്‍ കരുതല്‍ വേണമെന്ന് പറഞ്ഞ സുപ്രീംകോടതി രാഷ്ട്രീയത്തില്‍ ക്രിമിനലുകള്‍ എത്താതിരിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ നിയമം കൊണ്ടു വരണമെന്നും നിര്‍ദേശിച്ചു. ക്രിമിനില്‍ കേസുകളില്‍ കുറ്റം ചുമത്തപ്പെട്ടവര്‍ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നത് വിലക്കണം എന്നാവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജി തീര്‍പ്പാക്കി കൊണ്ടാണ് സുപ്രീംകോടതി ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്.

തിരഞ്ഞെടുപ്പ് സമയത്ത് നാമനിര്‍ദേശപത്രിക സമര്‍പ്പിക്കുമ്പോള്‍ തന്നെ സ്ഥാനാര്‍ത്ഥി തന്റെ ക്രിമിനല്‍ പശ്ചാത്തലം വ്യക്തമാക്കണം. സ്ഥാനാര്‍ഥിയെക്കുറിച്ചുള്ള വ്യക്തമായ വിവരങ്ങള്‍ അതത് പാര്‍ട്ടികള്‍ പരസ്യപ്പെടുത്തണമെന്നും കോടതി നിര്‍ദേശിച്ചു.

അഞ്ച് സംസ്ഥാനങ്ങളിലേക്കുളള നിയമസഭാ തിരഞ്ഞെടുപ്പും ലോക്‌സഭാ തിരഞ്ഞെടുപ്പും അടുത്ത സാഹചര്യത്തില്‍ വിധി ഏറെ നിര്‍ണായകമാണ്. രാഷ്ട്രീയത്തിലെ ക്രിമിനല്‍വല്‍ക്കരണം അവസാനിപ്പിക്കുന്നതിന് ക്രിമിനല്‍കേസ് പ്രതികളെ തിരഞ്ഞെടുപ്പുകളില്‍ നിന്ന് വിലക്കണമെന്നായിരുന്നു ഹര്‍ജികളിലെ ആവശ്യം.

ഗുരുതരമായ കുറ്റങ്ങള്‍ ചുമത്തി കുറ്റപത്രം സമര്‍പ്പിക്കപ്പെട്ട കേസുകളിലെ പ്രതിയാണെങ്കില്‍ തിരഞ്ഞെടുപ്പുകളില്‍ മല്‍സരിക്കാന്‍ അനുവദിക്കരുത്. ഇതിനായുളള നിയമനിര്‍മാണത്തിന് കേന്ദ്രസര്‍ക്കാരിന് നിര്‍ദേശം നല്‍കണമെന്നും ഹര്‍ജികളില്‍ ആവശ്യപ്പെട്ടിരുന്നു.