റഫാല്‍ കരാറില്‍ ദസോള്‍ട്ട് മേധാവിയുടെ വീഡിയോ പുറത്ത്: റിലയന്‍സിനെ തിരഞ്ഞെടുക്കാന്‍ മോദി ഗൂഢാലോചന നടത്തിയെന്ന കോണ്‍ഗ്രസ് ആരോപണത്തെ ശക്തിപ്പെടുത്തുന്നതാണു പുതിയ തെളിവ്

single-img
25 September 2018

ന്യൂഡല്‍ഹി: റഫാല്‍ ഇടപാടില്‍ മോദി സര്‍ക്കാരിനെതിരേ പുതിയ ആരോപണങ്ങളുമായി കോണ്‍ഗ്രസ്. 108 റഫാല്‍ യുദ്ധവിമാനങ്ങള്‍ ഇന്ത്യയില്‍ നിര്‍മിക്കുന്നതിനായി ഹിന്ദുസ്ഥാന്‍ എയ്‌റോനോട്ടിക്‌സ് ലിമിറ്റഡുമായി (എച്ച്.എ.എല്‍.) വിമാനനിര്‍മാതാക്കളായ ദസോള്‍ട്ട് ഏറക്കുറെ ധാരണയിലെത്തിയിരുന്നതായി ദസോള്‍ട്ട് മേധാവി പറയുന്ന വീഡിയോ ദൃശ്യങ്ങളാണ് കോണ്‍ഗ്രസ് ആയുധമാക്കുന്നത്.

പ്രധാനമന്ത്രി നരേന്ദ്ര മോദി പുതിയ കരാര്‍ പ്രഖ്യാപിക്കുന്നതിനു രണ്ടാഴ്ച മുന്‍പ്, 2015 മാര്‍ച്ച് 25നു ചിത്രീകരിച്ച വീഡിയോ ആണു പുറത്തുവന്നത്. ഇന്ത്യന്‍ വ്യോമസേന, എച്ച്എഎല്‍ ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തില്‍ കരാറിനെക്കുറിച്ചു ദസോള്‍ട്ട് മേധാവി വിശദീകരിക്കുന്നതാണ് വീഡിയോയില്‍. എച്ച്എഎല്ലിനെ ഒഴിവാക്കി അനില്‍ അംബാനിയുടെ റിലയന്‍സിനെ തിരഞ്ഞെടുക്കാന്‍ മോദി ഗൂഢാലോചന നടത്തിയെന്ന കോണ്‍ഗ്രസ് ആരോപണത്തെ ശക്തിപ്പെടുത്തുന്നതാണു പുതിയ തെളിവ്.

റിലയന്‍സിനെ തിരഞ്ഞെടുക്കാന്‍ ഇന്ത്യ സമ്മര്‍ദം ചെലുത്തിയെന്നു മുന്‍ ഫ്രഞ്ച് പ്രസിഡന്റ് ഫ്രാന്‍സ്വ ഒലോന്‍ദ് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. അതു വിവാദമായപ്പോള്‍, അക്കാര്യത്തെക്കുറിച്ചു ഡാസോയ്ക്കാണ് അറിയാവുന്നതെന്ന് അദ്ദേഹം വിശദീകരിക്കുകയും ചെയ്തിരുന്നു.

പുതിയ കരാര്‍ പ്രഖ്യാപിക്കുന്നതിനു രണ്ടു ദിവസം മുന്‍പ് അന്നത്തെ വിദേശകാര്യ സെക്രട്ടറി എസ്. ജയശങ്കര്‍ എച്ച്എഎല്ലുമായുള്ള കരാറിനെക്കുറിച്ച് അനുകൂല പരാമര്‍ശം നടത്തിയതും കോണ്‍ഗ്രസ് ചൂണ്ടിക്കാട്ടി. ഫ്രഞ്ച് കമ്പനി, പ്രതിരോധ മന്ത്രാലയം, എച്ച്എഎല്‍ എന്നിവ തമ്മില്‍ കരാര്‍ സംബന്ധിച്ച ചര്‍ച്ചകള്‍ നടക്കുന്നുണ്ട്, രാഷ്ട്രത്തലവന്മാരുടെ കൂടിക്കാഴ്ചയില്‍ സാങ്കേതിക വശങ്ങള്‍ ചര്‍ച്ചയ്‌ക്കെടുക്കില്ലെന്നായിരുന്നു ജയശങ്കറിന്റെ പരാമര്‍ശം.

അതിനിടെ റഫാല്‍ ഇടപാടില്‍ കേസെടുത്ത് അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ടു കോണ്‍ഗ്രസ് പ്രതിനിധി സംഘം കേന്ദ്ര വിജിലന്‍സ് കമ്മിഷണറെ (സിവിസി) സമീപിച്ചു. കരാറില്‍ കോടികളുടെ ക്രമക്കേടുണ്ട്, 126 വിമാനങ്ങള്‍ ആവശ്യമാണെന്നിരിക്കെ 36 എണ്ണം മാത്രം വാങ്ങാനുള്ള തീരുമാനം രാജ്യസുരക്ഷ അപകടത്തിലാക്കും, ഇന്ത്യ കണ്ട ഏറ്റവും വലിയ പ്രതിരോധ അഴിമതിയാണു റഫാല്‍–എന്നും നിവേദനത്തില്‍ പറയുന്നു. ഗുലാം നബി ആസാദ്, ജയറാം രമേശ്, അഹമ്മദ് പട്ടേല്‍, ആനന്ദ് ശര്‍മ, കപില്‍ സിബല്‍, രണ്‍ദീപ് സിങ് സുര്‍ജേവാല, അഭിഷേക് മനു സിങ്‌വി, മനീഷ് തിവാരി എന്നിവരാണു സിവിസിയെ കണ്ടത്.

അതേസമയം പുതിയ വെളിപ്പെടുത്തലുമായി കോണ്‍ഗ്രസ് രംഗത്തു വന്നതിനു പിന്നാലെ വിവാദത്തിനു പിന്നില്‍ രാജ്യാന്തര ഗൂഢാലോചനയാരോപിച്ചു ബിജെപി രംഗത്തെത്തി. രാജ്യാന്തരതലമുണ്ടെന്നു പ്രതിരോധ മന്ത്രി നിര്‍മല സീതാരാമന്‍ പറഞ്ഞപ്പോള്‍, ഒരു പടി കൂടി കടന്ന്, രാജ്യാന്തര ഗൂഢാലോചനയുണ്ടെന്ന ആരോപണമാണു മന്ത്രിയും വക്താവുമായ ഗജേന്ദ്ര ശെഖാവത് ഉന്നയിച്ചത്.