റഫാല്‍ തുടക്കം മാത്രം, വരും ദിവസങ്ങളില്‍ മോദിക്കെതിരെ കൂടുതല്‍ വെളിപ്പെടുത്തലുകള്‍ ഉണ്ടാകുമെന്ന് രാഹുല്‍ ഗാന്ധി

single-img
25 September 2018

റഫാല്‍ ഇടപാടില്‍ കേന്ദ്ര സര്‍ക്കാരിനെതിരേ വീണ്ടും കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി രംഗത്ത്. റഫാല്‍ ഇടപാടില്‍ ഇതുവരെയുണ്ടായ വെളിപ്പെടുത്തലുകള്‍ ഒരു തുടക്കം മാത്രമാണ്. മൂന്നു മാസത്തിനുള്ളില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവരുമെന്ന് രാഹുല്‍ അമേത്തിയില്‍ പറഞ്ഞു.

മോദി രാജ്യത്തിന്റെ കാവല്‍ക്കാരനല്ല, കള്ളനാണെന്നും രാഹുല്‍ ആവര്‍ത്തിച്ചു. രാജ്യത്തു ബിജെപി സര്‍ക്കാരിനെ പ്രതിരോധത്തിലാക്കുന്ന വിഷയങ്ങളിലെല്ലാം മൗനം പാലിക്കുന്ന നരേന്ദ്രമോദി മൗനം അവസാനിപ്പിച്ച് മറുപടി പറയണമെന്നു രാഹുല്‍ ഗാന്ധി കഴിഞ്ഞദിവസം ആവശ്യപ്പെട്ടിരുന്നു.

അതേസമയം, റഫാല്‍ ഇടപാട് അട്ടിമറിക്കാന്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ശ്രമിക്കുന്നത് പ്രിയങ്കാ ഗാന്ധിയുടെ ഭര്‍ത്താവ് റോബര്‍ട്ട് വാധ്‌രയ്ക്കു വേണ്ടിയാണെന്ന ആരോപണവുമായി ബിജെപി. റോബര്‍ട്ട് വാധ്‌രയ്ക്കു ബന്ധമുള്ള കമ്പനിയെ ഇടനിലക്കാരാക്കാന്‍ വിസമ്മതിച്ചതു കൊണ്ടാണ് മുമ്പു യുപിഎ സര്‍ക്കാര്‍ ഫ്രാന്‍സുമായുള്ള റഫാല്‍ കരാര്‍ റദ്ദാക്കിയതെന്നും ബിജെപി ആരോപിച്ചു.

ഗൂഢാലോചനയില്‍ ഫ്രഞ്ച് മുന്‍ പ്രസിഡന്റ് ഫ്രാന്‍സ്വ ഒലോന്‍ദിനും പങ്കുണ്ടെന്ന് കേന്ദ്ര മന്ത്രി ഗജേന്ദ്ര ശെഖാവത് പറഞ്ഞു. ആയുധ ഇടപാടുകാരനായ സഞ്ജയ് ഭണ്ഡാരിക്കു റോബര്‍ട്ട് വാധ്‌രയുമായി ബന്ധമുണ്ടെന്നു ഗജേന്ദ്ര ശെഖാവത് പറഞ്ഞു. പല പ്രതിരോധ പ്രദര്‍ശനങ്ങളിലും ഇടനിലക്കാരായി ഇവര്‍ എത്തിയെങ്കിലും വലിയ ഇടപാടുകളൊന്നും നടത്താന്‍ ഇവര്‍ക്കു കഴിഞ്ഞിരുന്നില്ല.

റഫാല്‍ ഇടപാടില്‍ ഇവരെ ഇടനിലക്കാരായി അംഗീകരിക്കാന്‍ ഫ്രഞ്ച് സ്ഥാപനമായ ദാസോ തയാറാകണമെന്ന് അന്നത്തെ യുപിഎ സര്‍ക്കാര്‍ ആവശ്യപ്പെട്ടു. എന്നാല്‍ അവര്‍ വഴങ്ങാതിരുന്നതു കൊണ്ട് കരാര്‍ റദ്ദാക്കുകയായിരുന്നുവെന്നും മന്ത്രി പറഞ്ഞു.

കോണ്‍ഗ്രസിന്റെ ആരോപണങ്ങള്‍ക്കെതിരേ ദേശീയ പ്രചാരണം നടത്താന്‍ പ്രതിരോധമന്ത്രി നിര്‍മല സീതാരാമന്‍ തയാറെടുക്കുന്നതിനു പിന്നാലെയാണ് വാധ്‌ര ബന്ധം ആരോപിച്ച് രാഹുലിനെ വെട്ടിലാക്കാന്‍ ബിജെപിയുടെ പുതിയ നീക്കം.