യു.പി.എ അധികാരത്തിലിരുന്നപ്പോള്‍ ഒരു കേന്ദ്രമന്ത്രി മുഖ്യമന്ത്രിയായിരുന്ന തന്നെ നമസ്‌കാരം പോലും പറയാതെ അവഗണിച്ചുവെന്ന് മോദി: ‘തനിക്കെതിരെ ഇപ്പോള്‍ അന്താരാഷ്ട്ര സഖ്യത്തിന് കോണ്‍ഗ്രസിന്റെ ശ്രമം’

single-img
25 September 2018

കോണ്‍ഗ്രസിനെ രൂക്ഷമായി വിമര്‍ശിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി രംഗത്ത്. ഇന്ത്യയില്‍ തനിക്കെതിരെ സഖ്യമുണ്ടാക്കാന്‍ കഴിയാത്തതിനാല്‍ അന്താരാഷ്ട്ര തലത്തില്‍ സഖ്യമുണ്ടാക്കനാണ് കോണ്‍ഗ്രസിന്റെ ശ്രമമെന്ന് മോദി ആരോപിച്ചു. ഉടന്‍ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന മദ്ധ്യപ്രദേശിന്റെ തലസ്ഥാനമായ ഭോപ്പാലില്‍ റാലിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

തിരഞ്ഞെടുപ്പ് തോല്‍വികളില്‍ മാസികനില തെറ്റിയ കോണ്‍ഗ്രസ് ഇപ്പോള്‍ അന്താരാഷ്ട്രതലത്തില്‍ സഖ്യസാധ്യതകള്‍ തേടുകയാണ്. രാജ്യത്തിന്റെ അടുത്ത പ്രധാനമന്ത്രി ആരാണെന്ന് നിശ്ചയിക്കുന്നത് മറ്റുരാജ്യങ്ങളിലെ പാര്‍ട്ടികളാണോയെന്ന് കോണ്‍ഗ്രസ് ചിന്തിക്കണം.

വിശാലപ്രതിപക്ഷത്തിന് രാജ്യത്തെ പുരോഗതിയിലേക്ക് നയിക്കാനാവില്ല. ആറുപതിറ്റാണ്ട് രാജ്യം ഭരിച്ച കോണ്‍ഗ്രസ് ഇന്ന് നിലനില്‍പ്പിനായി ഈര്‍ക്കില്‍ പാര്‍ട്ടികളുടെ കാല് പിടിക്കുകയാണ്. സ്വന്തം നിലനില്‍പ്പിനും നേട്ടത്തിനും മാത്രം സഖ്യചര്‍ച്ചകള്‍ ആരംഭിച്ച പാര്‍ട്ടികള്‍ ഇപ്പോള്‍ പരാജയഭീതിയിലാണ് ബി.ജെ.പിക്കെതിെര ഒന്നിച്ചുനില്‍ക്കാന്‍ തീരുമാനിച്ചത് അദ്ദേഹം പറഞ്ഞു.

യു.പി.എ അധികാരത്തിലിരുന്നപ്പോള്‍ ബി.ജെ.പി മുഖ്യമന്ത്രിമാരോട് കടുത്ത അവഗണനയാണ് കാണിച്ചത്. മുഖ്യമന്ത്രിയായിരുന്ന തന്നോട് അന്നത്തെ ഒരു കേന്ദ്രമന്ത്രി നമസ്‌കാരം പോലും പറയാതെ അവഗണിച്ചെന്നും മോദി കുറ്റപ്പെടുത്തി.

രാജ്യത്ത് വോട്ടുബാങ്ക് രാഷ്ട്രീയത്തിന് ഉടന്‍ അന്ത്യം കുറിക്കും. എല്ലാവര്‍ക്കുമൊപ്പം എല്ലാവര്‍ക്കും വികസനം എന്നത് കേവലമൊരു മുദ്രാവാക്യം മാത്രമല്ല. ലക്ഷക്കണക്കിന് വരുന്ന ഇന്ത്യാക്കാരുടെ ചിന്തയാണത്. ഏതെങ്കിലും കാരണങ്ങളാല്‍ പിന്നിലായിപ്പോകുന്നവരെ മുന്നിലേക്ക് കൊണ്ടുവരണം. അതിന് വേണ്ടിയാണ് സര്‍ക്കാരിന്റെ ശ്രമമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.