സൗദി അറേബ്യയ്ക്കും യു.എ.ഇയ്ക്കുമെതിരെ മിസൈല്‍ ആക്രമണ ഭീഷണി

single-img
25 September 2018

ടെഹ്‌റാന്‍: സൗദി അറേബ്യയ്ക്കും യു.എ.ഇയ്ക്കുമെതിരെ മിസൈല്‍ ആക്രമണം നടത്തുമെന്ന് ഭീഷണിപ്പെടുത്തി ഇറാന്റെ വീഡിയോ. ഇറാനിലെ റവല്യൂഷണറി ഗാര്‍ഡാണ് വീഡിയോ പുറത്തുവിട്ടിരിക്കുന്നത്. സൗദി, യു.എ.ഇ തലസ്ഥാനങ്ങളില്‍ മിസൈല്‍ ആക്രമണം നടത്തുമെന്നാണ് ഭീഷണി.

വീഡിയോ ഫാര്‍സ് ന്യൂസ് ഏജന്‍സി ട്വീറ്റ് ചെയ്യുകയും പിന്നീട് ഡിലീറ്റ് ചെയ്യുകയും ചെയ്തു. ഇറാനിയന്‍ മിലിറ്ററി പരേഡിനുനേരെയുണ്ടായ ആക്രമണത്തില്‍ 25 പേര്‍ കൊല്ലപ്പെടുകയും 60ലേറെ പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തതിനു പിന്നാലെയാണ് ഇത്തരമൊരു ഭീഷണിയുമായി ഇറാന്‍ രംഗത്തുവന്നിരിക്കുന്നത്.

റവല്യൂഷണറി ഗാര്‍ഡ് നേരത്തെ നടത്തിയ ബാലിസ്റ്റിക് മിസൈല്‍ ആക്രമണത്തിന്റെ വീഡിയോയാണ് വീഡിയോയുടെ തുടക്കത്തിലുള്ളത്. പിന്നീട് യു.എ.ഇ തലസ്ഥാനമായ അബുദാബിയും സൗദി തലസ്ഥാനമായ റിയാദും തകര്‍ക്കുന്നതിന്റെ ഗ്രാഫിക് ചിത്രീകരണവും വീഡിയോയില്‍ കാണാം. ഇസ്രയേലിനേയും വീഡിയോ ഭീഷണിപ്പെടുത്തുന്നുണ്ട്.