‘താങ്കള്‍ പറഞ്ഞ ആ 1000 അനധികൃത കെട്ടിടങ്ങളുടെ ലിസ്റ്റ് തന്നാല്‍ പൂട്ടിക്കാനുള്ള അധികാരം തരാം’; ബി.ജെ.പി നേതാവിനെ പരിഹസിച്ച് സുപ്രീം കോടതി

single-img
25 September 2018

ന്യൂഡല്‍ഹി: ഡല്‍ഹി സര്‍ക്കാര്‍ സീലുവെച്ച കെട്ടിടത്തിന്റെ പൂട്ട് പരസ്യമായി തകര്‍ത്ത ബി.ജെ.പി ഡല്‍ഹി അധ്യക്ഷന്‍ മനോജ് തിവാരിയെ പരിഹസിച്ച് സുപ്രീംകോടതി. ഡല്‍ഹി ഗോകുല്‍പുരിയിലെ എല്ലാ വീടുകളും നിയമവിരുദ്ധമായി നിര്‍മിച്ചതാണെന്നും എന്നാല്‍ ബി.ജെ.പി അനുയായിയുടെ വീട് മാത്രം സീല്‍ ചെയ്ത കോര്‍പ്പറേഷന്‍ നടപടിക്കെതിരെയാണ് തന്റെ പ്രതികരണമെന്നും തിവാരി പറഞ്ഞിരുന്നു.

ഈ പരാമര്‍ശത്തിനെതിരെയാണ് സുപ്രീംകോടതിയുടെ പരിഹാസം. ”ടെലിവിഷന്‍ അഭിമുഖത്തില്‍ ഡല്‍ഹിയില്‍ സീലുവെക്കാത്ത 1000 അനധികൃത കെട്ടിടങ്ങള്‍ ഉണ്ടെന്ന് താങ്കള്‍ ആരോപിച്ചിരുന്നു. അടുത്ത ദിവസം രാവിലെ ആ ആയിരം കെട്ടിടങ്ങളുടെ ലിസ്റ്റ് കോടതിയില്‍ സമര്‍പ്പിക്കണം.

ലിസ്റ്റ് നല്‍കിയാല്‍ അത് പൂട്ടിക്കാനുള്ള അധികാരം നിങ്ങള്‍ക്ക് നല്‍കും” കേസ് പരിഗണിച്ച മൂന്നംഗ ബെഞ്ച് മനോജ് തിവാരിയോട് നിര്‍ദേശിച്ചു. ഗോകുല്‍പുരിയില്‍ സര്‍ക്കാര്‍ സീലുവെച്ച അനധികൃത കെട്ടിടത്തിന്റെ പൂട്ടുതകര്‍ത്ത സംഭവത്തില്‍ പ്രതികരിക്കുന്നതിനിടെയാണ് ഈ പ്രദേശത്ത് ആയിരത്തോളം അനധികൃത കെട്ടിടങ്ങളുണ്ടെന്ന് തിവാരി പ്രസ്താവന നടത്തിയത്.