പൊട്ടിപൊളിഞ്ഞു കിടക്കുന്ന മണ്ണൂത്തി-കുതിരാന്‍ പാത കണ്ട മന്ത്രി ജി.സുധാകരന്‍ പറഞ്ഞു; ‘കരാര്‍ കമ്പനിക്കെതിരെ നരഹത്യയ്ക്ക് കേസെടുക്കണം’

single-img
25 September 2018

അറ്റകുറ്റപണി നടത്താതെ പൊട്ടിപൊളിഞ്ഞു കിടക്കുന്ന മണ്ണൂത്തി-കുതിരാന്‍ പാത മന്ത്രി ജി.സുധാകരന്‍ സന്ദര്‍ശിച്ചു. റോഡിന്റെ പല ഭാഗങ്ങളും പൊട്ടിപൊളിഞ്ഞ് സഞ്ചാരയോഗ്യമല്ലാതായിരിക്കുകയാണ്. ഇതിനെതിരെ വ്യാപകമായ പരാതി ഉയര്‍ന്ന സാഹചര്യത്തിലാണ് മന്ത്രി സ്ഥലത്ത് എത്തിയത്.

വിവിധ രാഷ്ട്രീയപാര്‍ട്ടികളുടെ സമരപന്തലിലും മന്ത്രിയെത്തി. മണ്ണുത്തി വടക്കഞ്ചേരി ദേശീയപാതാ നിര്‍മ്മാണത്തിന് കരാര്‍ എടുത്ത കെ.എം.സി കമ്പനി ഗുരുതരമായ കരാര്‍ ലംഘനം നടത്തിയതായി മന്ത്രി പറഞ്ഞു. നിര്‍മ്മാണത്തിലെ അപാകതകള്‍ മൂലം മരണങ്ങള്‍ പതിവായ സാഹചര്യത്തില്‍ കമ്പനിക്ക് എതിരെ മനപൂര്‍വമല്ലാത്ത നരഹത്യക്ക് കേസെടുക്കാവുന്നതാണെന്നും മന്ത്രി വ്യക്തമാക്കി.

കുതിരാനിലെ ഇരട്ടകുഴല്‍ തുരങ്കപാത ഉള്‍പ്പെട്ട മണ്ണുത്തി വടക്കഞ്ചേരി ദേശീയപാതയുടെ നിര്‍മ്മാണം പൂര്‍ത്തിയാക്കുന്നതിനുളള കാലാവധി പലവട്ടം കരാര്‍ കമ്പനി തെറ്റിച്ചു. മറ്റൊരു കരാര്‍ കമ്പനിയുടെ ഭാഗത്തു നിന്നും ഇത്ര മോശമായ സമീപനം ഉണ്ടായിട്ടില്ല.

എന്നാല്‍ കമ്പനിയുടെ കരാര്‍ ലംലനങ്ങള്‍ക്ക് ദേശീയപാത അതോറിറ്റി കൂട്ടുനില്‍കുകയാണെന്നും മന്ത്രി കുറ്റപ്പെടുത്തി. അടുത്ത മാസം 10നകം തകര്‍ന്ന ഭാഗങ്ങളിലെ ടാറിങ് പൂര്‍ത്തിയാക്കുമെന്നും ജനുവരിയില്‍ രണ്ട് തുരങ്കങ്ങള്‍ സഞ്ചാരയോഗ്യമാകുമെന്നും കമ്പനി ഉറപ്പു നല്‍കിയതായി മന്ത്രി പറഞ്ഞു. ജി.സുധാകരനൊപ്പം വിദ്യാഭ്യാസമന്ത്രി സി.രവീന്ദ്രനാഥ്, ജില്ലാ കളക്ടര്‍ ടി.വി.അനുപമ, ആലത്തൂര്‍ എംപി പി.കെ.ബിജു എന്നിവരും ഉണ്ടായിരുന്നു.