കാര്യവട്ടത്തെ ഇന്ത്യ വെസ്റ്റ്ഇന്‍ഡീസ് ക്രിക്കറ്റ് മത്സരം പ്രതിസന്ധിയില്‍

single-img
25 September 2018

കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്‌റ്റേഡിയത്തില്‍ നടക്കാനിരിക്കുന്ന ഇന്ത്യ വെസ്റ്റ്ഇന്‍ഡീസ് ക്രിക്കറ്റ് മത്സരം പ്രതിസന്ധിയില്‍. കെ.സി.എയും കാര്യവട്ടം സ്‌പോര്‍ട്‌സ് ഹബ് അധികൃതരും തമ്മിലുള്ള തര്‍ക്കങ്ങളാണ് മത്സരം പ്രതിസന്ധിയിലാകാന്‍ കാരണം.
ഗാലറിയിലെ കോര്‍പ്പറേറ്റ് ബോക്‌സ് ഇരിപ്പിടങ്ങളും സ്റ്റേഡിയത്തിന് പുറത്തെ മാര്‍ക്കറ്റിംഗ് അവകാശവും തങ്ങള്‍ക്ക് വേണമെന്ന് സ്‌പോര്‍ട്‌സ് ഫെസിലിറ്റീസ് ലിമിറ്റഡ് കെസിഎയോട് ആവശ്യപ്പെട്ടിരുന്നു.

എന്നാല്‍ ഈ ആവശ്യം കെസിഎ പൂര്‍ണമായും തള്ളിക്കളഞ്ഞു. മത്സരം പൂര്‍ണമായും കെസിഎയുടെ നിയന്ത്രണത്തിലായിരിക്കുമെന്നും മറിച്ചൊരു സാധ്യത ആലോചിക്കുക പോലുമില്ലെന്നും മത്സരം ഉപേക്ഷിക്കേണ്ടി വന്നാല്‍ പോലും സ്‌പോര്‍ട്‌സ് ഫെസിലിറ്റീസ് ലിമിറ്റഡിന്റെ ആവശ്യം അനുവദിക്കില്ലെന്നും കെസിഎ വ്യക്തമാക്കി.

അതേസമയം മത്സരം നടത്താനുള്ള എല്ലാ ശ്രമങ്ങളും നടത്തുന്നുണ്ടെന്ന് കെ.സി.എ അധികൃതര്‍ അറിയിച്ചു. നവംബര്‍ ഒന്നിനാണ് ഇന്ത്യ വെസ്റ്റ്ഇന്‍ഡീസ് ഏകദിന മത്സരം. അരലക്ഷത്തോളം പേര്‍ മത്സരം കാണാനെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. തിരക്ക് കുറക്കുന്നതിന് ഗാലറയിലെ സീറ്റ് നമ്പറുകള്‍ രേഖപ്പെടുത്തി ടിക്കറ്റുകള്‍ പൂര്‍ണ്ണമായും ഓണ്‍ലൈന്‍ വഴിയാക്കണമെന്ന് പൊലീസ് നിര്‍ദ്ദേശിച്ചിരുന്നു.