അഞ്ചാം വയസില്‍ വ്യത്യസ്തമായൊരു റെക്കോര്‍ഡ് സൃഷ്ടിച്ച് അബുദാബിയിലെ മലയാളി ബാലന്‍

single-img
25 September 2018

കണ്ണൂര്‍ സ്വദേശിയും അബുദാബി ക്വിക് മിക്‌സ് ബെറ്റണ്‍ എല്‍എല്‍സിയിലെ എച്ച്ആര്‍ ഓഫിസറുമായ ഷമീം പാലോട്ടിന്റെയും അസ്‌റയുടെയും മകനായ മുഹമ്മദ് ഐസാസ് ഷമീം വ്യത്യസ്തമായൊരു റെക്കോര്‍ഡ് സൃഷ്ടിച്ചിരിക്കുകയാണ്. അതും അഞ്ചാം വയസ്സില്‍.

ചരിത്രാതീത കാലത്തെ മുന്നൂറോളം ദിനോസറുകളുടെ സമഗ്ര വിവരങ്ങള്‍ ഇരുപതു മിനിറ്റുകൊണ്ട് ഓര്‍ത്തെടുത്തു പറഞ്ഞാണ് വ്യത്യസ്തമായൊരു റെക്കോര്‍ഡ് ഐസാസ് സ്വന്തം പേരില്‍ എഴുതിച്ചേര്‍ത്തത്. എ ചൈല്‍ഡ് വിത് എ യൂണിക് ടാലന്റ് വിഭാഗത്തിലാണ് ഐസാസ് 2018ല്‍ പുറത്തിറങ്ങിയ ഇന്ത്യാ ബുക്‌സ് ഓഫ് റെക്കോര്‍ഡ്‌സില്‍ ഇടംപിടിച്ചത്.

ഐസാസിന് ചോക്കലേറ്റിനെക്കാള്‍ ഇഷ്ടം ദിനോസറിനോടാണ്. ഒന്നുകില്‍ ഒരു ദിനോസര്‍ അല്ലെങ്കില്‍ അവയെക്കുറിച്ചുള്ള പുസ്തകം. ഇതില്‍ ഏതെങ്കിലും ഒന്ന് കിട്ടിയാല്‍ ഐസാസ് തൃപ്തനാകും. ബീച്ചിലും പാര്‍ക്കിലും പോയാല്‍ മറ്റു കുട്ടികളെ പോലെ സ്ലൈഡില്‍ കറങ്ങാനൊന്നുമല്ല ഐസാസിന് മോഹം.

കയ്യിലുള്ള ദിനോസറുകളുമൊന്നിച്ച് ചങ്ങാത്തം കൂടും. മണലില്‍ കുഴിച്ച് ദിനോസറുകളുടെ അസ്ഥി കണ്ടെത്താനായുള്ള ഗവേഷണം. കളിമണ്ണുകൊണ്ട് ദിനോസറുകളുടെ ശില്‍പമുണ്ടാക്കാനും ഇഷ്ടം. ഐസാസിന്റെ ഇഷ്ടപ്പെട്ട മോസസോറസിനായുള്ള അന്വേഷണത്തിലാണ് കുടുംബവും.

പുരാതന കാലത്തെ മൃഗങ്ങളെ മാത്രമല്ല മത്സ്യങ്ങളെയും പാമ്പുകളെയുമൊക്കെ ഈ കൊച്ചുഗവേഷകന്‍ തിരിച്ചറിയും. റെക്കോര്‍ഡ് നേട്ടം അറിഞ്ഞ സ്‌കൂള്‍ അധികൃതര്‍ പ്രത്യേക അംസബ്ലി വിളിച്ചുചേര്‍ത്താണ് ഐസാസിനെ അഭിനന്ദിച്ചത്. സഹപ്രവര്‍ത്തകര്‍ത്തകര്‍ക്കിടയില്‍ കൊച്ചുതാരമായിരിക്കുകയാണ് ഐസാസിപ്പോള്‍.

ഐസാസ് ദിനോസറുകളെ ഇഷ്ടപ്പെടാന്‍ തുടങ്ങിയിട്ട് രണ്ടര വര്‍ഷമായി. രണ്ടര വയസുള്ളപ്പോള്‍ ദിനോസറിന്റെ രൂപത്തിലുള്ള കളിപ്പാട്ടം കണ്ടാണ് ആ ഇഷ്ടം മനസില്‍ കയറിയത്. മറ്റു കുട്ടികള്‍ കാര്‍ട്ടൂണ്‍ ചാനലുകള്‍ കാണുമ്പോള്‍ ഐസാസിനിഷ്ടം ഡിസ്‌കവറി ചാനലാണെന്ന് പിതാവ് ഷമീമും മാതാവ് അസ്‌റയും പറഞ്ഞു.

മൂന്ന് വസയാപ്പോള്‍ യൂട്യൂബില്‍നിന്ന് മൃഗങ്ങളെ കുറിച്ചും മറ്റുമുള്ള ഡോക്യുമെന്ററികളും ഐസാസ് സ്വന്തമായി കണ്ടു തുടങ്ങി. ടിറെക്‌സിനെ കാണിച്ച് ഡി ഫോര്‍ ദിനോസര്‍ എന്ന് പറയുന്നത് ശരിയല്ലെന്നാണ് സണ്‍റൈസ് സ്‌കൂളിലെ കെജി ടു വിദ്യാര്‍ഥിയായ ഐസാസിന്റെ അഭിപ്രായം.

ടോയ് ഷോപ്പില്‍നിന്ന് കിട്ടുന്ന ദിനോസറുകളുടെ ചെറിയ നിര്‍മാണ തകരാറുപോലും ഈ കുരുന്ന് തിരിച്ചറിയും. ദിനോസറുകളുടെ പേര് തിരിച്ചറിയാനായി യൂടൂബില്‍ നടന്ന മല്‍സരത്തില്‍ ശരിയായ ഉത്തരം നല്‍കിയത് ഐസാസായിരുന്നുവെന്ന് മാതാവ് അസ്‌റ പറയുന്നു.