രാജ്യാന്തര ക്രിക്കറ്റില്‍ ഇപ്പോഴും ഒത്തുകളി ഭീഷണി: അഞ്ച് ക്യാപ്റ്റന്‍മാരെ വാതുവെപ്പുകാര്‍ സമീപിച്ചു; വെളിപ്പെടുത്തലുമായി ഐസിസി

single-img
25 September 2018

രാജ്യാന്തര ക്രിക്കറ്റില്‍ ഇപ്പോഴും ഒത്തുകളി ഭീഷണി നിലനില്‍ക്കുന്നതായി രാജ്യാന്തര ക്രിക്കറ്റ് കൗണ്‍സില്‍. കഴിഞ്ഞ 12 മാസത്തിനിടെ മാത്രം ഐസിസിയില്‍ സമ്പൂര്‍ണ അംഗത്വമുള്ള നാലു രാജ്യങ്ങളുടേത് ഉള്‍പ്പെടെ അഞ്ചു ക്യാപ്റ്റന്‍മാരെ വാതുവയ്പുകാര്‍ ഒത്തുകളിക്കാന്‍ സമീപിച്ചതായും ഐസിസി വെളിപ്പെടുത്തി.

ഐ.സി.സിയുടെ അഴിമതി രഹിത യൂണിറ്റ് ജനറല്‍ മാനേജര്‍ അലെക്‌സ് മാര്‍ഷല്‍ തിങ്കളാഴ്ച്ചയാണ് ഈ വാര്‍ത്ത പുറത്തുവിട്ടത്. ഏതെല്ലാം രാജ്യങ്ങളുടെ ക്യാപ്റ്റന്‍മാരേയാണ് സമീപിച്ചതെന്ന് വെളിപ്പെടുത്താനാകില്ലെന്നും അലെക്‌സ് മാര്‍ഷല്‍ വ്യക്തമാക്കി.

വാതുവയ്പുകാരെന്ന് സംശയിക്കുന്ന ചിലര്‍ തങ്ങളെ സമീപിച്ചതായി അഞ്ചു ക്യാപ്റ്റന്‍മാര്‍ ഐസിസിയെ രേഖാമൂലം അറിയിച്ചിട്ടുണ്ട്. അതില്‍ നാലു പേരും സമ്പൂര്‍ണ അംഗത്വമുള്ള ടീമുകളുടെ നായകന്‍മാരാണ്- മാര്‍ഷല്‍ പറഞ്ഞു. യു.എ.ഇയില്‍ പുരോഗമിക്കുന്ന ഏഷ്യ കപ്പിനിടെ അഫ്ഗാനിസ്താന്റെ വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ മുഹമ്മദ് ഷഹ്‌സാദിനേയും വാതുവെപ്പുകാര്‍ സമീപിച്ചിരുന്നതായി അലെക്‌സ് പറയുന്നു.

ഒക്ടോബറില്‍ ഷാര്‍ജയില്‍ നടക്കുന്ന അഫ്ഗാനിസ്താന്‍ പ്രീമിയര്‍ ടി ട്വന്റി ടൂര്‍ണമെന്റില്‍ മോശം പ്രകടനം കാഴ്ച്ചവെക്കണമെന്നാണ് ഷഹ്‌സാദിനോട് വാതുവെപ്പുകാര്‍ ആവശ്യപ്പെട്ടത്. കഴിഞ്ഞ ശനിയാഴ്ച്ച വൈകുന്നേരമാണ് ഷെഹ്‌സാദിനെ സംശയാസ്പദമായ രീതിയില്‍ ചിലര്‍ സമീപിച്ചത്.

ടീം ഹോട്ടലില്‍ വെച്ചായിരുന്നു ഇത്. തുടര്‍ന്ന് അഫ്ഗാനിസ്താന്‍ ടീം മാനേജ്‌മെന്റ് ഐ.സി.സിക്ക് ഇതുസംബന്ധിച്ച് പരാതി നല്‍കുകയും ചെയ്തു. വാതുവെപ്പുകാരില്‍ അധികപേരും ഇന്ത്യയില്‍ നിന്നുള്ളവരായിരുന്നു. അതിനര്‍ത്ഥം അവര്‍ ഇന്ത്യക്കുള്ളിലാണ് പ്രവര്‍ത്തിക്കുന്നത് എന്നല്ല.

ലോകത്ത് പലയിടത്തും വാതുവെപ്പുകാരുണ്ട്. അവര്‍ക്ക് എവിടെനിന്ന് വേണമെങ്കിലും പദ്ധതി തയ്യാറാക്കം. കുറഞ്ഞ സമയത്തിനുള്ളില്‍ മത്സരം അവസാനിക്കുന്നതിനാല്‍ അവര്‍ക്ക് ടിട്വന്റി ക്രിക്കറ്റിനോടാണ് താത്പര്യം കൂടുതല്‍. അലെക്‌സ് മാര്‍ഷെല്‍ വ്യക്തമാക്കുന്നു.

വാതുവെപ്പുമായി ബന്ധപ്പെട്ട് കഴിഞ്ഞ ഒരു വര്‍ഷത്തിനുള്ളില്‍ 32 കേസുകളുടെ അന്വേഷണം നടത്തിയതായും ഐ.സി.സിയുടെ വാര്‍ഷിക റിപ്പോര്‍ട്ടില്‍ പറയുന്നു. ഇതില്‍ 23 എണ്ണം നല്‍കിയത് കളിക്കാരും മാച്ച് ഒഫീഷ്യല്‍സുമാണ്. ചില താരങ്ങളും വാതുവെപ്പില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്ന് അന്വേഷണത്തിനടയില്‍ ഐ.സി.സി കണ്ടെത്തിയിട്ടുണ്ട്.