വിമാനത്താവളത്തില്‍ വര്‍ണവെറി; പൊട്ടിത്തെറിച്ച് ശില്‍പ്പ ഷെട്ടി

single-img
24 September 2018

നിറത്തിന്റെ പേരില്‍ തനിക്ക് വീണ്ടും വംശീയാധിക്ഷേപം നേരിടേണ്ടി വന്നതായി ബോളിവുഡ് താരം ശില്‍പ ഷെട്ടി. ഓസ്‌ട്രേലിയന്‍ വിമാനക്കമ്പനിയായ ക്വാണ്ടാസിലെ ഒരു ജീവനക്കാരിയുടെ പെരുമാറ്റത്തിനെതിരെയാണ് ഇന്‍സ്റ്റഗ്രാമിലൂടെയുള്ള ശില്‍പയുടെ രോഷപ്രകടനം.

ബിസിനസ് ആവശ്യവുമായി ബന്ധപ്പെട്ട് സിഡ്‌നിയില്‍ നിന്ന് മെല്‍ബണിലേക്കാണ് ശില്‍പ്പക്ക് യാത്ര ചെയ്യേണ്ടിയിരുന്നത്. ചെക്ക് ഇന്‍ ചെയ്യാന്‍ കൗണ്ടറിലെത്തി. ”വെള്ളക്കാരല്ലാത്തതിനാലും ബ്രൗണ്‍ നിറമായതിനാലും മെല്‍ എന്നുപേരുള്ള സ്റ്റാഫ് സംസാരിക്കാന്‍ താത്പര്യം കാണിച്ചില്ല.

രണ്ടു ബാഗുകളിലൊന്നിന് ഭാരം കൂടുതലാണെന്ന് അവര്‍ പറഞ്ഞു. ഭാരക്കൂടുതലുള്ള ബാഗുകള്‍ കൈകാര്യം ചെയ്യുന്ന മറ്റൊരു കൗണ്ടറിലേക്ക് ഞങ്ങളെ അയച്ചു. ”ആ കൗണ്ടറിലുണ്ടായിരുന്ന സ്റ്റാഫ് ബാഗിന് ഭാരക്കൂടുതലില്ലെന്നും ആദ്യത്തെ കൗണ്ടറില്‍ തന്നെ ചെല്ലുവാനും മാന്യമായി നിര്‍ദേശിച്ചു.

പഴയ കൗണ്ടറിലേക്ക് ചെന്നപ്പോള്‍ അവര്‍ പരിശോധിക്കാന്‍ കൂട്ടാക്കിയില്ല. കൗണ്ടര്‍ അടയ്ക്കാന്‍ അഞ്ച് മിനിട്ടുള്ളപ്പോള്‍ ഒരു കൗണ്ടറില്‍ നിന്ന് മറ്റൊരു കൗണ്ടറിലേക്ക് ഓടുകയായിരുന്നു ഞാന്‍. ബാഗ് പരിശോധിച്ച മറ്റൊരു സ്റ്റാഫും പറഞ്ഞു, ഭാരക്കൂടുതലില്ല എന്ന്.

ഈ വിഷയം എയര്‍ലൈന്‍സിന്റെ ശ്രദ്ധയില്‍പ്പെടുത്താനാണ് ഈ കുറിപ്പ്. തൊലിയുടെ നിറമനുസരിച്ചല്ല ആളുകളോട് പെരുമാറേണ്ടത് എന്ന് നിങ്ങളുടെ സ്റ്റാഫിനെ പഠിപ്പിക്കുക. തള്ളിവീഴ്‌ത്തേണ്ടവരല്ല ഞങ്ങള്‍. ബാഗിന്റെ ഫോട്ടോ കുറിപ്പിനൊപ്പം പോസ്റ്റ് ചെയ്ത ശില്‍പ്പ ഇങ്ങനെ ചോദിച്ചു; ”ഈ ബാഗിന് ഭാരക്കൂടുതലുണ്ടോ, നിങ്ങള്‍ പറയൂ..”?

ഇതാദ്യമായിട്ടല്ല ശില്‍പ വര്‍ണവെറിക്ക് ഇരയാകുന്നത്. മുന്‍പ് 2007ല്‍ ബ്രിട്ടീഷ് റിയാലിറ്റി ഷോ ആയ സെലിബ്രിറ്റി ബിഗ് ബ്രദര്‍ എന്ന ഷോയില്‍ വച്ചും താരത്തിന് ഇത്തരത്തിലുള്ള അനുഭവം ഉണ്ടായിട്ടുണ്ട്. അധിക്ഷേപത്തിന് ഇരയായെങ്കിലും 69ശതമാനം വോട്ടിന്റെ ഭൂരിപക്ഷത്തോടെ ശില്‍പ വിജയിക്കുകയും ചെയ്തു.