തിരുവനന്തപുരത്ത് അദ്ധ്യാപികമാര്‍ക്കെതിരെ ബി.ജെ.പി നേതാവിന്റെ അസഭ്യവര്‍ഷം

single-img
24 September 2018

അധ്യാപികമാരെ അധിക്ഷേപിച്ച ബിജെപി തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് എസ്. സുരേഷിന്റെ പരാമര്‍ശം വിവാദത്തില്‍. ധനുവച്ചപുരം എന്‍എസ്എസ് ഹിന്ദു കോളേജിനു പുറത്തുനടന്ന ചടങ്ങിലാണ് സുരേഷ് അസഭ്യ വര്‍ഷം നടത്തിയത്. അടുത്തിടെ കോളജില്‍ നടന്ന എസ്എഫ്‌ഐ എബിവിപി സംഘര്‍ഷത്തില്‍ ആറോളം എബിവിപി പ്രവര്‍ത്തകരെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.

കോളേജിലെ അദ്ധ്യാപകരും പ്രിന്‍സിപ്പളും ഇതിന് ചുക്കാന്‍ പിടിച്ചെന്നായിരുന്നു ബി.ജെ.പിയുടെ ആരോപണം. ‘അധ്യാപികമാരുടെ അനാശാസ്യവും ആഭാസവും തോന്ന്യവാസവും എ.ബി.വി.പി ഉണ്ടായാല്‍ നടത്താന്‍ സാധ്യമല്ലെന്ന് ബോധ്യമായപ്പോഴാണ് ഇത്തരം നടപടിയുമായി കോളേജ് അധികൃതര്‍ രംഗത്തെത്തിയതെന്നായിരുന്നു’ സുരേഷിന്റെ പ്രസ്താവന.

കേട്ടാലറയ്ക്കുന്ന ഭാഷയിലുള്ള ചില തെറിവിളികളും ഇയാള്‍ പ്രസംഗത്തിനിടെ നടത്തുന്നുണ്ടായിരുന്നു. കോളേജില്‍ കുറച്ച് നാളായി എ.ബി.വി.പിയുടെ നേതൃത്വത്തില്‍ ചില പ്രവര്‍ത്തനങ്ങള്‍ നടക്കുന്നുണ്ട്. എന്നാല്‍ കോളേജില്‍ യൂണിയന്‍ പ്രവര്‍ത്തനം അനുവദിച്ചിട്ടില്ല. ഭരണസമിതി നിലനില്‍ക്കുന്നുമില്ല.

അതുകൊണ്ട് തന്നെ കോളേജിനെതിരെ എ.ബി.വി.പി നിരന്തരം സമരരംഗത്ത് ഉണ്ടെന്ന് കോളേജ് അധികൃതര്‍ പറയുന്നു. കോളേജില്‍ NAAC ന്റെ അക്രഡിറ്റേഷന്‍ പ്രോസസ് നടന്നുകൊണ്ടിരിക്കുകയാണെന്നും അതിനെ ചില വിദ്യാര്‍ത്ഥികള്‍ തകിടംമറിക്കാനായി ശ്രമിക്കുന്നുണ്ടെന്നും കോളേജ് പ്രിന്‍സിപ്പല്‍ വ്യക്തമാക്കി.

ആ വിദ്യാര്‍ത്ഥികളെ താക്കീത് ചെയ്തിരുന്നു. താക്കീത് വകവെക്കാത്ത ചില വിദ്യാര്‍ത്ഥികളാണ് സംഘര്‍ഷമുണ്ടാക്കിയത്. മനപൂര്‍വമുണ്ടാക്കിയ സംഘര്‍ഷമായിരുന്നു അത്. സംഘര്‍ഷത്തില്‍ വിദ്യാര്‍ത്ഥി യൂണിയനില്‍ പെടാത്ത രണ്ട് വിദ്യാര്‍ത്ഥികള്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.

അവര്‍ 4 ദിവസം ആശുപത്രിയിലായിരുന്നു. അതിന്റെ അടിസ്ഥാനത്തിലാണ് ഇവര്‍ക്കെതിരെ പൊലീസ് കേസെടുത്തത്’ പ്രിന്‍സിപ്പല്‍ പറയുന്നു. അതേസമയം അധ്യാപികമാരെ അധിക്ഷേപിച്ച് സംസാരിച്ച ബി.ജെ.പി നേതാവ് സുരേഷിനെതിരെ പരാതി നല്‍കാനാണ് കോളേജ് അധികൃതരുടെ തീരുമാനം.