Latest News

റഫാല്‍ യുദ്ധ വിമാനക്കരാറില്‍ നടന്നത് വന്‍ ‘കള്ളക്കളി’ ?

റഫാല്‍ യുദ്ധ വിമാനക്കരാറില്‍ ഓഫ്‌സെറ്റ് പങ്കാളിയായി അനില്‍ അംബാനിയുടെ റിലയന്‍സിനെ കൊണ്ട് വന്നത് ഇന്ത്യന്‍ സര്‍ക്കാരാണെന്ന മുന്‍ ഫ്രഞ്ച് പ്രസിഡണ്ട് ഫ്രാങ്‌സ്വ ഓലന്‍ഡിന്റെ വെളിപ്പെടുത്തല്‍ ദേശീയ രാഷ്ട്രീയത്തിലുണ്ടാക്കിയ അലയൊലികള്‍ അവസാനിക്കുന്നില്ല.

വിഷയത്തില്‍ സമഗ്ര അന്വേഷണം വേണമെന്ന ആവശ്യം കൂടുതല്‍ ശക്തമാവുകയാണ്. ജെ.പി.സി അന്വേഷണം വേണമെന്ന കോണ്‍ഗ്രസ് ആവശ്യത്തെ പിന്തുണച്ച് കൂടുതല്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ രംഗത്തെത്തി. വിഷയം വരാനിരിക്കുന്ന നിയമസഭ തെരഞ്ഞെടുപ്പുകളിലെ മുഖ്യ പ്രചാരണ വിഷയമായി ഇപ്പോള്‍ തന്നെ മാറിക്കഴിഞ്ഞു.

ചൗക്കിദാര്‍ ചോര്‍ഹെ അഥവ, പ്രധാനമന്ത്രി കള്ളനാണെന്ന മുദ്രാവാക്യവുമായി തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന ഛത്തീസ്ഗഢ്, രാജസ്ഥാന്‍, മധ്യപ്രദേശ് സംസ്ഥാനങ്ങളില്‍ കോണ്‍ഗ്രസ് റഫാലില്‍ പ്രചാരണം തുടങ്ങിക്കഴിഞ്ഞു. കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി പ്രധാനമന്ത്രിയെ പ്രതിസ്ഥാനത്ത് നിര്‍ത്തി തുടര്‍ച്ചയായ അക്രമിക്കുകയാണ്.

കള്ളങ്ങള്‍ പ്രചരിപ്പിക്കുന്നത് നിര്‍ത്തി ഇടപാടില്‍ സംയുക്ത പാര്‍ലമെന്ററി അന്വേഷണം പ്രഖ്യാപിക്കൂ എന്നാണ് രാഹുല്‍ ഇന്നലെ പറഞ്ഞത്. ജെ.പി.സി അന്വേഷണം വേണമെന്ന ആവശ്യത്തെ പിന്തുണച്ച് എസ്.പി നേതാവ് അഖിലേഷ് യാദവ് കഴിഞ്ഞ ദിവസം രംഗത്ത് വന്നു.

അതേസമയം ഫ്രാങ്‌സ്വ ഓലന്‍ഡിന്റെ വെളിപ്പെടുത്തല്‍ ഇന്ത്യയുമായുള്ള ഉഭയകക്ഷി ബന്ധത്തെ ബാധിക്കുമെന്ന ആശങ്കയിലാണ് ഫ്രാന്‍സ്. ഇന്ത്യയുമായുള്ള ബന്ധത്തില്‍ വിള്ളല്‍ വീഴുമോയെന്ന ആശങ്ക തങ്ങള്‍ക്കുണ്ടെന്ന് ഫ്രാന്‍സ് വിദേശകാര്യ സഹമന്ത്രി ഴാന്‍ ബാപ്റ്റിസ്റ്റെ ലിമോയ്‌നെ പറഞ്ഞു.

ഫ്രാന്‍സും ഇന്ത്യയും തമ്മിലുള്ള ഉഭയകക്ഷി ബന്ധം വളരെ പ്രധാനപ്പെട്ടതാണ്. ഇടപാടുമായി ബന്ധപ്പെട്ട് ഇപ്പോള്‍ വന്നിരിക്കുന്ന വെളിപ്പെടുത്തലുകള്‍ ഉഭയകക്ഷി ബന്ധത്തെ ബാധിച്ചേക്കാം. ഇത് ഇരു രാജ്യങ്ങള്‍ക്കും നല്ലതല്ല, പ്രത്യേകിച്ച് ഫ്രാന്‍സിന്. ഒലാന്ത് ഇപ്പോള്‍ അധികാരത്തില്‍ ഇല്ലാതിരിക്കെ ഇന്ത്യയില്‍ വിവാദമുണ്ടാക്കുന്ന തരത്തില്‍ പ്രസ്താവനകള്‍ നടത്തുന്നത് ഉചിതമല്ല – ലിമോയ്‌നെ പറഞ്ഞു.

റഫാല്‍ യുദ്ധ വിമാനക്കരാറിനെ ചൊല്ലിയുള്ള വിവാദം:

2015 ഏപ്രില്‍ 10

പ്രധാനമന്ത്രിയായശേഷം ഫ്രാന്‍സിലേക്കുള്ള ആദ്യ സന്ദര്‍ശനത്തില്‍ പാരിസില്‍ നരേന്ദ്ര മോദി നടത്തിയ പ്രഖ്യാപനമാണു റഫാല്‍ വിവാദത്തിന്റെ തുടക്കം. 2015 ഏപ്രില്‍ പത്തിന് ആയിരുന്നു അത്. ഫ്രഞ്ച് കമ്പനിയായ ഡാസോ ഏവിയേഷനില്‍നിന്നു 36 റഫാല്‍ യുദ്ധവിമാനങ്ങള്‍ വാങ്ങുമെന്നു മോദി അന്നു പ്രഖ്യാപിച്ചു.

എന്നാല്‍ മോദിയുടെ ഫ്രഞ്ച് പ്രഖ്യാപനത്തിനു 13 ദിവസം മുന്‍പ് ഇങ്ങ് ഇന്ത്യന്‍ പ്രതിരോധ മേഖലയില്‍ പുതിയൊരു സ്വകാര്യ കമ്പനി രൂപംകൊണ്ടു, റിലയന്‍സ് ഡിഫന്‍സ് ലിമിറ്റഡ്. കേന്ദ്ര കോര്‍പറേറ്റ് മന്ത്രാലയത്തിന്റെ പക്കലുള്ള രേഖകള്‍ പ്രകാരം അനില്‍ അംബാനിയുടെ കീഴിലുള്ള റിലയന്‍സ് ഡിഫന്‍സ് ലിമിറ്റഡ് രൂപംകൊണ്ടതു 2015 മാര്‍ച്ച് 28ന്.

റഫാല്‍ വിമാന ഇടപാടുമായി ബന്ധപ്പെട്ടുള്ള 30,000 കോടി രൂപയുടെ ഓഫ്‌സെറ്റ് കരാര്‍ (ഇടപാടിന്റെ ഭാഗമായി വിദേശ കമ്പനി ഇന്ത്യയില്‍ നടപ്പാക്കുന്ന അനുബന്ധ കരാര്‍) റിലയന്‍സിനു കൈമാറാന്‍ ഡാസോ ഏവിയേഷന്‍ തീരുമാനിച്ചതോടെ, വിഷയത്തില്‍ വ്യാപക അഴിമതി നടന്നുവെന്ന പ്രതിപക്ഷ ആരോപണത്തിനു മൂര്‍ച്ച കൂടി.

2015ല്‍ റഫാല്‍ ഇടപാടു പ്രഖ്യാപിച്ച ഫ്രഞ്ച് സന്ദര്‍ശനത്തില്‍ അന്നത്തെ പ്രതിരോധ മന്ത്രി മനോഹര്‍ പരീക്കറെ മോദി ഒപ്പം കൂട്ടിയിരുന്നില്ല. അദ്ദേഹത്തെ അനുഗമിച്ച വ്യവസായികളുടെ കൂട്ടത്തില്‍ പക്ഷേ മറ്റൊരാളുണ്ടായിരുന്നു അനില്‍ അംബാനി. അന്നത്തെ ഫ്രഞ്ച് പ്രസിഡന്റ് ഫ്രാന്‍സ്വ ഒലോന്‍ദുമായി നടത്തിയ കൂടിക്കാഴ്ചയ്‌ക്കൊടുവിലായിരുന്നു റഫാല്‍ വിമാനങ്ങള്‍ വാങ്ങുന്നതു സംബന്ധിച്ച മോദിയുടെ പ്രഖ്യാപനം.

യുപിഎ സര്‍ക്കാരിന്റെകാലത്ത്, പൊതുമേഖലാ സ്ഥാപനമായ ബെംഗളൂരുവിലെ ഹിന്ദുസ്ഥാന്‍ എയ്‌റോനോട്ടിക്‌സ് ലിമിറ്റഡിനു (എച്ച്എഎല്‍) കൈമാറാനിരുന്ന ഓഫ്‌സെറ്റ് കരാര്‍ സ്വകാര്യ കമ്പനിയായ റിലയന്‍സിനു നല്‍കിയതിനെ കോണ്‍ഗ്രസ് കടന്നാക്രമിച്ചു.

126 വിമാനങ്ങള്‍ക്കായി തങ്ങള്‍ ഉറപ്പിച്ച ഇടപാടിനേക്കാള്‍ ഉയര്‍ന്ന തുകയ്ക്കു 36 എണ്ണം മാത്രം വാങ്ങാനും സ്വകാര്യ കമ്പനിയെ പങ്കാളിയാക്കാനുമുള്ള മോദിയുടെ തീരുമാനത്തിനു പിന്നില്‍ കോടികളുടെ ക്രമക്കേടുണ്ടെന്നും ‘കള്ളന്‍തന്നെയാണു രാജ്യത്തിന്റെ കാവല്‍ക്കാരനെ’ന്നും കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ആരോപിച്ചു.

50 വര്‍ഷത്തെ കരാര്‍, റെക്കോര്‍ഡ് തുക

ഇന്ത്യന്‍ പ്രതിരോധ മേഖലയുടെ ചരിത്രത്തിലെ ഏറ്റവും വലിയ ഓഫ്‌സെറ്റ് കരാറാണു (30,000 കോടി രൂപ) ഡാസോയില്‍നിന്നു റിലയന്‍സിനു ലഭിച്ചത്. വിമാനങ്ങള്‍ക്കുള്ള ആകെ കരാര്‍ തുകയുടെ (58,000 കോടി രൂപ) ഏകദേശ പകുതി എന്ന കണക്കിലാണ് ഓഫ്‌സെറ്റ് കരാര്‍ തുക നിശ്ചയിച്ചത്. യുദ്ധവിമാനത്തിന്റെ ഘടകങ്ങള്‍ നിര്‍മിക്കുന്നതിനു പുറമെ 50 വര്‍ഷത്തേക്കു വിമാനത്തിന്റെ പരിപാലനം, അറ്റകുറ്റപ്പണി, നവീകരണം എന്നിവയുടെ ചുമതലയും ഇതുവഴി റിലയന്‍സിനു ലഭിക്കും. അടുത്ത 50 വര്‍ഷം ലക്ഷ്യമിടുന്ന വരുമാനം ഒരു ലക്ഷം കോടി രൂപയാണെന്നു റിലയന്‍സ് തന്നെ വ്യക്തമാക്കുന്നു.

യുദ്ധവിമാനങ്ങളുടെ നിര്‍മാണത്തില്‍ പതിറ്റാണ്ടുകളുടെ പ്രവര്‍ത്തനപരിചയമുള്ള, സുഖോയ്, മിറാഷ് ഉള്‍പ്പെടെ 4400 യുദ്ധവിമാനങ്ങള്‍ നിര്‍മിച്ച, എച്ച്എഎല്ലിനെ ഒഴിവാക്കി ഇന്നുവരെ ഒരു യുദ്ധവിമാനം പോലുമുണ്ടാക്കാത്ത റിലയന്‍സിന് 1.30 ലക്ഷം കോടി ലഭിക്കാന്‍ വഴിയൊരുക്കിയത് ആര്‍ക്കുവേണ്ടിയെന്ന ചോദ്യം പ്രസക്തം.

ഓഫ്‌സെറ്റ് കരാറിന്റെ ഭാഗമായി 2017 ഫെബ്രുവരി 17നു റിലയന്‍സും ഡാസോ ഏവിയേഷനും സംയുക്ത കമ്പനിക്കു രൂപം നല്‍കി – ഡാസോ റിലയന്‍സ് എയ്‌റോസ്‌പേസ് ലിമിറ്റഡ് (ഡിആര്‍എഎല്‍). കമ്പനിയില്‍ 51% ഓഹരി റിലയന്‍സിനും 49% ഡാസോയ്ക്കും. ഡാസോ മേധാവി എറിക് ട്രാപ്പിയര്‍ ആണു കമ്പനിയുടെ ചെയര്‍മാന്‍, അനില്‍ അംബാനി സഹ ചെയര്‍മാന്‍. നാഗ്പുരിലെ ധിരുഭായ് എയ്‌റോസ്‌പേസ് പാര്‍ക്ക് കേന്ദ്രമാക്കിയാണ് കമ്പനിയുടെ പ്രവര്‍ത്തനം. കര, വ്യോമ, നാവിക സേനകള്‍ക്കായി വിവിധ സാമഗ്രികള്‍ നിര്‍മിക്കുന്നതിന് 27 വ്യവസായ ലൈസന്‍സുകളാണു റിലയന്‍സിന് 2016ല്‍ ലഭിച്ചത്. പ്രതിരോധ മേഖലയില്‍ സ്വകാര്യ കമ്പനിക്ക് ഒരുവര്‍ഷം ഇത്രയേറെ ലൈസന്‍സ് ലഭിക്കുന്നത് ഇതാദ്യം.

ഡാസോ ഏവിയേഷനില്‍നിന്നു സാങ്കേതികവിദ്യാ കൈമാറ്റത്തോടെ 126 റഫാല്‍ വിമാനങ്ങള്‍ വാങ്ങുന്നതുമായി ബന്ധപ്പെട്ടു യുപിഎ സര്‍ക്കാര്‍ നടത്തിയ പ്രാഥമിക ഇടപാടു നിലനില്‍ക്കവേയായിരുന്നു മോദിയുടെ പ്രഖ്യാപനം. മുന്‍ സര്‍ക്കാര്‍ തുടക്കമിട്ട ഇടപാട് റദ്ദാക്കുകപോലും ചെയ്യാതെ, സ്വന്തം നിലയില്‍ പ്രതിരോധ കരാര്‍ പ്രഖ്യാപിക്കാന്‍ പ്രധാനമന്ത്രിക്ക് അധികാരമില്ലെന്നും പ്രതിരോധ സാമഗ്രികള്‍ വാങ്ങുന്നതുമായി ബന്ധപ്പെട്ട ചട്ടങ്ങളുടെ (ഡിഫന്‍സ് പ്രൊക്യൂര്‍മെന്റ് പ്രൊസീജ്യര്‍ – ഡിപിപി) ലംഘനമാണെന്നുമുള്ള ആക്ഷേപം ശക്തം.

36 റഫാല്‍ വിമാനങ്ങള്‍ വാങ്ങാനുള്ള പ്രഖ്യാപനം നടത്തി മൂന്നുമാസത്തിനു ശേഷമാണ് (2015 ജൂണ്‍) യുപിഎ സര്‍ക്കാരിന്റെ ഇടപാടു റദ്ദാക്കിയതായി കേന്ദ്ര സര്‍ക്കാര്‍ ഉത്തരവിറക്കിയത്. മോദിയുടെ പ്രഖ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ മറ്റൊരു ചോദ്യവും പ്രസക്തം – പ്രതിരോധ സാമഗ്രികള്‍ വാങ്ങുന്നതിന്റെ ചുമതല വഹിക്കുന്ന ഉന്നത പ്രതിരോധ സമിതിയുമായി (ഡിഫന്‍സ് അക്വിസിഷന്‍ കൗണ്‍സില്‍ ഡിഎസി) മോദി അക്കാര്യം ചര്‍ച്ച ചെയ്തിരുന്നോ?

പ്രതിരോധ മന്ത്രി, കര, വ്യോമ, നാവിക സേനാ മേധാവികള്‍, പ്രതിരോധ ഗവേഷണ വികസന കേന്ദ്രം (ഡിആര്‍ഡിഒ) ഡയറക്ടര്‍ എന്നിവരുള്‍പ്പെട്ട സമിതിയാണ് ഏതൊക്കെ പ്രതിരോധ സാമഗ്രികള്‍ വാങ്ങണമെന്ന കാര്യത്തില്‍ തീരുമാനമെടുക്കുന്നത്. ഓരോ സേനയിലെയും ആവശ്യങ്ങള്‍ കണക്കിലെടുത്തും വിശദമായ കൂടിയാലോചനകള്‍ക്കും ശേഷമാണ് ഇക്കാര്യത്തില്‍ അന്തിമതീരുമാനമെടുക്കുന്നത്.

വ്യോമസേനയില്‍ യുദ്ധവിമാനങ്ങളുടെ കുറവു പരിഹരിക്കാന്‍ 126 എണ്ണം ആവശ്യമാണെന്ന ഡിഎസിയുടെ വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണു മുന്‍ യുപിഎ സര്‍ക്കാര്‍ അത്രയുമെണ്ണം വാങ്ങാനുള്ള നടപടികള്‍ ആരംഭിച്ചത്. വിമാനങ്ങളുടെ എണ്ണം 36 ആയി കുറച്ചതു ദേശീയ സുരക്ഷയെ ബാധിക്കുമെന്ന കോണ്‍ഗ്രസ് ആരോപണത്തിന്റെ അടിസ്ഥാനവുമിതാണ്.

കേന്ദ്രത്തിന്റെ മറുപടി

റഫാല്‍ വിമാനങ്ങള്‍ വാങ്ങുന്നതിനുള്ള സന്നദ്ധത മാത്രമാണു 2015ലെ ഫ്രാന്‍സ് സന്ദര്‍ശനത്തില്‍ മോദി നടത്തിത്. 2016 സെപ്റ്റംബര്‍ 23നാണ് അന്തിമകരാര്‍ ഒപ്പിട്ടത്. സുരക്ഷാകാര്യ മന്ത്രിതല സമിതിയുടേതുള്‍പ്പെടെ പ്രതിരോധ ഇടപാടുകളുമായി ബന്ധപ്പെട്ട വിവിധ കേന്ദ്രങ്ങളില്‍നിന്ന് അനുമതി നേടിയശേഷമാണു കരാര്‍ നടപ്പാക്കിയത്. മോദി ഏകപക്ഷീയമായി കരാര്‍ ഉറപ്പിച്ചുവെന്ന ആക്ഷേപം തെറ്റാണെന്നു വാദിക്കുന്ന കേന്ദ്ര സര്‍ക്കാര്‍, കരാര്‍ നടത്തിപ്പില്‍ വിട്ടുവീഴ്ചകള്‍ ചെയ്തതു യുപിഎ സര്‍ക്കാരാണെന്നും തിരിച്ചടിക്കുന്നു.

കടപ്പാട്: മനോരമ