വിവാദങ്ങള്‍ക്കിടയിലും എണ്ണക്കമ്പനികളുടെ പകല്‍ക്കൊള്ളയ്ക്ക് കൂട്ടുനിന്ന് മോദി സര്‍ക്കാര്‍: ഇന്ധന വില കുതിച്ചുയരുന്നു

single-img
24 September 2018

രാജ്യത്ത് ഇന്ധന വില 90 കടന്നു. മുംബൈയില്‍ പെട്രോളിന് പത്ത് പൈസ വര്‍ധിച്ചതോടെയാണ് വില തൊണ്ണൂറ് കടന്നത്. പെട്രോളിന് ഇന്ത്യയിലെ ഏറ്റവും ഉയര്‍ന്ന വിലയാണിത്. നാല് പൈസയാണ് മുംബൈയില്‍ ഡീസലിന് ഇന്ന് വര്‍ധിച്ചത്. ഇതോടെ മുംബൈയില്‍ ഒരു ലീറ്റര്‍ ഡീസലിന് 78.57 രൂപയായി. പെട്രോളിന് 90.08 രൂപയും.

രാജ്യതലസ്ഥനമായ ഡല്‍ഹിയില്‍ ഒരു ലിറ്റര്‍ പെട്രോളിന് 82.72 രൂപയും ഡീസലിന് 74.02 രൂപയുമാണ്. കോല്‍ക്കത്തയില്‍ പെട്രോളിന് 84.54 രൂപയും ഡീസലിന് 75.86 രൂപയുമാണ്. ബംഗളൂരുവില്‍ പെട്രോളിന് 83.36 രൂപയും ഡീസലിന് 74.39 രൂപയുമാണ്.

കേരളത്തിലും ഇന്ന് പെട്രോളിന് പത്ത് പൈസും ഡീസലിന് നാല് പൈസയും വര്‍ധിച്ചു. ഇതോടെ തിരുവനന്തപുരത്ത് ഒരു ലിറ്റര്‍ പെട്രോളിന് 86.09 രൂപയും ഡീസലിന് 79.23 രൂപയുമായി. കൊച്ചിയില്‍ പെട്രോളിന് 84.58 രൂപയും ഡീസലിന് 77.73 രൂപയുമാണ്. കോഴിക്കോട്ട് പെട്രോളിന് 84.95 രൂപയും ഡീസലിന് 78.09 രൂപയുമാണ്.