ഓണ്‍ലൈനായി സാധനങ്ങള്‍ വാങ്ങുന്നവരാണോ?: എങ്കില്‍ ഈ കോള്‍ വരും, സൂക്ഷിക്കണം

single-img
24 September 2018

ഓണ്‍ലൈനായി സാധനം വാങ്ങിയവരുടെ പേരുകള്‍ നറുക്കിട്ടപ്പോള്‍ കാര്‍ സമ്മാനമായി ലഭിച്ചിട്ടുണ്ടെന്നു പറഞ്ഞു കബളിപ്പിക്കുന്ന ഉത്തരേന്ത്യന്‍ സംഘങ്ങള്‍ സജീവം. കഴിഞ്ഞ ദിവസം ചേവായൂര്‍ സ്വദേശിനിയായ വീട്ടമ്മയ്ക്കു വിളി വന്നെങ്കിലും തട്ടിപ്പിനിരയാകാതെ രക്ഷപ്പെട്ടു.

രാജ്യത്തെ പ്രമുഖ ഓണ്‍ലൈന്‍ മാര്‍ക്കറ്റിങ് സൈറ്റ് നടത്തിയ നറുക്കെടുപ്പില്‍ കാര്‍ സമ്മാനമായി ലഭിച്ചിട്ടുണ്ടെന്നു പറഞ്ഞാണു വീട്ടമ്മയുടെ മൊബൈല്‍ ഫോണിലേക്കു വിളിയെത്തിയത്. ഈ സൈറ്റിലൂടെ വീട്ടമ്മ ഇടയ്ക്കിടെ സാധനങ്ങള്‍ വാങ്ങാറുണ്ട്. സമ്മാനമായി ലഭിച്ച കാര്‍ വേണ്ടെങ്കില്‍ അതിനു തുല്യമായ തുക നല്‍കാമെന്നും ഹിന്ദിയില്‍ സംസാരിച്ച തട്ടിപ്പുകാരന്‍ വാഗ്ദാനം നല്‍കി.

ഡല്‍ഹിയില്‍നിന്നാണു വിളിക്കുന്നതെന്നു പറഞ്ഞു സ്വയം പരിചയപ്പെടുത്തിയശേഷമായിരുന്നു സംഭാഷണം. വിശ്വാസ്യത ഉറപ്പുവരുത്താന്‍ തട്ടിപ്പുകാരന്‍ തന്റെ തിരിച്ചറിയല്‍ രേഖയും ആഡംബര കാറിന്റെ ചിത്രവും വാട്‌സാപ്പിലൂടെ അയച്ചു.

അക്കൗണ്ട് നമ്പര്‍ നല്‍കണമെന്നും റജിസ്‌ട്രേഷന്‍ ഫീസായി 16,500 രൂപ നല്‍കുകയും ചെയ്യണമെന്നു പറഞ്ഞതോടെ വീട്ടമ്മ അപകടം മണത്തു. തട്ടിപ്പിന്റെ സാധ്യത മനസിലാക്കി മറുചോദ്യങ്ങള്‍ ഉന്നയിച്ചതോടെ ഫോണ്‍ സംഭാഷണം അവസാനിപ്പിച്ച ‘ഹിന്ദിവാല’ വാട്‌സാപ്പില്‍ പങ്കുവച്ച ചിത്രങ്ങള്‍ പിന്നീടു ഡിലീറ്റ് ചെയ്യുകയും ചെയ്തു.