ജീവന് ഭീഷണിയുണ്ടെന്ന പരാതിയുമായി കന്യാസ്ത്രീയുടെ സഹോദരി: ബിഷപ്പിന്റെ അറസ്റ്റ് വേദനാജനകമെന്ന് കെസിബിസി

single-img
24 September 2018

തിരുവനന്തപുരം: ജലന്തര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന്റെ അറസ്റ്റ് വേദനാജനകമെന്ന് കേരള കാത്തലിക് ബിഷപ്‌സ് കൗണ്‍സില്‍ (കെസിബിസി). സംഭവത്തില്‍ ഖേദം പ്രകടിപ്പിക്കുന്നതായി മെത്രാന്‍ സമിതിയും നിലപാടറിയിച്ചു. തെറ്റുകള്‍ തിരുത്തുന്നതിനു ഫലപ്രദമായ നടപടികളുണ്ടാകും.

പരാതിക്കാരിക്കു സഭയില്‍ നിന്നു നീതി ലഭിച്ചില്ലെന്ന ആരോപണത്തില്‍ കഴമ്പില്ല. എന്നാല്‍ കന്യാസ്ത്രീകളുടെ വഴിവക്കിലെ സമരം സഭാനടപടികള്‍ക്കു വിരുദ്ധമാണെന്നും കെസിബിസി അറിയിച്ചു. സമരത്തില്‍ പങ്കെടുത്ത കന്യാസ്ത്രീകളും വൈദികരും സഭയുടെ താല്‍പര്യങ്ങള്‍ക്കും സന്യാസ നിയമങ്ങള്‍ക്കും എതിരാണ്.

സമരം സഭയുടെ ശത്രുക്കള്‍ക്ക് കത്തോലിക്കാ സഭയെയും അധികാരികളെയും ചടങ്ങുകളെയും പരസ്യമായി അവഹേളിക്കാന്‍ അവസരമുണ്ടാക്കിക്കൊടുത്തു. എന്തിന്റെ പേരില്‍ നടത്തിയ സമരമായാലും അംഗീകരിക്കാനാവില്ലെന്നും വാര്‍ത്താക്കുറിപ്പില്‍ പറയുന്നു.

ബിഷപ്പ് അറസ്റ്റിലായെങ്കിലും പരാതിക്കാരിയെ പിന്തുണയ്ക്കാനാവില്ലെന്ന നിലപാടാണ് കെസിബിസി എടുത്തിരിക്കുന്നത്. കുറ്റം തെളിയിക്കപ്പെട്ടാല്‍ മാത്രമേ ഇക്കാര്യത്തില്‍ നിലപാടെടുക്കാനാകൂ. കുറ്റം കോടതിയില്‍ തെളിയിക്കപ്പെടട്ടെ. നിരപരാധിയെങ്കില്‍ രക്ഷപ്പെടുകയും അപരാധിയെങ്കില്‍ ശിക്ഷിക്കപ്പെടുകയും ചെയ്യട്ടെ. ഒരു ബിഷപ്പിന് നേരെ ഉണ്ടായ ആരോപണത്തില്‍ മറ്റു വൈദികരെയും സഭയെയും ആക്രമിക്കുന്നത് ശരിയല്ലെന്നും കെസിബിസി പറയുന്നു.

അതിനിടെ ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ അറസ്റ്റിലായതിനു പിന്നാലെ തനിക്കും കുടുംബത്തിനുമെതിരെ ഭീഷണിയുണ്ടെന്നും ജീവനും സ്വത്തിനും സംരക്ഷണം നല്‍കണമെന്നും ആവശ്യപ്പെട്ട് കന്യാസ്ത്രീയുടെ സഹോദരി പരാതി നല്‍കി.

ഫ്രാങ്കോയുടെ അനുയായികള്‍ വധഭീഷണി ഉള്‍പ്പെടെ ഉയര്‍ത്തിയിട്ടുണ്ടെന്ന് വ്യക്തമാക്കി കാലടി സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ക്കാണ് പരാതി നല്‍കിയിട്ടുള്ളത്. ഫ്രാങ്കോയെ അറസ്റ്റു ചെയ്യാത്തതില്‍ പ്രതിഷേധിച്ച് എറണാകുളത്ത് നടന്ന സമരത്തില്‍ നിരാഹാരമിരുന്ന സ്ത്രീയാണ് പരാതിക്കാരി.

എന്ത് ഹീനകൃത്യവും നടത്താന്‍ മടിയില്ലാത്ത, പണവും രാഷ്ട്രീയ സ്വാധീനമുള്ള ഫ്രാങ്കോ മുളയ്ക്കലില്‍ നിന്നും ജീവനും സ്വത്തിനും ഭീഷണിയുണ്ടെന്നും പീഡനത്തിനിരയായ സഹോദരിയ്‌ക്കൊപ്പം നിന്നതിനാലാണ് ഫ്രാങ്കോയ്ക്കും അനുയായികളും കടുത്ത ശത്രുത പുലര്‍ത്തുന്നതെന്നും പരാതിയില്‍ പറയുന്നു.

ശത്രുതമൂലം ഫ്രാങ്കോയുടെ ആളുകള്‍ തന്റെ സഹോദരനെതിരെ കള്ളപ്പരാതി നല്‍കിയിട്ടുണ്ട്. ഫ്രങ്കോയുടെ അനുയായിയായ തോമസ് ചിറ്റൂപ്പറമ്പന്‍ എന്നയാള്‍ മകനെയും സഹോദരനെയും അപായപ്പെടുത്തുമെന്ന് തന്നെ ഭീഷണിപ്പെടുത്തിയിട്ടുണ്ട്. എറണാകുളത്ത് നിരാഹാരമിരുന്നപ്പോള്‍ ഉണ്ണി ചിറ്റൂപ്പറമ്പന്‍ എന്നയാള്‍ തന്റെ ചിത്രമെടുത്ത് കൊണ്ടുപോയിട്ടുണ്ടെന്നും പരാതിയില്‍ പറയുന്നു.