ധവാനും രോഹിതിനും സെഞ്ച്വറി; പാകിസ്താനെ ഒന്‍പത് വിക്കറ്റിന് തകര്‍ത്ത് ഇന്ത്യ ഫൈനലില്‍

single-img
24 September 2018

ഏഷ്യാകപ്പ് ക്രിക്കറ്റിലെ സൂപ്പര്‍ ഫോര്‍ പോരാട്ടത്തില്‍ ചിരവൈരികളായ പാക്കിസ്ഥാനെതിരെ ഇന്ത്യയ്ക്ക് ഒമ്പത് വിക്കറ്റിന്റെ ഏകപക്ഷീയ വിജയം. 238 റണ്‍സിന്റെ വിജയലക്ഷ്യം തേടിയിറങ്ങിയ ഇന്ത്യ ഓപ്പണര്‍മാരായ രോഹിത് ശര്‍മയും ശിഖര്‍ ധവാനും നേടിയ സെഞ്ച്വറികളുടെ കരുത്തിലാണ് 10 ഓവറോളം ബാക്കിയിരിക്കെ വിജയതീരത്തെത്തിയത്.

ശിഖര്‍ ധവാന്‍ 100 പന്തില്‍ 104 റണ്‍സ് നേടിയപ്പോള്‍ രോഹിത് ശര്‍മയും (119 പന്തില്‍ 111 റണ്‍സ്) അമ്പാട്ടി റായിഡുവും പുറത്താകാതെ നിന്നു. ഇതോടെ ഇന്ത്യ ഏഷ്യാകപ്പിന്റെ ഫൈനലിലെത്തി. ചൊവ്വാഴ്ച്ച അഫ്ഗാനിസ്ഥാനെതിരെയാണ് ഇന്ത്യയുടെ അടുത്ത സൂപ്പര്‍ ഫോര്‍ മത്സരം.

ആദ്യം ബാറ്റ് ചെയ്ത പാകിസ്താന്‍ നിശ്ചിത 50 ഓവറില്‍ നേടിയത് ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 237 റണ്‍സാണ്. 90 പന്തില്‍ നിന്ന് 78 റണ്‍സ് നേടിയ ഷുഐബ് മാലിക്കാണ് പാകിസ്താന്റെ ടോപ് സ്‌കോറര്‍. മൂന്ന് വിക്കറ്റിന് 58 റണ്‍സെന്ന നിലയിലായിരുന്ന പാകിസ്താനെ നാലാം വിക്കറ്റില്‍ ഷുഐബ് മാലിക്കും സര്‍ഫറാസ് അഹമ്മദും ചേര്‍ന്ന് കര കയറ്റുകയായിരുന്നു.

107 റണ്‍സ് കൂട്ടിച്ചേര്‍ത്ത ഈ കൂട്ടുകെട്ട് കുല്‍ദീപ് യാദവാണ് പൊളിച്ചത്. 66 പന്തില്‍ 44 റണ്‍സെടുത്ത സര്‍ഫറാസിനെ കുല്‍ദീപ്, രോഹിത് ശര്‍മ്മയുടെ കൈയിലെത്തിച്ചു. 44ാം ഓവറില്‍ ഷുഐബ് മാലിക്കിനെ ബുംറയും പുറത്താക്കി. പിന്നീട് അവസാന ഓവറുകളില്‍ പാകിസ്താനെ ഇന്ത്യ പിടിച്ചുകെട്ടി.

അവസാന ആറു ഓവറില്‍ 34 റണ്‍സാണ് പാകിസ്താന്‍ നേടിയത്. ഇതിനിടയില്‍ ആസിഫ് അലി (30), ശതാബ് ഖാന്‍ (10) എന്നിവരുടെ വിക്കറ്റും നഷ്ടമായി. നേരത്തെ ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത പാകിസ്താന് 24 റണ്‍സിനിടയില്‍ ഓപ്പണര്‍ ഇമാമുല്‍ ഹഖിനെ നഷ്ടമായി.

10 റണ്‍സായിരുന്നു ഇമാമിന്റെ സംഭാവന. ഫഖര്‍ സമാന്‍ 31 റണ്‍സിന് പുറത്തായപ്പോള്‍ ഒമ്ബത് റണ്‍സാണ് ബാബര്‍ അസം എടുത്തത്. ഇന്ത്യയ്ക്കുവേണ്ടി ചാഹലും കുല്‍ദീപ് യാദവും ജസ്പ്രീത് ബുംറയും രണ്ടു വിക്കറ്റ് വീതം വീഴ്ത്തി. ബാബര്‍ അസം റണ്ണൗട്ടാവുകയായിരുന്നു.

അതേസമയം സൂപ്പര്‍ ഫോറിലെ ആവേശകരമായ മറ്റൊരു പോരാട്ടത്തില്‍ അഫ്ഗാനിസ്താനെ ബംഗ്ലാദേശ് മൂന്നു റണ്‍സിന് തോല്‍പ്പിച്ചു. ആദ്യം ബാറ്റ് ചെയ്ത ബംഗ്ലാദേശ് ഏഴു വിക്കറ്റിന് 249 റണ്‍സ് നേടിയപ്പോള്‍, മറുപടിയായി 246 റണ്‍സ് നേടാനേ അഫ്ഗാനായുള്ളൂ. തുടര്‍ച്ചയായ രണ്ടാം മത്സരത്തിലും ജയത്തിനരികിലെത്തിയിട്ടും അഫ്ഗാന്‍ കീഴടങ്ങുകയായിരുന്നു.