രണ്ട് ഗോവന്‍ മന്ത്രിമാര്‍ രാജിവച്ചു; ബിജെപി സര്‍ക്കാരിനെ അട്ടിമറിക്കാന്‍ കോണ്‍ഗ്രസ് നീക്കം

single-img
24 September 2018

ഗോവയിലെ മനോഹര്‍ പരീക്കര്‍ മന്ത്രിസഭയിലെ രണ്ട് മന്ത്രിമാര്‍ രാജി വെച്ചതായി മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു. ബി.ജെ.പി മന്ത്രിമാരായ ഫ്രാന്‍സിസ് ഡിസൂസ, പാണ്ഡുരങ്ക് മാട്‌കൈക്കര്‍ എന്നിവരാണ് രാജിവെച്ചത്. ഇരുവരും അസുഖ ബാധിതരായി ചികിത്സയിലായിരുന്നു.

നഗര വികസന വകുപ്പ് മന്ത്രിയായ ഫ്രാന്‍സിസ് ഡിസൂസ അമേരിക്കയില്‍ ചികിത്സയിലാണ്. ഊര്‍ജ വകുപ്പ് മന്ത്രിയായ പാണ്ഡുരങ്ക് മാട്‌കൈക്കര്‍ ജൂണില്‍ മസ്തിഷ്‌കാഘാതം വന്നതിനെ തുടര്‍ന്ന് മുംബൈയിലും ചികിത്സയിലാണ്. ബി.ജെ.പി നിയമസഭംഗങ്ങളായ നിലേഷ് കബ്രാള്‍, മിലിന്ദ് നായിക്ക് എന്നിവര്‍ ഇവര്‍ക്ക് പകരം മന്ത്രിമാരാകും.

മുന്‍ ഊര്‍ജ വകുപ്പ് മന്ത്രി കൂടിയായ മിലിന്ദ് നായിക്ക് മോര്‍മുഗാവോ മണ്ഡലത്തെയാണ് പ്രതിനിധീകരിക്കുന്നത്. കുര്‍ച്ചോറെം നിയമ സഭാ മണ്ഡലത്തിലെ എം.എല്‍.എയാണ് നിലേഷ് കബ്രാള്‍. ന്യൂഡല്‍ഹിയിലെ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന മുഖ്യമന്ത്രി മനോഹര്‍ പരീക്കര്‍ തന്നെ മുഖ്യമന്ത്രിയായി തുടരുമെന്നും എന്നാല്‍ മന്ത്രിസഭയില്‍ മാറ്റമുണ്ടാകുമെന്നും ബി.ജെ.പി അദ്ധ്യക്ഷന്‍ അമിത്ഷാ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. ഇതിനെ തുടര്‍ന്നാണ് മന്ത്രിമാരുടെ രാജിയെന്നാണ് വിവരം.

കോണ്‍ഗ്രസ് ഗോവയില്‍ ബിജെപി സര്‍ക്കാരിനെ അട്ടിമറിച്ച് ഭരണം പിടിക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് മന്ത്രിസഭയില്‍ അഴിച്ചുപണിയുമായി പാര്‍ട്ടി നേതൃത്വം രംഗത്ത് വന്നിരിക്കുന്നത്. അതേസമയം റാഫല്‍ ഇടപാടുമായി ബന്ധപ്പെട്ട നിര്‍ണായക വിവരങ്ങള്‍ അറിയുന്നതിനാല്‍ പരീക്കറിനെ മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് നീക്കാന്‍ ബി.ജെ.പിക്ക് കഴിയില്ലെന്ന് ആരോപിച്ച് കോണ്‍ഗ്രസ് രംഗത്തെത്തിയിരുന്നു.

പരീക്കറെ മാറ്റിയാല്‍ അദ്ദേഹം ഈ വിവരങ്ങള്‍ ഉപയോഗിച്ച് ബ്ലാക്ക്‌മെയില്‍ ചെയ്‌തേക്കാമെന്ന ഭയമാണ് ബി.ജെ.പിക്കെന്നും കോണ്‍ഗ്രസ് ആരോപിച്ചു. പരീക്കര്‍ ചികിത്സക്കായി അമേരിക്കയിലേക്ക് പോയ ശേഷം മൂന്നംഗ അഡൈ്വസറി കമ്മിറ്റിയാണ് ഗോവയിലെ ഭരണകാര്യങ്ങള്‍ തീരുമാനിച്ചിരുന്നത്. പരീക്കറിന്റെ അഭാവത്തില്‍ സര്‍ക്കാര്‍ രൂപീകരിക്കാന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ട് 40 അംഗ നിയമസഭയിലെ ഏറ്റവും വലിയ ഒറ്റക്കക്ഷിയായ കോണ്‍ഗ്രസ് നേരത്തെ ഗവര്‍ണറെ കണ്ടിരുന്നു.